പകൽസമയ സുരക്ഷയിൽ 99.9 ശതമാനം; ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന ദുബായുടെ സ്ഥാനം കൂടുതൽ ശക്തമായി

(Photo: Britannica)
ദുബായ്: പകൽസമയത്തെ സുരക്ഷയുടെ കാര്യത്തിൽ 99.9 ശതമാനം ജനവിശ്വാസം നേടി ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിലൊന്നെന്ന ദുബായുടെ സ്ഥാനം കൂടുതൽ ശക്തിപ്പെട്ടതായി ദുബായ് പൊലീസ് അറിയിച്ചു. ഫെഡറൽ കോംപറ്റിറ്റീവ്നസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് നടത്തിയ സെക്യൂരിറ്റി ക്വാളിറ്റി ഓഫ് ലൈഫ് സർവേയിലാണ് ഈ നേട്ടം രേഖപ്പെടുത്തിയത്.
ദേശീയ സെക്യൂരിറ്റി ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സിൽ ദുബായ് പൊലീസിന് ആകെ 98.2 ശതമാനം സ്കോർ ലഭിച്ചു. പൊതുജനങ്ങളുടെ സുരക്ഷാബോധം വിലയിരുത്തുന്ന പ്രധാന സൂചികകളിൽ ഒന്നായ പകൽസമയ സുരക്ഷയിലാണ് 99.9 ശതമാനം സ്കോർ നേടിയത്. രാത്രിയിൽ ഒറ്റയ്ക്ക് നടക്കുമ്പോൾ സുരക്ഷിതത്വം അനുഭവപ്പെടുന്നുവെന്ന് 98.7 ശതമാനം പേരും അഭിപ്രായപ്പെട്ടപ്പോൾ, പൊലീസ് സ്റ്റേഷനുകളോടുള്ള പൊതുജന വിശ്വാസം 96.2 ശതമാനമായി രേഖപ്പെടുത്തി.
2025-ലെ പ്രവർത്തന നേട്ടങ്ങളും ദുബായ് പൊലീസ് പുറത്തുവിട്ടു. വർഷത്തിനിടെ 21.8 കോടിയിലധികം ഡിജിറ്റൽ ഇടപാടുകൾ പൂർത്തിയാക്കിയതായും, സേവനങ്ങളുടെ ഡിജിറ്റൽ ഉപയോഗനിരക്ക് 97.7 ശതമാനത്തിലെത്തിയതായും അറിയിച്ചു. ഡിജിറ്റൽ സേവനങ്ങളോടുള്ള ഉപഭോക്തൃ സംതൃപ്തി 96.9 ശതമാനമാണ്.
അടിയന്തരവും സാധാരണവുമായ 69 ലക്ഷം കോളുകൾ കഴിഞ്ഞ വർഷം ദുബായ് പൊലീസ് കൈകാര്യം ചെയ്തു. സാങ്കേതികവിദ്യയും നവീകരണവും അടിസ്ഥാനമാക്കിയുള്ള പ്രവർത്തന മികവിന്റെ ഭാഗമായി ഫ്യൂച്ചർ റെഡിനസ് ആൻഡ് ഇന്നൊവേഷൻ ഇൻഡക്സിൽ 93.3 ശതമാനം സ്കോർ നേടുകയും ചെയ്തു. അതേസമയം, 2025-ൽ 12 അന്താരാഷ്ട്ര പുരസ്കാരങ്ങൾ ഉൾപ്പെടെ ആകെ 51 പുരസ്കാരങ്ങൾ ദുബായ് പൊലീസ് സ്വന്തമാക്കി. യു.എ.ഇ ഭരണനേതൃത്വത്തിന്റെയും ദുബായ് സർക്കാരിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും പിന്തുണയും പൊലീസ് ഉദ്യോഗസ്ഥരുടെ സമർപ്പണവുമാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെന്ന് ദുബായ് പൊലീസ് മേധാവി ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മറി പറഞ്ഞു.
ഈ വർഷം ആദ്യം അന്താരാഷ്ട്ര ബ്രാൻഡ് മൂല്യനിർണയ സ്ഥാപനമായ ബ്രാൻഡ് ഫിനാൻസ് ദുബായ് പൊലീസിനെ ലോകത്തിലെ ഏറ്റവും ശക്തമായ പൊലീസ് ബ്രാൻഡായി പ്രഖ്യാപിക്കുകയും പരമോന്നതമായ ട്രിപ്പിൾ എ പ്ലസ് (((AAA+))) ബ്രാൻഡ് സ്ട്രെങ്ത് റേറ്റിങ് നൽകുകയും ചെയ്തിരുന്നു. യുഎഇയുടെ ദേശീയ ബ്രാൻഡ് മൂല്യത്തിലേക്ക് 5790 കോടി ദിർഹത്തിന്റെ സംഭാവന ദുബായ് പൊലീസ് നൽകിയതായും റിപ്പോർട്ടിൽ വിലയിരുത്തിയിരുന്നു.











0 comments