ആറുമാസത്തിനിടെ 4,870 അടിയന്തര രക്ഷാപ്രവർത്തനങ്ങൾ നടത്തി ദുബായ് പൊലീസ്

ദുബായ്: വർഷത്തിലെ ആദ്യ ആറുമാസത്തിനിടെ ദുബായ് പൊലീസിന്റെ രക്ഷാപ്രവർത്തക സംഘം എമിറേറ്റിലുടനീളം 4,870 അടിയന്തര സേവനവിളികൾക്ക് പ്രതികരിച്ചതായി അധികൃതർ അറിയിച്ചു. വിവിധ തരത്തിലുള്ള അപകടങ്ങളും പൊതുജനസഹായ അഭ്യർഥനകളും ഉൾപ്പെടുന്നതായിരുന്നു ഈ സേവനങ്ങൾ.
റോഡ് അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുക, അപകടത്തിൽപ്പെട്ടതോ തകരാറിലായതോ ആയ വാഹനങ്ങൾ മാറ്റുക, പൊതുജനങ്ങൾക്ക് അടിയന്തര സഹായം നൽകുക, ദുബായിൽ നടന്ന പ്രധാന പരിപാടികളിൽ സുരക്ഷാ പിന്തുണ ഉറപ്പാക്കുക എന്നിവയാണ് സംഘത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ. മണലിൽ കുടുങ്ങിയ വാഹനങ്ങൾ പുറത്തെടുക്കൽ, വാഹനങ്ങൾ, വീടുകൾ, ലിഫ്റ്റുകൾ എന്നിവയുടെ ലോക്ക് തുറക്കുന്നതിനുള്ള അടിയന്തര സഹായം എന്നിവയും സംഘം നിർവഹിച്ചു.
പ്രവർത്തനസജ്ജതയും പ്രതികരണ വേഗതയും വർധിപ്പിക്കുന്നതിനായി ഈ കാലയളവിൽ 72 അടിയന്തര പരിശീലന അഭ്യാസങ്ങളും സംഘടിപ്പിച്ചു. റോഡ് അപകടങ്ങൾ, അഗ്നിബാധ, വാഹനങ്ങളിൽ ആളുകൾ കുടുങ്ങുന്ന സാഹചര്യങ്ങൾ, ഉയരത്തിൽനിന്ന് വീഴുന്ന അപകടങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ സാഹചര്യങ്ങൾ പരിശീലനത്തിന്റെ ഭാഗമായി അനുകരിച്ച് രക്ഷാപ്രവർത്തനം നടത്തി.
ആധുനിക സാങ്കേതികവിദ്യ, പ്രത്യേക പരിശീലനം, അത്യാധുനിക ഉപകരണങ്ങൾ എന്നിവയിൽ തുടർച്ചയായി നിക്ഷേപം നടത്തി ദുബായ് പൊലീസിന്റെ അടിയന്തര പ്രതികരണ ശേഷി കൂടുതൽ ശക്തിപ്പെടുത്തുകയാണെന്നും ജീവനും സ്വത്തിനും മികച്ച സംരക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.









0 comments