കൊല്ലം തുറമുഖം
വേണം, സംരക്ഷണാധികാരം

കൊല്ലം തുറമുഖം
കൊല്ലം
ചരക്ക് ഇറക്കാനും കയറ്റാനും കൊല്ലം തുറമുഖത്തിന് ചരക്കുകളുടെ സംരക്ഷണാധികാരം (കസ്റ്റോഡിയൻഷിപ്) വൈകാതെ ലഭിക്കുമെന്ന് സൂചന. ഇതിനുള്ള നടപടി നേരത്തെ സംസ്ഥാന മാരിടൈം ബോർഡ് തുടങ്ങിവച്ചിരുന്നു. കസ്റ്റംസ് ക്ലിയറൻസ് ലഭിക്കുന്നതുവരെ ചരക്കുകൾ സൂക്ഷിക്കാനുള്ള അധികാരം നിലവിൽ കൊല്ലം തുറമുഖത്തില്ല. സംരക്ഷണാധികാരം അനുവദിക്കാൻ ക്ലിയറൻസ് നൽകുന്നതിനുള്ള കസ്റ്റംസിന്റെ ഓൺലൈൻ സംവിധാനമായ ഇലക്ട്രോണിക് ഡേറ്റ ഇന്റർചേഞ്ച് (ഇഡിഐ) പ്രവർത്തിപ്പിക്കാനുള്ള അതിവേഗ സുരക്ഷിത ഇന്റർനെറ്റ് സൗകര്യം, ചരക്കുകളുടെ ഭാരമളക്കാനുള്ള വേ ബ്രിഡ്ജ്, കസ്റ്റംസ് ഉദ്യോഗസ്ഥർക്കുള്ള ക്യാബിൻ എന്നിവ സജ്ജമാക്കാൻ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. സുരക്ഷിത ഇന്റർനെറ്റിന് ബിഎസ്എൻഎല്ലിന് അപേക്ഷ നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്കുള്ള ക്യാബിൻ, ഹാർബർ എൻജിനിയറിങ് വകുപ്പും വേ ബ്രിഡ്ജ് കേരള മാരിടൈം ബോർഡിന്റെ മെക്കാനിക്കൽ വിഭാഗവും സജ്ജമാക്കി കസ്റ്റംസിന് റിപ്പോർട്ട് നൽകും. ഇതിനുശേഷം കസ്‌റ്റംസിന്റെ പരിശോധനയുണ്ടാകും. തുടർന്നാകും കസ്റ്റോഡിയൻഷിപ് അനുവദിക്കുക. അതിനിടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി കയറ്റിയയ്ക്കാനുള്ള ചരക്കുകകൾ കണ്ടെയ്നറുകളിൽ നിറച്ച് കസ്റ്റംസ് ക്ലിയറൻസ് വാങ്ങുന്ന കണ്ടെയ്നർ ഫ്രെയിറ്റ് സ്റ്റേഷൻ സജ്ജമാക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പുറമേ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ചില സ്വകാര്യ സംരംഭകരും രംഗത്തെത്തിയിട്ടുണ്ട്. അതിനാൽ എത്രയും വേഗം കൊല്ലം പോർട്ടിൽ കണ്ടെയ്നർ ഫ്രെയിറ്റ് സ്റ്റേഷൻ യാഥാർഥ്യമാകണം. സ്വകാര്യ ഏജൻസിയുമായി മാസങ്ങൾക്കു മുമ്പേ കരാർ ഒപ്പിട്ടെങ്കിലും കസ്റ്റംസ് കസ്റ്റോഡിയൻഷിപ് ഇല്ലാത്തതിനാലാണ് ഫ്രെയിറ്റ് സ്റ്റേഷൻ ആരംഭിക്കാത്തത്. ആദ്യം ലോറികളിൽ റോഡ് മാർഗമാകും വിഴിഞ്ഞത്തേക്ക് കണ്ടെയ്നറുകൾ കൊണ്ടുപോകുക. കണ്ടെയ്നറുകളുടെ എണ്ണം വർധിക്കുന്നതോടെ ബാർജിൽ കടൽ മാർഗം കൊണ്ടുപോകാനും ആലോചനയുണ്ട്. ശീതീകരണ സംവിധാനമുള്ള റീഫർ കണ്ടെയ്നറുകൾ സൂക്ഷിക്കാനുള്ള വൈദ്യുത സംവിധാനങ്ങൾ ഒരുക്കാൻ ഹാർബർ എൻജിനിയറിങ് വകുപ്പിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.









0 comments