ആശുപത്രി നടത്തിപ്പുകാരൻ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു; അറസ്റ്റ്, രജിസ്ട്രേഷൻ റദ്ദാക്കി

പ്രതീകാത്മക ചിത്രം
ലഖ്നൗ: ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ രോഗി മരിച്ച സംഭവത്തിൽ ആശുപത്രി നടത്തിപ്പുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 24കാരനായ ഇന്ദ്രജീത് പ്രജാപതി എന്നയാളാണ് പിടിയിലായത്. സംഭവത്തിൽ, ആശുപത്രിയുടെ രജിസ്ട്രേഷൻ റദ്ദാക്കി. സീൽ ചെയ്യാൻ ആരോഗ്യവകുപ്പ് ശുപാർശ ചെയ്യുകയും ചെയ്തു. ആഗസ്ത് 19 നാണ് കേസിനാസ്പദമായ സംഭവം. ഗർഭപാത്രവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കായാണ് ലഖായിപുർ ഗ്രാമവാസിയായ സുമൻ എന്ന യുവതി ധനാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹ്റയ്യ ഗ്രാമത്തിലെ ഇന്ദ്ര എന്ന സ്വകാര്യ ആശുപത്രിയിലെത്തിയത്. ഡോക്ടർ എത്താത്തതിനെ തുടർന്ന് പ്രജാപതിയാണ് സുമന്റെ ശസ്ത്രക്രിയ നടത്തിയത്. പിന്നാലെ യുവതി മരിച്ചു.
പ്രജാപതിയായിരുന്നു ആശുപത്രിയുടെ ഇൻ ചാർജ്. ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കുമായി ഡോക്ടർമാരെ വിളിച്ചുവരുത്തുന്ന ജോലികളാണ് ഇയാൾ നടത്തി വന്നിരുന്നത്. പതിവു പോലെ സുമന്റെ ശസ്ത്രക്രിയ നിശ്ചയിച്ച ദിവസം ഡോക്ടർക്കായി ഏറെ നേരം കാത്തിരുന്ന് കാണാതായതോടെ പ്രജാപതി തന്നെ ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്നാണ് വിവരം. സർജറി കഴിഞ്ഞ അന്നേ ദിവസം രാത്രിയോടെ സുമന്റെ ആരോഗ്യനില വഷളായി. പിന്നാലെ യുവതി മരണത്തിന് കീഴടങ്ങി.
ശസ്ത്രക്രിയയ്ക്കിടെ തെറ്റായ ഞരമ്പ് മുറിച്ചതിനെ തുടർന്ന് വൃക്ക തകരാറിലായതാണ് സുമന്റെ മരണത്തിനിടയാക്കിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് സുമന്റെ കുടുംബം ധനാപൂർ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രജാപതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ബിഎസ്‍സി നഴ്‌സിങ് വിദ്യാർഥിയെന്നാണ് ഇന്ദ്രജീത് പ്രജാപതി അവകാശപ്പെടുന്നത്. എന്നാൽ വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാൻ യോഗ്യത നൽകുന്ന ബിരുദമോ ഡിപ്ലോമയോ ഒന്നും തന്നെ ഇയാൾക്കില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.








0 comments