ദുബായിൽ 15,000 തൊഴിലവസരം, കുറഞ്ഞ ചെലവിൽ സ്കൂളുകൾ; സമഗ്രവികസന പദ്ധതിയ്ക്ക് അംഗീകാരം

Image: Gemini AI
ദുബായ്: നഗരവാസികളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്ന സമഗ്രവികസന പദ്ധതികൾക്ക് ദുബായിൽ അംഗീകാരം. 15,000 തൊഴിലവസരം സൃഷ്‌ടിക്കുക, കുറഞ്ഞ ചെലവിൽ നിലവാരമുള്ള വിദ്യാഭ്യാസം ഒരുക്കുക, രോഗം നേരത്തേ കണ്ടെത്തുക, ഹരിതവൽക്കരണം എന്നിവ ഉൾപ്പെടുന്ന പദ്ധതികൾക്കാണ് ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകിയത്.
പൊതുപാർക്കും ഹരിതവൽക്കരണതന്ത്രവും ഉൾപ്പെടുത്തി 800-ൽ അധികം പദ്ധതികളാണ് അംഗീകരിച്ചത്. 310 പുതിയ പാർക്കുകൾ, നിലവിലുള്ള 322 പാർക്കുകളുടെ നവീകരണം, 120 തുറസ്സായ പൊതുസ്ഥലങ്ങൾ, 70-ൽ അധികം റോഡ് സൈഡ് ഹരിതമേഖലകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. 2040ഓടെ വർഷത്തിൽ 9.5 കോടി സന്ദർശകരെ ലക്ഷ്യമിട്ട് ദുബായ് പാർക്കിലെ മരങ്ങളുടെ എണ്ണം മൂന്നിരട്ടിയാക്കും. 187 ചതുരശ്ര കിലോമീറ്റർ ഹരിതമേഖല വികസിപ്പിക്കുകയും ചെയ്യും. എല്ലാ ജലസേചനത്തിനും 100 ശതമാനം പുനരുപയോഗജലം ഉപയോഗിക്കാനാണ് ലക്ഷ്യം.
ദുബായെ ആഗോള വ്യോമയാന തലസ്ഥാനമായി നിലനിർത്താൻ ലക്ഷ്യമിട്ടാണ് ഏവിയേഷൻ ടാലന്റ് 33 സംരംഭം നടപ്പാക്കും. ഇതിലൂടെ 15,000 പുതിയ തൊഴിലവസരവും 4000 പരിശീലന, നൈപുണ്യ വികസന അവസരവും ലഭ്യമാക്കും. 30ൽ അധികം വ്യോമയാന കമ്പനികളുമായി തന്ത്രപ്രധാന പങ്കാളിത്തം സ്ഥാപിക്കാനും പദ്ധതിയുണ്ട്. 2033ഓടെ 60 പുതിയ സ്കൂൾ ആരംഭിച്ച് ഏകദേശം 1.2 ലക്ഷം പുതിയ സീറ്റ് കൂട്ടിച്ചേർക്കുകയെന്നതാണ് മറ്റൊന്ന്. ഭൂമിയുടെ പാട്ടച്ചെലവ് കുറയ്ക്കൽ, സർക്കാർ ഫീസ് ഇളവുകൾ ഉൾപ്പെടെ നിക്ഷേപകർക്ക് പ്രോത്സാഹനങ്ങൾ നൽകും.
കായികമേഖല തന്ത്രം 2033 വഴി ദുബായെ ലോകത്തിലെ മുൻനിര കായികകേന്ദ്രമാക്കുകയാണ് ലക്ഷ്യം. 19 പ്രോഗ്രാമുകളും 75 നടപടികളും ഉൾപ്പെടുന്ന പദ്ധതി യുവതയെ കൂടുതൽ കായികരംഗത്തിലേക്ക് ആകർഷിക്കും. വ്യാപാരികളുടെയും സ്ഥാപനങ്ങളുടെയും കടബാധ്യത തീർപ്പാക്കാനും നിക്ഷേപകരുടെ അവകാശം സംരക്ഷിക്കാനും സഹായിക്കുന്ന സാമ്പത്തിക പുനർനിർമാണ, പരിഹാര കോടതി സ്ഥാപിക്കും. രോഗം പ്രാരംഭത്തിൽ കണ്ടെത്തി ആരോഗ്യ സംരക്ഷണത്തിനുള്ള പദ്ധതി പൗരന്മാർക്കായി വിപുലീകരിക്കും.
കോളൻ കാൻസർ നേരത്തെ കണ്ടെത്തൽ 40 ശതമാനം വർധിപ്പിക്കുക, വാക്‌സിനേഷൻ സേവനങ്ങൾ 50 ശതമാനം ഉയർത്തുക, രോഗി സംതൃപ്തി 90 ശതമാനം എത്തിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. യുഎഇ സർക്കാർ വാർഷിക യോഗത്തിലാണ് തീരുമാനം. ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിന് ദുബായ് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷനായി. രണ്ടാമത്തെ ഉപഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.









0 comments