കൊച്ചിയില്‍ പൊലീസ് ക്യാമ്പിൽ ഇരുന്ന് പരസ്യ മദ്യപാനം; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

പ്രതീകാത്മക ചിത്രം
കൊച്ചി: പൊലീസിൽ ക്യാമ്പിൽ ഇരുന്ന് പരസ്യമായി മദ്യപിച്ച് പൊലീസുകാർക്ക് സസ്പെൻഷൻ.കെഎപി ഒന്നാം ബറ്റാലിയനിലെ പൊലീസുകാരായ കെ യു അഭിലാഷ്, എൻ നവാസ്, എം വിഷ്ണു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഹിൽപ്പാലസ് പൊലീസ് ക്യാമ്പിലെ ബാരക്കിൽ ഇരുന്നായിരുന്നു മദ്യപാനം. വെള്ളിയാഴ്ച രാവിലെ 7.30-ഓടെ പൊലീസ് ഓഫീസർമാർ ബാരക്കുകളിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് ഇവർ പിടിയിലായത്.
മദ്യപിച്ചു തീരാറായ കുപ്പിയും ഗ്ലാസും പിടിച്ചെടുക്കുകയും ചെയ്തു. തുടർന്നായിരുന്നു നടപടി. ഇതിനിടെ മെഡിക്കൽ പരിശോധന നടത്താൻ കൊണ്ടുപോകുന്നതിനിടെ കെ യു അഭിലാഷ് കടന്നു കളഞ്ഞു. സമീപത്തുണ്ടായിരുന്ന പൊലീസുകാരെ തള്ളിയിട്ടാണ് സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ടത്. നവാസിനെയും വിഷ്ണുവിനെയും ഹിൽപ്പാലസ് സ്റ്റേഷനിൽ എത്തിച്ച് ബ്രെത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിക്കുകയും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തുകയും ചെയ്തു.
പരിശോധനയിൽ ഇരുവരും മദ്യപിച്ചിട്ടുള്ളതായി കണ്ടെത്തി. സസ്പെൻഷനിലായ പൊലീസുകാർക്കെതിരേ വിശദമായ അന്വേഷണം നടത്താൻ അസിസ്റ്റന്റ് കമൻഡാന്റിനെ ചുമതലപ്പെടുത്തി. സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പൊലീസുകാരനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.











0 comments