മഴവെള്ള നിർമാർജനം: ദുബായിൽ 300 കോടി ദിർഹത്തിന്റെ പദ്ധതികൾ

ദുബായ് : നഗരത്തിലെ മഴവെള്ള നിർമാർജന ശൃംഖല വിപുലീകരിക്കുന്ന തസ്രീഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് കരാർ നൽകിയതായി ദുബായ് മുനിസിപ്പാലിറ്റി. 300 കോടി ദിർഹമിന്റെ നാല് പദ്ധതികൾക്കാണ് കരാർ നൽകിയത്. മഴവെള്ളം ഒഴുക്കിക്കളയാൻ 100 കിലോമീറ്ററോളം പ്രധാന പൈപ്പുകൾ നിർമിക്കുകയും നിലവിലുള്ള ശൃംഖല വിപുലീകരിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
പരമാവധി മൂന്ന് മീറ്റർ വ്യാസമുള്ള പൈപ്പുകളാണ് സ്ഥാപിക്കുക. ജുമൈറ, ഉമ്മു സുഖൈം, അൽ സഫ, അൽ മനാറ, അൽ ഖൂസ്, അൽ ബർഷ, അൽ വസൽ, സഅബീൽ, അൽ ബദ, അൽ സത്വ, അൽ മർമൂം തുടങ്ങിയ മേഖലകളെ പ്രധാന മഴവെള്ള നിർമാർജന ശൃംഖലയുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതികൾ. സാമ്പത്തിക, വാണിജ്യ, വ്യാവസായിക, വിനോദസഞ്ചാര മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങൾ ഇതിലൂടെ മെച്ചപ്പെടും.
മേഖലയിലെ ഏറ്റവും വലിയ സംയോജിത മഴവെള്ള ശേഖരണ പദ്ധതികളിലൊന്നായ തസ്രീഫിന് ആകെ 3000 കോടി ദിർഹമാണ് ചെലവ് കണക്കാക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ മഴവെള്ള നിർമാർജന ശേഷി ഏഴിരട്ടിയായി ഉയരും. പമ്പിങ് സ്റ്റേഷനുകളുടെ നിർമാണം, പ്രവർത്തനം, അറ്റകുറ്റപ്പണി എന്നിവയുമായി ബന്ധപ്പെട്ട ചെലവിൽ 20 ശതമാനം കുറവുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാനുള്ള ദുബായുടെ സജ്ജീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം ശൃംഖലയുടെ പ്രവർത്തനകാലാവധിയും വർധിപ്പിക്കും. ദുബായ് 2040 നഗര വികസന പദ്ധതിയുടെയും യുഎഇയുടെ 2050-ഓടെ കാർബൺ പുറന്തള്ളൽ പൂജ്യത്തിലെത്തിക്കാനുള്ള ലക്ഷ്യത്തിന്റെയും ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.








0 comments