കള്ളക്കഥകൾ പൊളിഞ്ഞു; കേരളത്തെ ഇരുട്ടിലാക്കിയത് യുഡിഎഫ് പാളിച്ച

തിരുവനന്തപുരം: എപ്പോൾ പോകും, വരും എന്നൊന്നും പറയാനാകില്ല, മുന്നറിയിപ്പില്ലാതെ വൈദ്യുതി നിയന്ത്രണം അർധരാത്രിവരെ നീട്ടിയതോടെ മലയാളിയുടെ ഉറക്കവും നഷ്ടമായി. യുഡിഎഫ് സർക്കാരിന്റെ ആസൂത്രണ പാളിച്ചയിൽ അടിച്ചേൽപ്പിക്കപ്പെട്ട ലോഡ്‌ഷെഡ്‌ഡിങ് പരിഹാരമില്ലാതെ തുടരുമ്പോഴും മഴയെയും വൈദ്യുതിയുടെ അധിക ഉപയോഗത്തെയും പഴിച്ച് രക്ഷപ്പെടാനാണ് സർക്കാരും മന്ത്രിയും ശ്രമിക്കുന്നത്.
നിലവിലെ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെ എത്തിച്ചത് സർക്കാരിന്റെ പിടിപ്പുകേട് തന്നെയാണ്. പീക്ക് സമയത്ത് വൈദ്യുതി ലഭ്യതയിൽ 800–900 മെഗാവാട്ട് കുറവുണ്ടാകുന്നതാണ് വൈദ്യുതി പ്രതിസന്ധിയുടെ ഒരു പ്രധാന കാരണം. എൽനിനോയും മഴക്കുറവും പ്രതിസന്ധി രൂക്ഷമാക്കി. സർക്കാരിന്റെ ആസൂത്രണ പാളിച്ച കൂടിയായതോടെ കനത്ത ചൂട് തുടരുന്നതിനിടെ രാത്രി വൈകിയും വൈദ്യുതി മുടങ്ങുന്നത് തുടർക്കഥയായി. വൈദ്യുതി പ്രതിസന്ധിയുടെ തുടക്കം ജൂൺ ആദ്യവരത്തിലായിരുന്നു. സർക്കാർ ഇടപെടേണ്ട ഈ നിർണായക സമയത്ത് നേതൃത്വം ഫലപ്രദമായി ഇടപെട്ടില്ല. കെപിസിസി പ്രസിഡന്റ് കൂടിയായ സണ്ണി ജോസഫ് വൈദ്യുതി മന്ത്രിയായിട്ടും, വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ അജണ്ടയായും മാറിയില്ല. കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിരമിക്കലിനുശേഷം ആവശ്യമായ തുടർച്ച ഉറപ്പാക്കാനും നിർണായക സമയത്തെ രാഷ്ട്രീയ ഇടപെടലിന്റെ അഭാവവും പ്രതിസന്ധി രൂക്ഷമാക്കി. വൈദ്യുതി ആവശ്യം മുൻകൂട്ടി കണക്കാക്കുന്നതിലാണ് സർക്കാരിന് ആദ്യം പിഴച്ചത്. മൺസൂൺ കാലത്തെ ആവശ്യം 4000–4100 മെഗാവാട്ട് ആയാണ് കണക്കാക്കിയത്. എൽനിനോ പോലുള്ള അസാധാരണ സാഹചര്യം മുൻകൂട്ടികണ്ടില്ല.
2017ലും 2023ലും പ്രതിസന്ധിയെ എല്‍ഡിഎഫ് നേരിട്ടു
2023ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വൈദ്യുതി പ്രതിസന്ധിയെ ഫലപ്രദമായാണ് നേരിട്ടത്. അന്നും എൽനിനോയും മഴക്കുറവും രൂക്ഷമായിരുന്നു. വൈദ്യുതി ഉപഭോഗവും ഉയർന്നു. എന്നിട്ടും കേരളം പവർകട്ടോ ലോഡ്‌ഷെഡ്‌ഡിങ്ങോ ഇല്ലാതെ പ്രതിസന്ധി മറികടന്നു. 2017ലും സമാന സാഹചര്യം സർക്കാർ നേരിട്ടു നേരിട്ടു.അന്നും വൈദ്യുതി നിയന്ത്രണങ്ങളില്ലാതെ മുന്നോട്ടുപോയി. മറ്റ് സംസ്ഥാനങ്ങളിലെ വൈദ്യുതി ലഭ്യത പരിശോധിച്ച്, മിച്ച വൈദ്യുതിയുള്ള സംസ്ഥാനങ്ങളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി വൈദ്യുതി വാങ്ങി. ആവശ്യമായപ്പോൾ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും നേരിട്ട് ഇടപെടുകയും ചെയ്തു.
6100 മെഗാവാട്ടും 4800 മെഗാവാട്ടും
കഴിഞ്ഞ ഏപ്രിലിൽ എൽഡിഎഫിന്റെ ഭരണകാലത്തിന്റെ അവസാനം 6100 മെഗാവാട്ട് വരെയുള്ള വൈദ്യുതി ആവശ്യം സർക്കാർ നിറവേറ്റി. അന്ന് പ്രതീക്ഷിച്ച പരമാവധി ആവശ്യം 5700 മെഗാവാട്ട് ആയിരുന്നു. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വൈദ്യുതി ഉപഭോഗം വർധിച്ചിട്ടും ഫലപ്രദമായ ഇടപെടലിലൂടെ പ്രതിസന്ധി ഒഴിവാക്കി. സ്വാപ്പിംഗ് കരാറുകൾ ഉൾപ്പെടെയുള്ള ഇടപെടലുകളിലൂടെയാണ് പ്രശ്നം പരിഹരിച്ചത്.
ഇപ്പോഴത്തെ ഡിമാൻഡ് 4800–4900 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് ആവശ്യം. എന്നിട്ടുപോലും ഈ ആവശ്യം നിറവേറ്റാൻ സർക്കാരിന് കഴിയുന്നില്ല. പീക്ക് സമയത്ത് വൈദ്യുതി ലഭ്യതയിലെ കുറവ് നികത്താൻ ലോഡ്‌ഷെഡ്‌ഡിങ് ഏർപ്പെടുത്തുകയാണ്. ഇപ്പോഴത്തെ പ്രതിദിന ആവശ്യം 85–86 ദശലക്ഷം യൂണിറ്റ് മാത്രമാണ്. കഴിഞ്ഞ ഏപ്രിലിൽ പ്രതിദിന ആവശ്യം 115–116 ദശലക്ഷം യൂണിറ്റ് ആയിരുന്നു. വൈദ്യുതിയുടെ ആവശ്യം കുറഞ്ഞിട്ടും പ്രതിസന്ധിയിലേക്ക് നയിച്ചത് സർക്കാർ ഇടപെടലിന്റെ അഭാവമാണ്.
465 മെഗാവാട്ട് ദീർഘകാല കരാർ
465 മെഗാവാട്ട് കരാർ റെഗുലേറ്ററി കമീഷൻ റദ്ദാക്കിയത് ഇപ്പോഴത്തെ പ്രതിസന്ധിയുടെ നേരിട്ടുള്ള കാരണമല്ല. 2023ലാണ് കരാർ സംബന്ധിച്ച റഗുലേറ്ററി കമീഷൻ ഉത്തരവ് വന്നത്. അതിനുശേഷം മൂന്ന് വർഷം കഴിഞ്ഞു. കരാർ തുടരാൻ എൽഡിഎഫ് സർക്കാർ സാധ്യമായ ഇടപെടലുകൾ നടത്തിയിരുന്നു. കരാർ ഉണ്ടായിരുന്നാലും അധിക ഉപഭോഗം മൂലമുള്ള മുഴുവൻ വിടവ് പരിഹരിക്കപ്പെടില്ലായിരുന്നു. കരാർ റദ്ദാക്കിയതിനെ പ്രതിസന്ധിയുടെ കാരണമെന്നോ പരിഹാരമെന്നോ കാണാനാകില്ല.
എൽഡിഎഫ് കരാർ റദ്ദാക്കിയോ?
യുഡിഎഫ് സർക്കാരിന്റെ പിടിപ്പുകേടിലുണ്ടായ വൈദ്യുതി പ്രതിസന്ധിയുടെ പഴി എൽഡിഎഫ് സർക്കാരിൽ ആരോപിച്ച് രക്ഷപെടാനാണ് ശ്രമം. ആര്യാടൻ മുഹമ്മദിന്റെ കാലത്തെ ദീർഘകാല വൈദ്യുതി കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയെന്ന കള്ളമാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ആവർത്തിച്ചത്.
വൈദ്യുതി കരാറുകൾക്ക് റഗുലേറ്ററി കമീഷന്റെ മുൻകൂർ അനുമതി അനിവാര്യമാണ്. ഇത്തരമൊരു കരാറിന് മുൻപ് റെഗുലേറ്ററി കമീഷന്റെ അനുമതി വാങ്ങേണ്ടതായിരുന്നു. യുഡിഎഫ് സർക്കാർ ആ അനുമതി വാങ്ങിയില്ല. റെഗുലേറ്ററി കമീഷന്റെ മുന്നിൽ വിഷയം സജീവമായി ഉണ്ടായിരുന്നു. കമീഷന്റെ അന്തിമ തീരുമാനം കരാർ റദ്ദാക്കാനായിരുന്നു. കരാർ റദ്ദാകാതിരിക്കാൻ ആകാവുന്ന നടപടികളെല്ലാം 2016ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ സ്വീകരിച്ചു. കമീഷൻ 765 മെഗാവാട്ടിൽ 300 മെഗാവാട്ട് മാത്രം ക്രമപ്രകാരമുള്ളതായി കണ്ടെത്തി. 465 മെഗാവാട്ട് ഉപയോഗിക്കാൻ കെഎസ്ഇബിക്ക് അനുമതി ലഭിച്ചെങ്കിലും കരാറിന് അന്തിമ അംഗീകാരം ലഭിച്ചില്ല. 2023ൽ റഗുലേറ്ററി കമീഷൻ വീണ്ടും കരാറിന് അനുമതി നിഷേധിച്ചു.പൊതുതാൽപര്യം കണക്കിലെടുത്ത് കരാർ പുനഃസ്ഥാപിക്കാൻ സംസ്ഥാന സർക്കാർ നയപരമായ നിർദ്ദേശം നൽകി. പിന്നീട് അപ്പീൽ ട്രിബ്യൂണൽ കരാർ പുനഃസ്ഥാപിച്ചതിനെതിരെ വിധിച്ചു. കെഎസ്ഇബിയും സർക്കാരും സുപ്രീംകോടതിയെ സമീപിച്ചു. എൽഡിഎഫ് ഒരു ദീർഘകാല കരാറും റദ്ദാക്കിയിട്ടില്ല എന്നതാണ് വസ്തുത.









0 comments