ad
Deshabhimani

ഗതാഗത തിരക്ക് കുറയ്ക്കൽ വികസന പദ്ധതിയുമായി ദുബായ്‌ ആർടിഎ

dubai rta
വെബ് ഡെസ്ക്

Published on Apr 30, 2026, 01:12 PM | 2 min read

ദുബായ്: നഗരത്തിലെ ഗതാഗതതിരക്ക് കുറയ്ക്കാനും റോഡ് ശേഷി വർധിപ്പിക്കാനുമായി വൻ പദ്ധതികൾ ആരംഭിച്ച് ദുബായ് ആർടിഎ. ഉംസുഖൈം തെരുവ്‌, അൽ വസൽ റോഡ്, അൽ സഫ തെരുവ്‌ എന്നിവിടങ്ങളെയും ജുമൈറ തെരുവിലെ ഏഴ് പ്രധാന ജങ്‌ഷനുകളെയും ഉൾപ്പെടുത്തിയാണ്‌ പദ്ധതി. വികസനപ്രവർത്തനങ്ങൾ നടപ്പാക്കാനായി ആർടിഎ കരാറും ഒപ്പുവച്ചു.


11 കിലോമീറ്റർ നീളത്തിൽ പാലങ്ങളും തുരങ്കങ്ങളും നിർമിക്കുന്നതോടൊപ്പം റോഡുകളുടെ വീതി വർധിപ്പിക്കൽ, നടപ്പാതകൾ മെച്ചപ്പെടുത്തൽ, സൈക്കിൾ ട്രാക്കുകൾ സൃഷ്ടിക്കൽ, പൊതുസൗകര്യങ്ങൾ വികസിപ്പിക്കൽ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. ജുമൈറ, ഉംസുഖൈം, അൽ സഫ, അൽ വസൽ എന്നിവ ഉൾപ്പെടുന്ന പ്രധാന താമസ-, വാണിജ്യ മേഖലകളിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയും തിരക്ക് കുറയ്ക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. 20 ലക്ഷത്തിലധികം ആളുകൾക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് ആർടിഎ അറിയിച്ചു.

ഉംസുഖൈം തെരുവിൽ ജുമൈറ തെരവിൽനിന്ന് അൽ ഖൈൽ റോഡുവരെ നവീകരണം നടത്തും. ഇരുവശങ്ങളിലും മണിക്കൂറിൽ 16,000 വാഹനങ്ങൾവരെ കൈകാര്യം ചെയ്യാനുള്ള ശേഷി ലഭ്യമാകുകയും യാത്രാസമയം 20 മിനിറ്റിൽനിന്ന് ആറുമിനിറ്റായി ചുരുങ്ങുകയും ചെയ്യും.


ആറ് ജങ്‌ഷനുകളുടെ നവീകരണം, നാല് പാലങ്ങൾ, രണ്ട് തുരങ്കങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. അൽ വസൽ റോഡിൽ ഉംസുഖൈം തെരുവിൽനിന്ന് സെക്കൻഡ് ഡിസംബർ തെരുവുവരെ 15 കിലോമീറ്റർ ദൂരത്തിൽ രണ്ടുവരിപ്പാത മൂന്നുവരിയാക്കും. വാഹനശേഷി മണിക്കൂറിൽ 8000 വാഹനങ്ങളിൽനിന്ന് 12,000 ആക്കി ഉയരും. യാത്രാസമയം പകുതിയായി കുറയുമെന്നാണ് പ്രതീക്ഷ. അഞ്ച്‌ പുതിയ തുരങ്കങ്ങളും നിർമിക്കും.

അൽ സഫ തെരുവിൽ റോഡ് ശേഷി 6000 വാഹനങ്ങളിൽനിന്ന് 12,000 ആയി ഇരട്ടിയാക്കും. യാത്രാസമയം 12 മിനിറ്റിൽനിന്ന് മൂന്നുമിനിറ്റായി കുറയും. രണ്ടുപാലങ്ങൾ, രണ്ട് തുരങ്കങ്ങൾ, ജങ്‌ഷൻ നവീകരണം, സൈക്കിൾ-–നടപ്പാത വികസനം എന്നിവയും ഉൾപ്പെടുന്നു. ജുമൈറ തെരുവിലെ ഏഴ് ജങ്‌ഷനുകളിൽ ഭൂതല നവീകരണം നടത്തി ഗതാഗത പ്രവാഹം മെച്ചപ്പെടുത്തും.


ദുബായുടെ ഗതാഗത അടിസ്ഥാനസൗകര്യം നവീകരിക്കുന്നതിന്റെ ഭാഗമാണ്‌ പദ്ധതി. നഗരത്തിലെ കണക്റ്റിവിറ്റി വർധിപ്പിച്ച് ദീർഘകാല സാമ്പത്തിക വളർച്ചയ്ക്ക് സഹായകരമാകുമെന്നും ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ വ്യക്തമാക്കി. മികച്ച ഗതാഗത സൗകര്യങ്ങൾ ഉൽപ്പാദനക്ഷമത ഉയർത്തുകയും ദുബായെ ആഗോള ബിസിനസ്, -നിക്ഷേപ കേന്ദ്രമായി കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home