മഴക്കെടുതിയില്‍ ബാധിതമായ വാഹനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ്; 720 എണ്ണം വിതരണം ചെയ്ത് ദുബായ് പൊലീസ്

ദുബായ്: കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ക്കായി ദുബായ് പൊലീസ് 720 “ടു ഹൂം ഇറ്റ് മേ കണ്‍സേണ്‍ (to whom it may concern- TWIMC)” സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. തിങ്കളാഴ്ച മുതല്‍ വാഹന ഉടമകള്‍ സമര്‍പ്പിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതെന്ന് അധികൃതര്‍ അറിയിച്ചു.
ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കില്‍ സ്മാര്‍ട്ട് അപ്ലിക്കേഷന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ നല്‍കിയതിന് ശേഷം, വാഹനത്തിന്റെ കേടുപാടുകള്‍ സ്ഥിരീകരിക്കുന്നതിനായി അടുത്ത പൊലീസ് സ്റ്റേഷനില്‍ വാഹനം പരിശോധനയ്ക്ക് ഹാജരാക്കണം. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് ഇലക്ട്രോണിക് രൂപത്തില്‍ നല്‍കും.
സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുവാന്‍ ദുബായ് പൊലീസ് വെബ്സൈറ്റ് അല്ലെങ്കില്‍ അപ്ലിക്കേഷന്‍ വഴി ‘സര്‍ട്ടിഫിക്കറ്റുകള്‍’ വിഭാഗത്തില്‍ പ്രവേശിച്ച് “TWIMC” സേവനം തിരഞ്ഞെടുക്കണം. തുടര്‍ന്ന് “പ്രകൃതിദുരന്തങ്ങള്‍” എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുകയും വാഹനത്തിന്റെ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുകയും വേണം. ഒരു പ്രവൃത്തി ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും.
നിലവിലെ കാലാവസ്ഥാ സാഹചര്യത്തില്‍ വാഹന ഉടമകള്‍ക്ക് നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിനും വേഗത്തില്‍ സേവനം ലഭ്യമാക്കുന്നതിനുമായാണ് സംവിധാനം ഒരുക്കിയതെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി.










0 comments