അനധികൃത മാലിന്യം തള്ളൽ; 17 ടാങ്കർ പിടികൂടി ദുബായ് പൊലീസ്

ദുബായ് : മാലിന്യവും അപകടകരമായ വസ്തുക്കളും അനധികൃതമായി നിക്ഷേപിച്ചതിന് ഈ വർഷം ആറുമാസത്തിനിടെ 17 ടാങ്കർ പിടികൂടിയതായി ദുബായ് പൊലീസ്. സംഭവങ്ങളുമായി ബന്ധപ്പെട്ട് 18 പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. ദുബായ് മുനിസിപ്പാലിറ്റി, ദുബായ് പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന അതോറിറ്റി എന്നിവയുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടി സ്വീകരിച്ചതായും പൊലീസ് വ്യക്തമാക്കി.
മലിനജലം, പെട്രോകെമിക്കൽ മാലിന്യം ഉൾപ്പെടെയുള്ള അപകടകരമായ വസ്തുക്കൾ അധികൃതർ നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ മാത്രമേ നിക്ഷേപിക്കാവൂ. അംഗീകൃത നടപടിക്രമങ്ങൾ പാലിച്ചായിരിക്കണം ഇവയുടെ സംസ്കരണവും നീക്കവും. മാലിന്യനീക്കം നടത്തുന്ന സ്ഥാപനങ്ങളും ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തികളും നിലവിലുള്ള ചട്ടങ്ങളും അംഗീകൃത നടപടിക്രമങ്ങളും കർശനമായി പാലിക്കണമെന്നും ദുബായ് പൊലീസ് ആവശ്യപ്പെട്ടു.








0 comments