റിയൽ എസ്റ്റേറ്റ് ഇടപാട് വേഗത്തിലാക്കൽ; പുതിയ ഡിജിറ്റൽ സംവിധാനവുമായി ദുബായ്

ദുബായ് : റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ രജിസ്ട്രേഷൻ നടപടി കൂടുതൽ വേഗത്തിലാക്കാൻ പുതിയ ഡിജിറ്റൽ സംവിധാനം അവതരിപ്പിച്ച് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ്. ഒഖൂദ് 2.0 (Oqood 2.0) എന്ന പേരിലുള്ള സംവിധാനം ഇടപാടിന് ആവശ്യമായ രേഖകൾ, വിവരങ്ങൾ, അപേക്ഷ, പരിശോധന, അനുമതി തുടങ്ങിയ നടപടികളെ ഏകോപിപ്പിച്ചാണ് പ്രവർത്തിക്കുക.
അപേക്ഷ സമർപ്പിക്കുംമുമ്പ് ഇടപാടിന് ആവശ്യമായ രേഖകളും നടപടിക്രമങ്ങളും മനസ്സിലാക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന സവിശേഷത. ഉപയോക്താവ് നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായ രേഖകളും നടപടികളും സംവിധാനം സ്വയം നിർണയിക്കും. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകളിൽനിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് അപേക്ഷയിലെ ചില വിവരങ്ങൾ സ്വമേധയ പൂരിപ്പിക്കാനും സൗകര്യമുണ്ട്. ഇതുവഴി ഒരേ വിവരങ്ങൾ ആവർത്തിച്ച് നൽകേണ്ട സാഹചര്യം ഒഴിവാക്കാനാകും.
അപേക്ഷ സമർപ്പിച്ചശേഷം അതിന്റെ പുരോഗതി ഓൺലൈനായി പരിശോധിക്കാനും കഴിയും. അപേക്ഷ പരിശോധനയിലാണോ, കൂടുതൽ വിവരങ്ങളോ രേഖകളോ ആവശ്യമുണ്ടോ, അനുമതി ലഭിച്ചോ തുടങ്ങിയ വിവരങ്ങൾ ഉപയോക്താവിന് നേരിട്ട് അറിയാനാകും. സർക്കാർ ജീവനക്കാർക്കും എല്ലാ അപേക്ഷകളുടെയും നിലവാരം ഒരിടത്തുനിന്ന് നിരീക്ഷിക്കാനും ആവശ്യമായ നടപടികൾ വേഗത്തിൽ സ്വീകരിക്കാനും പുതിയ സംവിധാനം സഹായിക്കും. അപേക്ഷയുടെ തുടക്കംമുതൽ അന്തിമ അനുമതിവരെയുള്ള ഓരോ ഘട്ടവും രേഖപ്പെടുത്തുന്നതിനാൽ നടപടികളിലെ സുതാര്യതയും വർധിക്കും.
ദുബായിലെ റിയൽ എസ്റ്റേറ്റ് സേവനങ്ങളെ കൂടുതൽ ഏകോപിതവും കാര്യക്ഷമവുമായ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ഒഖൂദ് 2.0 അവതരിപ്പിച്ചതെന്ന് ലാൻഡ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. ഉപയോക്താക്കളുടെയും വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ സംവിധാനം കൂടുതൽ വികസിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.









0 comments