ad
Deshabhimani

സെൻസസ് ചോദ്യാവലി; എൻപിആർ നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ പുതിയ അജണ്ട

Census
വെബ് ഡെസ്ക്

Published on Aug 20, 2026, 04:29 PM | 1 min read

തിരുവനന്തപുരം : സെൻസസ് ചോദ്യാവലിയിൽ മാതാപിതാക്കളുടെ ജനനസ്ഥലവും മതവും ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തി എൻപിആർ അജണ്ട ഒളിച്ചുകടത്താൻ കേന്ദ്ര സർക്കാർ നീക്കം. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ രീതിയിൽ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നത്. സെൻസസിനൊപ്പം എൻപിആർ കൂടി ഉൾപ്പെടുത്താനാണ് കേന്ദ്രത്തിന്റെ ശ്രമം. എൻപിആറിലെ വിവരങ്ങളിൽ നിന്നാണ് എൻആർസി (ദേശീയ പൗരത്വ രജിസ്റ്റർ) ലിസ്റ്റ് തയ്യാറാക്കുന്നതെന്നും എൻപിആർ എന്നത് എൻആർസിയുടെ ആദ്യപടിയാണെന്നും 2018-19ലെ ആഭ്യന്തരവകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മാതാപിതാക്കളുടെ ജന്മസ്ഥലം, മതം തുടങ്ങിയ ചോദ്യങ്ങൾ സെൻസസിൽ ഉൾപ്പെടുത്തുന്നതിന്റെ യഥാർഥ ലക്ഷ്യം പകൽ പോലെ വ്യക്തമാണ്. ഒരു പ്രത്യേക ജനവിഭാ​ഗത്തെ ലക്ഷ്യം വെച്ചുകൊണ്ട് ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഇത്തരം ചോദ്യങ്ങൾ സെൻസസിൽ നിന്ന് അടിയന്തരമായി ഒഴിവാക്കേണ്ടതുണ്ട്.


സെൻസസുമായി ബന്ധപ്പെട്ട് രാജ്യത്തൊട്ടാകെ കടുത്ത വിമർശനങ്ങൾ ഉയർന്നു വന്നിട്ടും സംസ്ഥാനത്തെ യുഡിഎഫ് സർക്കാർ പുലർത്തുന്ന മൗനം കടുത്ത ആശങ്കയ്ക്കാണ് വഴിവെക്കുന്നത്. 2003ൽ വാജ്‌പേയ് സർക്കാരിന്റെ കാലത്ത് പൗരത്വ നിയമഭേദഗതിയിലൂടെയാണ് എൻആർസിയും എൻപിആറും നിലവിൽ വന്നത്. എന്നാൽ 2010ൽ അത് നടപ്പിലാക്കിയത് അന്ന് കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സർക്കാരാണ്. എൻആർസിയിലേക്ക് വഴിതുറക്കുന്ന എൻപിആർ, ഡിഎൻഎ പ്രൊഫൈലിംഗ് തുടങ്ങിയ നയങ്ങൾക്ക് തുടക്കമിട്ടത് കോൺഗ്രസായിരുന്നു. അതുകൊണ്ടുതന്നെ യുഡിഎഫ് ഈ വിഷയത്തിൽ ഇപ്പോൾ മൗനം പാലിക്കുന്നതെന്തെന്ന് വ്യക്തമാണ്.


കേരളത്തിൽ എൻപിആർ നടപടികൾ ഒന്നും തന്നെ നടപ്പിലാക്കില്ലെന്ന് എൽഡിഎഫ് സർക്കാർ 2019ൽ ഉത്തരവിലൂടെ തീരുമാനിച്ചതാണ്. 2027ൽ സെൻസസ് പുനരാരംഭിക്കുമ്പോൾ അതിന്റെ ഭാ​ഗമായി ഒരു കാരണവശാലും എൻപിആർ നടപടികൾ ഉണ്ടാവില്ലെന്നും എൽഡിഎഫ് സർക്കാർ ഉറപ്പു നൽകിയതാണ്. എന്നാൽ ഭരണമാറ്റത്തോടെ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കുന്ന രീതിയാണ് യുഡിഎഫ് സർക്കാർ പിന്തുടരുന്നത്. സെൻസസിൽ മാതാപിതാക്കളുടെ ജന്മസ്ഥലവും മതവും ഉൾപ്പെടുത്തി ഭിന്നിപ്പിക്കുന്ന കേന്ദ്ര നയത്തോടുള്ള മൗനത്തിലും ഇതേ വിധേയത്വം തന്നെയാണ് പ്രകടമാകുന്നത്. യുഡിഎഫ് സർക്കാരിന്റെ വിധേയത്വഭാവത്തിൽ ജാ​ഗ്രതപുലർത്തേണ്ടതുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home