ad
Deshabhimani

യുഎഇ ആണവനിലയത്തിനുനേരെ ഡ്രോണ്‍ ആക്രമണം; അണുവികിരണ ഭീഷണിയില്ലെന്ന് അധികൃതര്‍

Barakah nuclear plant

ബറാക്ക ആണവോർജ നിലയം. photo credit: AFP

avatar
അനസ് യാസിന്‍

Published on May 17, 2026, 11:15 PM | 1 min read

മനാമ/ദുബായ്‌ : യുഎഇ തലസ്ഥാനം അബുദാബിയിലെ അല്‍ ദഫ്ര മേഖലയിലുള്ള ബറാക്ക ആണവോര്‍ജ നിലയത്തിനുനേരെ ഡ്രോണ്‍ ആക്രമണം. ഞായർ രാവിലെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ആണവനിലയത്തിന്റെ ആഭ്യന്തര പരിധിക്കുപുറത്തുള്ള ഇലക്‌ട്രിക്കല്‍ ജനറേറ്ററിന് തീപിടിച്ചു. സുരക്ഷാ വിഭാഗം ഉടന്‍ സ്ഥലത്തെത്തി സ്ഥിതിഗതി നിയന്ത്രണവിധേയമാക്കി, തീ അണച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ആണവനിലയത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് ഭീഷണിയൊന്നും ഉയര്‍ന്നിട്ടില്ലെന്നും അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.


ന്യൂക്ലിയര്‍ റെഗുലേഷന്‍ അതോറിറ്റി നിലയത്തിന്റെ സുരക്ഷ ഉറപ്പുവരുത്തി. എല്ലാ സുരക്ഷാ സംവിധാനങ്ങളും സജ്ജമാണ്‌. നിലയത്തിലെ എല്ലാ യൂണിറ്റുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. നിലവില്‍ മൂന്നാം നമ്പര്‍ യൂണിറ്റിലേക്ക് അടിയന്തര ഡീസല്‍ ജനറേറ്ററുകള്‍ ഉപയോഗിച്ചാണ് വൈദ്യുതി നല്‍കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഫെബ്രുവരി 28ന് പശ്ചിമേഷ്യയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടശേഷം യുഎഇയും മറ്റ് ഗള്‍ഫ് രാജ്യങ്ങളും കടുത്ത ആക്രമണങ്ങള്‍ നേരിടുന്നുണ്ട്. ഏപ്രില്‍ എട്ടിന് അമേരിക്കയും ഇറാനും തമ്മില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് ധാരണയായിരുന്നു. ഈ മാസം ആദ്യംമുതല്‍ പലതവണ യുഎഇയ്ക്കുനേരെ വീണ്ടും ആക്രമണമുണ്ടായി.


ആണവനിലയത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ റാഫേല്‍ മരിയാനോ ഗ്രോസി ആശങ്ക രേഖപ്പെടുത്തി. ആണവ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള സൈനിക നീക്കങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആണവ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഇത്തരം പ്ലാന്റുകള്‍ക്ക് സമീപം പരമാവധി സൈനിക നിയന്ത്രണം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


യുഎഇയുടെ ഹരിത ഊര്‍ജലക്ഷ്യങ്ങളിലും പരിസ്ഥിതി സംരക്ഷണത്തിലും നിര്‍ണായക പങ്കുവഹിക്കുന്നതാണ് ബറാക്ക ആണവനിലയം. 2024 സെപ്തംബറിലാണ് പൂര്‍ണതോതില്‍ വാണിജ്യടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. വര്‍ഷം 40 ടെറാവാട്ട് ക്ലീന്‍ ഇലക്‌ട്രിസിറ്റി ഉൽപ്പാദിപ്പിക്കുന്ന ഈ നിലയമാണ് യുഎഇയുടെ മൊത്തം വൈദ്യുതി ആവശ്യകതയുടെ 25 ശതമാനവുംനിറവേറ്റുന്നത്. പ്രതിവര്‍ഷം 224 ലക്ഷം ടണ്‍ കാര്‍ബണ്‍ ഉദ്‌വമനം കുറക്കാന്‍ ഇതിലൂടെ സാധിക്കുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home