കരിങ്കൊടി കാട്ടുന്നത് എങ്ങനെ പ്രതിഷേധമാകും; താൻ ഇറങ്ങിയതാണ് പ്രശ്നം: യുവമോർച്ചയെ വീണ്ടും ന്യായീകരിച്ച് കെ എം ഷാജി

തിരുവനന്തപുരം: യുവമോർച്ചാപ്രവർത്തകരുടെ പ്രതിഷേധത്തെ ന്യായീകരിച്ച് മന്ത്രി കെ എം ഷാജി. കരിങ്കൊടി കാട്ടുന്നത് എങ്ങനെ പ്രതിഷേധമാകുമെന്നും പൊലീസ് ഇറങ്ങരുതെന്ന് പറഞ്ഞിട്ടും താൻ പുറത്തിറങ്ങിയതാണ് പ്രശ്നമായതെന്നും കെ എം ഷാജി പറഞ്ഞു.
മന്ത്രിസഭായോഗം കഴിഞ്ഞ് മടങ്ങിയ വഴിയിൽ വച്ചാണ് മന്ത്രി യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. തുടർന്ന് മന്ത്രി വാഹനത്തിൽ നിന്നിറങ്ങി ഓട്ടോയിൽ കയറി. എന്നാൽ ഓട്ടോയും തടഞ്ഞതോടെ ഇറങ്ങി നടന്നു പോകുകയായിരുന്നു.
പ്രതിഷേധത്തെയും യുവമോർച്ച സമരത്തെയും ന്യായീകരിച്ച് നേരത്തെ തന്നെ അദ്ദേഹം രംഗത്ത് വന്നിരുന്നു. താൻ രാത്രി ഏറെ വൈകി ഓഫീസിൽ നിന്ന് ഇറങ്ങിയതുകൊണ്ടാണ് പ്രതിഷേധം ഉണ്ടായതെന്നും താൻ നേരത്തെ ഇറങ്ങിയിരുന്നെങ്കിൽ ഇങ്ങനെ ഉണ്ടാകില്ലായിരുന്നു എന്നുമുള്ള വിചിത്ര ന്യായീകരണമാണ് അന്ന് മന്ത്രി പറഞ്ഞത്.
ഇപ്പോൾ പൊലീസ് ഇറങ്ങരുതെന്ന് പറഞ്ഞിട്ടും താൻ പുറത്തിറങ്ങിയതുകൊണ്ടാണ് പ്രതിഷേധമുണ്ടായതെന്നാണ് മന്ത്രി പറയുന്നത്. വിഷയത്തിൽ യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്യരുതെന്നും കെ എം ഷാജി ആവശ്യപ്പെട്ടിട്ടുണ്ട്. യുവമോർച്ചയെ പിന്താങ്ങുന്ന തരത്തിലുള്ള പ്രസ്താവനകളിൽ യുഡിഎഫിലും മുസ്ലിം ലീഗിലും അതൃപ്തി തുടരുകയാണ്.








0 comments