സംസ്‌കൃത സർവകലാശാല വി സിക്ക് തിരിച്ചടി; വ്യാജ പരാതിയിൽ കേസെടുത്ത എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

എറണാകുളം : കാലടി സംസ്കൃത സർവകലാശാലയിൽ പ്രതിഷേധിച്ചതിന് വി സി നൽകിയ കള്ളപ്പരാതിയിൽ കേസെടുത്ത എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം. തടഞ്ഞുവച്ച് ഉപദ്രവിച്ചെന്ന് ആരോപിച്ച് വി സി സിസ തോമസ് നൽകിയ പരാതിയിലാണ് 17 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്. എസ്എഫ്ഐ പ്രവർത്തകരുടെ അറസ്റ്റ് ഹെെക്കോടതി തടഞ്ഞിരുന്നു. വിശദമായ വാദത്തിനൊടുവിലാണ് ഇന്ന് 17 പേർക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. പി എസ് അർച്ചന, കെ വി അഭിജിത്, റിതിഷ, പി എം അശ്വന്ത്, എം അശ്രിത, ലിബിൻ മാത്യു, അനഘ വി നായർ, കെ ശ്യാംജിത്, ജിഷ്ണു സുരേഷ്, ഡോണ മരിയ, ടി അനശ്വര, കെ പി വിസ്മയ, ഐശ്വര്യ മാധവ്, ദേവിക പ്രദീപ്, അതുല്യ പി അജിത്കുമാർ, എം എസ് ശിവകുമാർ, മൊഹമ്മദ് മിത് ലജ് എന്നിവർക്കാണ് ജാമ്യം.
നിരവധി ആവശ്യങ്ങളുന്നയിച്ച് നാളുകളായി എസ്എഫ്ഐ സർവകലാശാലയിൽ സമരം ചെയ്യുകയാണ്. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതു തുടങ്ങി സർട്ടിഫിക്കറ്റ് വിതരണത്തിലെ പ്രശ്നങ്ങൾ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങളിൽ തീരുമാനമാകാത്തതിനാൽ സമരം തുടരുകയാണ്. സർവകലാശാലയിലെ കെടുകാര്യസ്ഥതയ്ക്കും ഭരണപരമായ വീഴ്ചകൾക്കുമെതിരെ ആഗസ്‌ത് 13ന് എസ്എഫ്ഐ നടത്തിയ സമരത്തെ തുടർന്നാണ് വിസി വ്യാജപരാതി നൽകി കേസെടുപ്പിച്ചത്. വിസിയുടെ പ്രതീകാത്മക ശവസംസ്കാരം നടത്തിയെന്നും സിൻഡിക്കറ്റ് യോഗം കഴിഞ്ഞ് മടങ്ങിയ തന്നെയും ജീവനക്കാരെയും തടഞ്ഞുവച്ചെന്നും ഉപദ്രവിച്ചെന്നുമായിരുന്നു പരാതി. ആഭ്യന്തര മന്ത്രിയെയും ഗവർണറെയും സമീപിച്ചതിനുപിന്നാലെയാണ് രണ്ടാമത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഒരു കേസിൽ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ വിദ്യാർഥികൾ കോടതിയിൽ ചോദ്യം ചെയ്തു. പ്രതിഷേധ സമരത്തിന്റെ വീഡിയോ ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കി. സർവകലാശാലയിലെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കണമെന്നും ഒഴിവുകൾ നികത്തണമെന്നും ആവശ്യപ്പെട്ട് സമാധാനപരമായാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും ഇതിനെതിരെ പ്രതികാരബുദ്ധിയോടെ വിസി നൽകിയ കള്ളപ്പരാതിയിൽ കേസ് ചുമത്തുകയായിരുന്നുവെന്നും ഹർജിക്കാർ വാദിച്ചു. തിയറ്റർ ഡിപ്പാർട്‌മെന്റിലെ ലൈറ്റുകൾ പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് ലൈറ്റുകളുടെ പ്രതീകാത്മക ശവസംസ്കാരമാണ് നടത്തിയതെന്നും വിശദീകരിച്ചു. ഇതിന്റെ ചിത്രങ്ങളും ഹാജരാക്കി. ആദ്യ എഫ്‌ഐആർ ഇട്ടശേഷം, വിസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് ദിവസത്തിനുശേഷമാണ് ഗുരുതരവകുപ്പുകൾ ചുമത്തി രണ്ടാമത്തെ എഫ്ഐആർ എടുത്തതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇതോടെയാണ് സിസ തോമസിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞത്. പിന്നാലെ കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു.









0 comments