മണ്ഡല പുനര്‍നിര്‍ണയ നീക്കം കോര്‍പറേറ്റ് നിയന്ത്രിത ഭരണം ശാശ്വതമാക്കാൻ വേണ്ടി- സംയുക്ത കിസാൻ മോര്‍ച്ച

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനും എസ്‌ഐആർ വോട്ടർ പട്ടിക പരിഷ്കരണത്തിനും എതിരെ രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളും പ്രാദേശിക കക്ഷികളും എംപിമാരും ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തു. രാജ്യത്ത് കോർപ്പറേറ്റ് നിയന്ത്രിത ഭരണം ശാശ്വതമാക്കാനും കർഷകരെയും തൊഴിലാളികളെയും ചൂഷണം ചെയ്യാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കേന്ദ്ര മന്ത്രിസഭയുടെ മണ്ഡല പുനർനിർണയ തീരുമാനമെന്ന് എസ്‌കെഎം പ്രസ്താവനയിൽ ആരോപിച്ചു.
ഭരണകക്ഷിക്ക് അനുകൂലമായ രീതിയിൽ മണ്ഡലങ്ങൾ വെട്ടിമുറിച്ച് അടിസ്ഥാന ജനാധിപത്യ തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കാനാണ് നീക്കമെന്ന് സംയുക്ത കിസാൻ മോർച്ച അഭിപ്രായപ്പെട്ടു. എസ്‌ഐആർ വോട്ടർ പട്ടികയിലൂടെ 13.41 കോടി വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ഭരണഘടനാപരമായ അധികാര വിഭജനത്തിന്റെ ലംഘനമാണെന്നും, ഇതിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പാർലമെന്റ് നടപടിയെടുത്തില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.
താങ്ങുവില നിയമപരമാക്കുക, മിനിമം വേതന നിയമം നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, നാല് തൊഴിൽ കോഡുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാർ, കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്കായി മണ്ഡല പുനർനിർണയത്തിന് തിടുക്കം കാട്ടുകയാണെന്ന് പ്രസ്താവനയിൽ പറയുന്നു. പാർലമെന്റിനെ ഇരുട്ടിൽ നിർത്തി അമേരിക്കയുമായി ഉണ്ടാക്കുന്ന വ്യാപാര കരാറുകളും 25 ശതമാനം തീരുവ സമ്മർദ്ദവും ഇന്ത്യൻ കാർഷിക മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുമെന്നും എസ്‌കെഎം മുന്നറിയിപ്പ് നൽകി.
ജിഎസ്ടി , എൻസിഡിസി , എംഎംഡിആർ നിയമങ്ങളിലൂടെയും നികുതി വിഹിതത്തിന്റെ 50 ശതമാനം നിഷേധിച്ചും സംസ്ഥാനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുകയാണെന്ന് എസ്‌കെഎം ആരോപിച്ചു. പ്രതിഷേധിക്കുന്ന ആക്ടിവിസ്റ്റുകൾക്കെതിരെ പൊലീസ് രാജ് നടപ്പാക്കുന്നതായും യാത്രാവിലക്ക് ഏർപ്പെടുത്തുന്നതായും സംഘടന കുറ്റപ്പെടുത്തി. ഭരണഘടനയുടെ ഫെഡറൽ, മതേതര, ജനാധിപത്യ സ്വഭാവം തകർക്കാനുള്ള നീക്കങ്ങളെ ചെറുക്കാൻ കർഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളും യുവാക്കളും വിദ്യാർത്ഥികളും യോജിച്ച പ്രക്ഷോഭങ്ങൾക്ക് തയ്യാറാകണമെന്നും സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.








0 comments