സവർക്കർ സ്തുതിയില്‍ തടിയൂരാൻ സർക്കാർ; അധ്യാപകന് സസ്പെൻഷൻ

തിരുവനന്തപുരം: പ്രൈമറി സ്‌കൂളുകളിലെ വിദ്യാർഥികളുടെ ക്വിസ് മത്സരത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ ചോദ്യാവലിയിൽ ഹിന്ദുത്വ തീവ്രവാദി വി ഡി സവർക്കറെ പുകഴ്ത്തി ചോദ്യോത്തരം നൽകിയ സംഭവത്തിൽ അധ്യാപകന് സസ്പെൻഷൻ. കുമ്പള ഉപജില്ലയിലെ എയുപിഎസ് പള്ളത്തടുക്കയിലെ അധ്യാപകനായ ഗുരു പ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്.
മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിൽ സാമൂഹ്യ ശാസ്‌ത്ര ക്ലബ് നടത്തിയ മത്സരത്തിലാണ് ചോദ്യം ഉൾപ്പെടുത്തിയത്. ബ്രിട്ടീഷുകാരുടെ കൈയിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്ന ചോദ്യത്തിനാണ് ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത് രാജ്യത്തെ ഒറ്റിയ സവർക്കറെ ഉത്തരമായി നൽകിയത്.
എൽപി വിദ്യാർഥികൾക്കായുള്ള ഫ്രീഡം ക്വിസിന്റെ ചോദ്യാവലിയിലാണ് ഇത് ഉൾപ്പെട്ടത്. മൂന്ന് ഉപജില്ലകളിലെയും സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ ചുമതലയുള്ള അധ്യാപകർചേർന്നാണ് ചോദ്യാവലി തയ്യാറാക്കിയത്. ക്വിസ്മത്സരത്തിന്റെ സമനില മറികടക്കാൻ തയ്യാറാക്കിയ അഞ്ച് ചോദ്യങ്ങളിൽ അവസാനത്തേതിലാണ് പുകഴ്ത്തൽ.
സവർക്കറെ പുകഴ്ത്തി ചോദ്യോത്തരം നൽകിയ സംഭവത്തിൽ മന്ത്രി എൻ ഷംസുദ്ദീനും കൃത്യമായ മറുപടിയില്ലായിരുന്നു. സംഭവം വിവാദമുണ്ടായ സാഹചര്യത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയെന്നാണ് മന്ത്രി പറഞ്ഞത്.










0 comments