കുവൈത്തിലെ ദോഹ വെസ്റ്റ് നിലയത്തിൽ ഡ്രോൺ അവശിഷ്ടങ്ങൾ

കുവൈത്ത് സിറ്റി: കുവൈത്തിലെ ദോഹ വെസ്റ്റ് പവർ ആൻഡ് വാട്ടർ ഡിസ്റ്റിലേഷൻ സ്റ്റേഷനിലെ ഇന്ധന ടാങ്കുകളിൽ ഒന്നിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് എഞ്ചിനീയർ ഫാത്മ അബ്ബാസ് ജവഹർ ഹയാത്ത് അറിയിച്ചു. കേന്ദ്രത്തെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോൺ ആക്രമണം ചെറുക്കുന്നതിനിടെയാണ് അവശിഷ്ടങ്ങൾ ടാങ്കിൽ പതിച്ചതെന്ന് അവർ വ്യക്തമാക്കി.
തുടർന്ന് ഉണ്ടായ തീപിടിത്തം അതിവേഗ ഇടപെടലിലൂടെ നിയന്ത്രണവിധേയമാക്കിയതായി മന്ത്രാലയം അറിയിച്ചു. നിലയത്തിലെ എല്ലാ യൂണിറ്റുകളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സമഗ്ര സാങ്കേതിക പരിശോധനയും വിശദമായ വിലയിരുത്തലും പുരോഗമിക്കുകയാണെന്നും വക്താവ് കൂട്ടിച്ചേർത്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ചെറിയ നാശനഷ്ടങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും അധികൃതർ സ്ഥിരീകരിച്ചു. രാജ്യത്തെ വൈദ്യുതി-ജല വിതരണത്തിൽ യാതൊരു തടസ്സവും ഉണ്ടായിട്ടില്ലെന്നുമാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
വൈദ്യുതി- ജല വിതരണം തടസ്സമില്ല; സംഭവസ്ഥലം സന്ദർശിച്ച് മന്ത്രി
കുവൈത്ത് സിറ്റി: ഡ്രോൺ തടയൽ നടപടിക്കിടെ പതിച്ച അവശിഷ്ടങ്ങളുമായി ബന്ധപ്പെട്ട സംഭവത്തെ തുടർന്ന് ദോഹ വെസ്റ്റ് വൈദ്യുതി-ജല ഉത്പാദന നിലയം പൊതുമരാമത്ത് മന്ത്രിയും വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയുമായ ഡോ. നൂറ അൽ മഷാൻ സന്ദർശിച്ചു. രാജ്യത്തുടനീളം വൈദ്യുതി-ജല വിതരണം സാധാരണ നിലയിൽ തുടരുകയാണെന്നും യാതൊരു തടസ്സവും ഉണ്ടായിട്ടില്ലെന്നും മന്ത്രി ഉറപ്പുനൽകി.
അണ്ടർസെക്രട്ടറി ഡോ. ആദിൽ അൽ സമീൽ, പവർ സ്റ്റേഷനുകളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എൻജിനീയർ ഹൈതം അൽ അലി എന്നിവരുടെ സാന്നിധ്യത്തിൽ മന്ത്രി സംഭവത്തിന്റെ വിശദാംശങ്ങളും സ്വീകരിച്ച സാങ്കേതിക നടപടികളും വിലയിരുത്തി. ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്ന് ഇന്ധന ടാങ്കുകളിൽ ഒന്നിൽ പരിമിതമായ തീപിടുത്തമുണ്ടായതായി ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് അടിയന്തര പദ്ധതി ഉടൻ സജീവമാക്കിയതും സ്ഥിതി വേഗത്തിൽ നിയന്ത്രണവിധേയമാക്കിയതുമാണെന്ന് അവർ അറിയിച്ചു.

സുരക്ഷാ, സുരക്ഷിതത്വ, സാങ്കേതിക സംഘങ്ങളുടെ ത്വരിത ഇടപെടലാണ് പരിക്കുകളില്ലാതെ സാഹചര്യം നിയന്ത്രിക്കാൻ സഹായിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ചെറിയ ഭൗതിക നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായതെന്നും അവർ കൂട്ടിച്ചേർത്തു. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്ത സംഘങ്ങളുടെ പ്രവർത്തനം മന്ത്രി അഭിനന്ദിച്ചു. രാജ്യത്തുടനീളം വൈദ്യുതി-ജല വിതരണ സംവിധാനം സ്ഥിരതയോടെയും കാര്യക്ഷമമായും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും എല്ലാ യൂണിറ്റുകളും ഉപകരണങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ സാങ്കേതിക പരിശോധനകളും വിലയിരുത്തലുകളും തുടരുന്നതായും മന്ത്രി അറിയിച്ചു.
മന്ത്രാലയത്തിലെ എല്ലാ വിഭാഗങ്ങളും മേലധികാരികളുടെ നിർദേശങ്ങൾ അനുസരിച്ച് പരമാവധി ജാഗ്രതയിൽ തുടരുന്നുവെന്നും രാജ്യത്തിന്റെ സുരക്ഷയും സേവനങ്ങളുടെ സ്ഥിരതയും ഉറപ്പാക്കുന്നതിൽ സർക്കാർ പൂർണ്ണ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നതായും മന്ത്രി വ്യക്തമാക്കി.









0 comments