അയോധ്യ സംഭാവന തട്ടിപ്പ്: ദിവസവും മോഷ്ടിക്കപ്പെട്ടത് 6 മുതൽ 8 ലക്ഷം രൂപ വരെ

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ക്ഷേത്രത്തിലെ സംഭാവനകളിൽ നിന്ന് ദിവസവും 6 മുതൽ 8 ലക്ഷം രൂപ വരെ മോഷ്ടിക്കപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
തട്ടിപ്പ് വെളിച്ചത്തുവരുന്നതിന് മുമ്പ് രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകളിൽ ശരാശരി 16 മുതൽ 18 ലക്ഷം രൂപ വരെയാണ് ദിവസവും എത്തിയിരുന്നത്. എന്നാൽ കേസ് പുറത്തുവന്നതിന് ശേഷം ഇത് ദിവസവും 24 മുതൽ 26 ലക്ഷം രൂപയായി വർദ്ധിച്ചതായും ബാങ്ക് ഉദ്യോഗസ്ഥർ എസ്‌ഐടിയോട് വ്യക്തമാക്കി.
അന്വേഷണത്തിലെ പ്രധാന വിവരങ്ങൾ:ക്ഷേത്രത്തിലെ പണമിടപാടുകൾ പരിശോധിക്കുന്ന എസ്‌ബിഐ ജീവനക്കാരുടെ പങ്ക് അന്വേഷണ പരിധിയിലാണ്. വിരമിച്ച ബാങ്ക് ജീവനക്കാരനായ സുഭാഷ് ശ്രീവാസ്തവയാണ് പണം എണ്ണുന്ന പ്രക്രിയയ്ക്ക് നേതൃത്വം നൽകിയിരുന്നത്.
ആഭരണങ്ങളുടെ കണക്കുകൾ കൃത്യമായി സൂക്ഷിച്ചിരുന്നില്ല, ഇത് തട്ടിപ്പിന് എളുപ്പമാക്കി. ഫെബ്രുവരിയിലാണ് തട്ടിപ്പ് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. തട്ടിപ്പ് ശ്രദ്ധയിൽപ്പെടുത്തിയ ജീവനക്കാരനോട് ദൈവം കാണുന്നുണ്ട് എന്നും, അത് നിന്റെയോ എന്റെയോ വീട്ടിൽ നിന്നല്ലല്ലോ പോകുന്നത് എന്നും സുഭാഷ് ശ്രീവാസ്തവ മറുപടി നൽകിയതായി റിപ്പോർട്ടുകളുണ്ട്.
കേസിൽ ഇതുവരെ എട്ട് പേരെ എസ്‌ഐടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ്, ട്രസ്റ്റിമാരായ അനിൽ മിശ്ര, ഗോപാൽ റാവു എന്നിവരെ എസ്‌ഐടി രണ്ടാം തവണയും ചോദ്യം ചെയ്തു. ട്രസ്റ്റ് ഭാരവാഹികളുടെ ആസ്തി വർദ്ധനവ്, ഭൂമി വാങ്ങൽ, നിർമ്മാണത്തിലെ കമ്മീഷൻ ഇടപാടുകൾ എന്നിവയും അന്വേഷണത്തിന്റെ ഭാഗമാണ്.
അനധികൃതമായി പണം കൈപ്പറ്റിയതിന് പുറമെ, ബാങ്ക് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെക്കുറിച്ചും എസ്‌ഐടി ബാങ്ക് ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ട്. ട്രസ്റ്റിന്റെ ഓഡിറ്റ് റിപ്പോർട്ടുകളും സാമ്പത്തിക രേഖകളും ഹാജരാക്കാൻ അന്വേഷണ സംഘം നിർദ്ദേശിച്ചു.











0 comments