ഓൺലൈൻ തട്ടിപ്പ് തടയൽ: പുതിയ ക്യാമ്പയിനുമായി ദുബായ് പൊലീസ്

ദുബായ്: ഓൺലൈൻ തട്ടിപ്പുകൾ തടയാനും പൊതുജന ബോധവൽക്കരണം ശക്തിപ്പെടുത്താനുമായി പുതിയ ക്യാമ്പയിന് തുടക്കമിട്ട് ദുബായ് പൊലീസ്. 40ൽ അധികം സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അതോറിറ്റിയുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ. ഫോൺ കോൾ, ഓൺലൈൻ പ്ലാറ്റ്‌ഫോം എന്നിവ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കലാണ് പ്രധാന ലക്ഷ്യം. പണമോ ബാങ്ക് വിവരങ്ങളോ കൈവശപ്പെടുത്താൻ തട്ടിപ്പുകാർ ഉപയോഗിക്കുന്ന തന്ത്രങ്ങളെക്കുറിച്ച് വിശദമായ അവബോധം നൽകുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
തട്ടിപ്പുകൾ എങ്ങനെ നടക്കുന്നു, ഏത് രീതിയിൽ റിപ്പോർട്ട് ചെയ്യാം എന്നീ കാര്യങ്ങളിൽ ജനങ്ങളുടെ അറിവ് വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജീവനക്കാരും കുടുംബങ്ങളും പൊതുസമൂഹവും ഉൾപ്പെടുന്ന വിധത്തിലാണ് ബോധവൽക്കരണ പ്രവർത്തനങ്ങൾ. അപരിചിതരായ ആളുകളോട് വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ പങ്കുവയ്ക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. സർക്കാർ സ്ഥാപനങ്ങളോ ബാങ്കുകളോ ഫോൺ വഴി ഇത്തരം വിവരങ്ങൾ ആവശ്യപ്പെടുകയില്ലെന്നും അധികൃതർ വ്യക്തമാക്കി.
പല തട്ടിപ്പുകളും സൂക്ഷ്മമായി ആസൂത്രണം ചെയ്തതും ജനങ്ങളുടെ അവബോധക്കുറവ് മുതലെടുക്കുന്നതുമാണ്. സംശയാസ്പദമായ തട്ടിപ്പുകൾ ദുബായ് പൊലീസ് ആപ്, 901 നമ്പർ, ഇ–ക്രൈം പ്ലാറ്റ്‌ഫോം, പൊലീസ് ഐ സേവനം എന്നിവ വഴി റിപ്പോർട്ട് ചെയ്യാനും നിർദേശിച്ചു. തട്ടിപ്പിന് ഇരയായെന്ന് സംശയിക്കുന്നവർ ഉടൻ ബാങ്കുമായി ബന്ധപ്പെട്ട് ഇടപാടുകൾ തടയുകയും പൊലീസിനെ അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.










0 comments