രേഖകളും സാക്ഷിമൊഴികളും സ്വീകരിക്കും: കരാറില്ലെങ്കിലും തൊഴിൽ അവകാശം തെളിയിക്കാം

മസ്‌കത്ത് : തൊഴിൽബന്ധവും നിയമപരമായ അവകാശങ്ങളും തെളിയിക്കാൻ രേഖാമൂലമുള്ള തൊഴിൽ കരാർ നിർബന്ധമില്ലെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം. ജീവനക്കാർക്ക് മറ്റ് തെളിവുകൾ ഉപയോഗിച്ച് അവകാശങ്ങൾ തെളിയിക്കാനാകും. ബാങ്ക് രേഖകൾ, ശമ്പള കൈമാറ്റ വിവരങ്ങൾ, ഹാജർ രേഖകൾ, ഔദ്യോഗിക സന്ദേശങ്ങൾ, സാക്ഷിമൊഴികൾ എന്നിവ ഇതിനായി ഉപയോഗിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ മന്ത്രാലയത്തിലെ നിയമ ഗവേഷക അസ അൽ സവാഫിയാണ് ഇതുസംബന്ധിച്ച വിശദീകരണം നൽകിയത്.
തൊഴിലുടമ രേഖാമൂലമുള്ള കരാർ നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ലഭ്യമായ മറ്റ് തെളിവുകൾ ഉപയോഗിച്ച് ജീവനക്കാർക്ക് അവകാശവാദങ്ങൾ ഉന്നയിക്കാം. എഴുതിയ കരാർ ഇല്ലാത്ത സാഹചര്യത്തിൽ മറ്റ് തെളിവുകളുടെ അടിസ്ഥാനത്തിൽ തൊഴിലാളികൾക്ക് തങ്ങളുടെ അവകാശങ്ങൾ തെളിയിക്കാനുള്ള അവസരവും നിയമം നൽകുന്നുണ്ട്. ശമ്പളം ലഭിച്ചതായി തെളിയിക്കാൻ ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റുകളും പണമിടപാട് രേഖകളും ഉപയോഗിക്കാം. ജോലിയിൽ ഹാജരായ ദിവസങ്ങളും സമയവും തെളിയിക്കാൻ ഹാജർ പട്ടികകളും സമയരേഖകളും സഹായിക്കും.
ഔദ്യോഗിക ഇ- മെയിലുകൾ, സന്ദേശങ്ങൾ, ജീവനക്കാരുടെ തിരിച്ചറിയൽ കാർഡുകൾ, തൊഴിൽ പെർമിറ്റുകൾ എന്നിവയും തെളിവുകളായി ഹാജരാക്കാം. കൂടാതെ, തൊഴിലാളി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നതായി അറിയാവുന്നവരുടെ സാക്ഷിമൊഴികളും തൊഴിലുടമയ്ക്കുവേണ്ടി ചുമതലകൾ നിർവഹിച്ചതായി വ്യക്തമാക്കുന്ന മറ്റ് രേഖകളും അവകാശവാദങ്ങൾക്ക് പിന്തുണയാകുമെന്നും അസ അൽ സവാഫി വ്യക്തമാക്കി.








0 comments