ad
Deshabhimani

ഫുജൈറയില്‍ എണ്ണ കേന്ദ്രത്തിനുനേരെ ഡ്രോണ്‍ ആക്രമണം; മൂന്ന് ഇന്ത്യക്കാര്‍ക്ക് പരിക്ക്

fujairah oil facility attack
വെബ് ഡെസ്ക്

Published on May 04, 2026, 11:15 PM | 1 min read

ദുബായ് : യുഎഇയിലെ ഫുജൈറ ഓയില്‍ ഇന്‍ഡസ്ട്രി സോണിനുനേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ക്ക് പരിക്ക്‌. ആക്രമണത്തെ തുടര്‍ന്ന് എണ്ണ സംഭരണ കേന്ദ്രത്തില്‍ വലിയ തീപിടിത്തമുണ്ടായി. പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു. ഫുജൈറ സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണ വിധേയമാക്കാനുള്ള പ്രവർത്തനം തുടരുകയാണ്.


തിങ്കൾ വൈകിട്ടാണ് മേഖലയെ ഞെട്ടിച്ച ആക്രമണം. ഇറാനില്‍നിന്നുള്ള ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്നാണ്‌ വിവരം. യുഎഇ സമുദ്രപരിധിയിലേക്ക് ഇറാന്‍ തൊടുത്തുവിട്ട മൂന്ന് ക്രൂയിസ് മിസൈലുകള്‍ പ്രതിരോധ മന്ത്രാലയം വിജയകരമായി തകര്‍ത്തു. നാലാമത്തെ മിസൈല്‍ കടലില്‍ പതിച്ചതായും സൈന്യം സ്ഥിരീകരിച്ചു. ആക്രമണ ഭീഷണിയെ തുടര്‍ന്ന് ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ വഴി അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കി.


എണ്ണ കയറ്റുമതിക്ക് നിർണായക കേന്ദ്രമായ ഫുജൈറയിൽ തുറമുഖവും പൈപ്‌ലൈൻ സംവിധാനങ്ങളും ഉൾപ്പെടെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ നിലനിൽക്കുന്നതിനാൽ സംഭവത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. സമീപകാലത്ത് ഡ്രോൺ ആക്രമണങ്ങളും അവശിഷ്ടം വീഴുന്നതുമായ സംഭവങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നു. മിസൈൽ ഭീഷണിയെ തുടർന്ന് രാജ്യത്ത് അടിയന്തര മുന്നറിയിപ്പും പുറപ്പെടുവിച്ചു. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരുകയും ഔദ്യോഗിക നിർദേശം പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

ഏപ്രില്‍ എട്ടിന് പാകിസ്ഥാന്റെ മാധ്യസ്ഥ്യത്തില്‍ നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാറിനുശേഷമുള്ള സമാധാന അന്തരീക്ഷമാണ് ആക്രമണത്തോടെ തകര്‍ക്കപ്പെട്ടത്. ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഫുജൈറ, ഖോര്‍ഫക്കാന്‍, ഉമ്മുല്‍ ഖുവൈന്‍ തീരങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് അവകാശപ്പെടുന്ന ഭൂപടം ഇറാൻ റെവല്യൂഷണറി ഗാര്‍ഡ്‌ പുറത്തുവിട്ടതിന് പിന്നാലെയാണ് നീക്കമെന്നതും ശ്രദ്ധേയമാണ്.


ഇറാൻ ആക്രമണം പ്രദേശിക സമാധാനത്തിനും ആഗോളസ്ഥിരതയ്ക്കും ഭീഷണിയാണെന്ന് യുഎഇ വ്യക്തമാക്കി. ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. ഹോർമുസിലൂടെ സഞ്ചരിച്ച അഡ്നോക് അനുബന്ധ ടാങ്കറിനുനേരെയുള്ള ആക്രമണത്തെയും യുഎഇ അപലപിച്ചു. രണ്ട് ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം അന്താരാഷ്ട്ര സമുദ്രനിയമങ്ങളുടെ ലംഘനവും ആഗോള ഊർജസുരക്ഷയ്ക്ക് ഭീഷണിയുമാണെന്ന് വിദേശമന്ത്രാലയം വ്യക്തമാക്കി. അഭ്യൂഹം പ്രചരിപ്പിക്കുന്നത് ഒഴിവാക്കി ഔദ്യോഗിക സ്രോതസ്സുകളെമാത്രം ആശ്രയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home