ദുബായ് ബസ് ഓൺ ഡിമാൻഡ് കൂടുതൽ മേഖലയിലേക്ക്

ദുബായ് : ബസ് ഓൺ ഡിമാൻഡ് സേവനം മൂന്ന് പുതിയ മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കുന്നതായി ദുബായ് ആർടിഎ. അൽ സത്‌വ, അൽ ഖൂസ്, മിർദിഫ് എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ മേഖല. ഇതോടെ സേവനം ലഭ്യമാകുന്ന പ്രദേശങ്ങളുടെ എണ്ണം 20 ആയി. പൊതുഗതാഗത സൗകര്യം കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
മൊബൈൽ ആപ്ലിക്കേഷൻ മുഖേന ബുക്ക് ചെയ്യാവുന്ന സേവനം താമസമേഖലകളെ സമീപത്തെ മെട്രോ, ബസ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത ശൃംഖലയുമായി ബന്ധിപ്പിക്കും. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നോൾ കാർഡ് എന്നിവ ഉപയോഗിച്ച് യാത്രാക്കൂലി അടയ്ക്കാനും സൗകര്യമുണ്ട്. കുറഞ്ഞ ചെലവിൽ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനൊപ്പം യാത്രക്കാരുടെ ആവശ്യാനുസരണം സർവീസ് ലഭ്യമാക്കുന്നതും പ്രത്യേകതയാണ്.
ഈ വർഷത്തിന്റെ ആദ്യ ആറുമാസത്തിനിടെ 5.27 ലക്ഷത്തിലധികം പേർ "ബസ് ഓൺ ഡിമാൻഡ്' സേവനം ഉപയോഗിച്ചതായി ആർടിഎ അറിയിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ വർധന. ജൂണിൽമാത്രം ഏകദേശം 1.06 ലക്ഷം യാത്രക്കാരാണ് സേവനം പ്രയോജനപ്പെടുത്തിയത്. സേവനമേഖല 54 ശതമാനം വർധിപ്പിക്കുകയും സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം 55 ആയി ഉയർത്തുകയും ചെയ-്‌തതോടെയാണ് യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതെന്ന് ആർടിഎ വ്യക്തമാക്കി.









0 comments