നോവൽ –12
പ്രണയ രാഷ്ട്രം

.അശോകൻ ചരുവിൽ.
Published on Nov 28, 2026, 12:53 PM | 8 min read
കണക്കുപുലി
ഒന്നരമാസം കഴിഞ്ഞുള്ള ചെക്കപ്പിനു ചെന്നപ്പോൾ ഡോക്ടർ രവീന്ദ്രനാഥൻ കബീറിനോട് ചോദിച്ചു: “കാലത്തും വൈകീട്ടും മുപ്പത് മിനിറ്റു സമയം നടക്കുന്നില്ലേ?” “ഉവ്വ്.” “ചിലപ്പോൾ മടി കാണിക്കും.” മേഴ്സി പറഞ്ഞു. “ബൈപാസ് സർജറി കഴിഞ്ഞു എന്നു കരുതി ഇനിയുള്ള ജീവിതകാലം മുഴുവൻ വിശ്രമിച്ചു തീർക്കാം എന്ന് നിങ്ങൾ വിചാരിക്കരുത് മിസ്റ്റർ കബീർ. ഞങ്ങളിവിടെ ഈ പണിയൊക്കെ എടുക്കുന്നത് ഇരുന്നും കിടന്നും നേരം കളയുന്ന കുറേ മനുഷ്യരെ സൃഷ്ടിച്ചു വിടാനല്ല. കുടുംബത്തിനും സമൂഹത്തിനും ഇനിയും എന്തെങ്കിലും സഹായം ചെയ്യാനുള്ള ആരോഗ്യം ഉണ്ടാവാൻ വേണ്ടിയാണ്. നന്നായി ജോലി ചെയ്തുകൊണ്ടിരിക്കുന്നവരിൽ പലരും ബൈപാസ് കഴിഞ്ഞവരാണെന്നത് ഓർക്കണം. ജീവിതശൈലി ഒന്നു മാറ്റണം എന്നുമാത്രം. കുറച്ചൊരു ത്യാഗത്തിന് തയ്യാറാവണം. ഇനി രക്തക്കുഴലുകളിൽ തടസ്സം ഉണ്ടാവരുത്. അതിന് മരുന്ന്, വ്യായാമം, ഭക്ഷണനിയന്ത്രണം മൂന്നും ഒരുപോലെ നിർബന്ധമാണ്. പിന്നെ മനസ്സും ശരീരവും സംഘർഷത്തിൽ പെടാതെ നോക്കണം. അത് മുഴുവൻ നമ്മൾ വിചാരിച്ചാൽ മാത്രം സാധിക്കുന്ന കാര്യമല്ല.
എന്തായാലും നമ്മളാലായത് ചെയ്യുക. പിന്നെ ഈശ്വരനോട് പ്രാർഥിക്കുക.” കബീർ മിണ്ടാതെയിരുന്നു. അന്നേരം മേഴ്സി ചോദിച്ചു: “ഇദ്ദേഹത്തിനു പകരം ഞാൻ പ്രാർഥിച്ചാൽ മതിയാകുമോ സർ?” ഡോക്ടർ തന്റെ അതിവേഗത്തിലുള്ള സംസാരം നിർത്തി ഇരുവരേയും നോക്കി. എന്നിട്ടു പൊട്ടിച്ചിരിച്ചു. “ഓ, ഞാനത് മറന്നു. ഞങ്ങളിങ്ങനെ ഒരൊഴുക്കിന് പറഞ്ഞുകൊണ്ടിരിക്കും. ഇയാൾ യുക്തിവാദി ആണല്ലോ! ദൈവവുമായി ഇടപാടില്ലാത്തതുകൊണ്ട് ഇദ്ദേഹം ഒന്നുരണ്ടു ഗുളികകൾ കൂടുതൽ കഴിക്കേണ്ടി വരും.” “ദൈവത്തിന് പകരമുള്ള ഗുളികകൾ ഉണ്ടോ?” മേഴ്സി ചോദിച്ചു. “ചോദിക്കാനുണ്ടോ? ഫാർമസിയിലെ മരുന്നുകളിൽ അധികവും ആ വകുപ്പിൽ പെട്ടവയാണ്. എനിക്ക് ഈ യുക്തിവാദികളെ തീരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല മാഡം. ഞാൻ ചിന്തിക്കുന്നത് ദൈവം ഉണ്ടോ ഇല്ലേ എന്നല്ല; ഉള്ളതോ ഇല്ലാത്തതോ ആയ ദൈവത്തെക്കൊണ്ട് മനുഷ്യർക്ക് വല്ല ഗുണവുമുണ്ടോ എന്നാണ്. ഉണ്ട് എന്നാണ് അനുഭവം. ഭക്ഷണം കൊണ്ടുമാത്രമല്ലല്ലോ മനുഷ്യൻ ജീവിക്കുന്നത്; ഭാവന എന്നൊരു സംഗതി കൊണ്ടു കൂടിയാണ്. മനുഷ്യഭാവനയുടെ ഏറ്റവും ഔന്നത്യത്തിൽ വെച്ചായിരിക്കും ദൈവം സൃഷ്‌ടിക്കപ്പെട്ടത്. അവൻ മരണത്തെ മറികടക്കാൻ ശ്രമിച്ചതായിരിക്കും. പരലോകം, സ്വർഗം, നരകം, അടുത്ത ജന്മം. സൃഷ്ടിയുടെ മുന്നിൽ സ്രഷ്ടാവ് പിന്നീട് അന്തംവിട്ട് നമസ്കരിച്ചു. ഇപ്പോഴത്തെ എഐ ഇല്ലേ? ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. നാളെ അതിന്റെ മുന്നിലും മനുഷ്യൻ പോയി നമസ്കരിക്കും.” ഇരിക്കുന്ന സ്ഥലത്തെ മറന്നപോലെ ആവേശത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ സംസാരം.
ചിത്രീകരണം: സുനിൽ അശോകപുരം
കബീറിന് വലിയ അമർഷം തോന്നി. ഓരോരോ മുരട്ടുന്യായങ്ങൾ വിളിച്ചു പറയുന്നു. പക്ഷേ അയാൾ മനസ്സടക്കി നിശ്ശബ്ദനായി ഇരുന്നു. ആ സമയത്ത് ഒരു നഴ്സ് ടേബിളിന് മുന്നിൽ വന്നു നിന്നു. അവർ ചിരിച്ചു. ഡോക്ടർ പറഞ്ഞു: “ഓക്കെ ഓക്കെ. ഞാൻ നിർത്തി. ഈ പെൺകുട്ടിയെ നോക്കൂ. അവൾ എത്ര സുന്ദരിയാണ്. മനോഹരമായ പുഞ്ചിരി അല്ലേ? ഈ ചിരിയുടെ അർഥമെന്താണെന്ന് അറിയ്യോ? എന്റെ പ്രസംഗം നിറുത്താം. സമയം ഏറുന്നു. പുറത്ത് രോഗികൾ കൂടുതലുണ്ട്. പിന്നെ റൗണ്ട്സിന് പോകണം. സത്യം പറഞ്ഞാൽ ഈ പെൺകൊച്ചുങ്ങളെ പേടിച്ചിട്ടാണ് സർ ഞാനിവിടെ ജീവിക്കുന്നത്.” അദ്ദേഹം മരുന്നുകൾ എഴുതാൻ തുടങ്ങി. അവരന്ന് തിരിച്ച് വീട്ടിൽ ചെന്നപ്പോൾ അവിടെ ഹൈദരാലി ഉണ്ടായിരുന്നു. ചവിട്ടുപടിയിൽ അവന്റെ റബ്ബർ ചെരിപ്പ് ഇരിക്കുന്നു. അവൻ കളപ്പുരമുറിയിൽ കിടന്നുറങ്ങുകയാണ്. മേഴ്സി പറഞ്ഞു: “ഈ ചെരിപ്പ് കണ്ടാൽ കണക്കാക്കാം നിങ്ങളുടെ സുഹൃത്ത് കണക്കുപുലി ലാൻസലോട്ട് ഹോഗ്ബെൻ നക്സലൈറ്റ് തീവ്രവാദി ഹൈദരലി പിന്നിട്ട സഞ്ചാരപഥങ്ങളുടെ ദൈർഘ്യം.” നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഹൈദരലി വാദ്യക്കുടത്ത് എത്തിയിരിക്കുന്നത്. അടിമക്കുട്ടി ഉസ്താദിന്റെ മകനാണ്. കബീറിന്റെ സഹപാഠി. ഊണും ഉറക്കവും ഇല്ലാതെ രാത്രിയും പകലും നോക്കാതെ അദ്ദേഹം നടക്കുകയാണ്. ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക്. നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക്. ഇടയ്ക്ക് എന്നെങ്കിലും ഒരു ദിവസം കബീറിന്റെ വീട്ടിൽ കയറിവരും. പിന്നെ ഒന്നോ രണ്ടോ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഉറക്കമാണ്. “ഈ മനുഷ്യൻ എങ്ങനെയാണ് ഈ കൂരാക്കൂരിരുട്ടത്ത് നടക്കുന്നത്? അതും അറിയാത്ത സ്ഥലങ്ങളിലൂടെ? നായ്ക്കളും ഇഴജന്തുക്കളും ഒന്നും ഉപദ്രവിക്കില്ലേ?” മേഴ്സി ചോദിച്ചു. “നായ്ക്കൾക്കും പാമ്പുകൾക്കും അവനെ മനസ്സിലാവുന്നുണ്ടാവും. ഏതാണ്ട് ആ വഴികളിലൂടെയല്ലേ അവന്റെ ബാപ്പ അടിമക്കുട്ടി ഉസ്താദ് നടന്നിരുന്നത്?'' പണ്ട് അവർ താമസിച്ചിരുന്ന കളപ്പുരയിലെ മുറി ഹൈദരാലിക്കു വേണ്ടി ഒരുക്കിയിട്ടിരിക്കുകയാണ്. എന്നും അടിച്ചു തുടച്ച് വൃത്തിയാക്കിയിടും. എപ്പോഴാണ് അയാൾ കയറിവരുന്നതെന്ന് അറിയില്ലല്ലോ. എപ്പോൾ വന്നാലും തുറക്കാനായി താക്കോൽ ഉത്തരത്തിൽ വെച്ചിട്ടുണ്ട്. ആരെയും അലട്ടാതെ അയാൾ വാതിൽ തുറന്ന് അകത്ത് കിടന്നുറങ്ങും.
ഓരോ വരവിലും ഹൈദരലിയുടെ ശരീരരൂപം മാറിക്കൊണ്ടിരിക്കുന്നതായി കബീർ നിരീക്ഷിച്ചു. സ്വതവേ മെലിഞ്ഞിട്ടാണ്. ഇപ്പോഴത് ഒരു കമ്പുപോലെ ആയിരിക്കുന്നു. തലമുടി മുഴുവൻ നരച്ചു. ഏതാണ്ടും കൊഴിഞ്ഞിരിക്കുന്നു. പല്ലുകളും ഒന്നൊന്നായി നഷ്ടപ്പെട്ട് ഇല്ലാതായി. അതുകൊണ്ട് സംസാരിക്കുമ്പോൾ പണ്ടുള്ളതിനേക്കാൾ അവ്യക്തതയുണ്ട്. ആദ്യകാലങ്ങളിൽ വരുമ്പോൾ തന്റെ രാഷ്‌ട്രീയ നിഗമനങ്ങളും സംഘടനാ പ്രശ്നങ്ങളും അവൻ വാതോരാതെ പറഞ്ഞിരുന്നു: “കേരളത്തിന്റെ സ്വയംനിർണയാവകാശം എന്ന ആശയമാണ് എംഎൽ പാർടി ഇപ്പോൾ ജനങ്ങൾക്ക് മുന്നിൽ വെക്കുന്നത്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യകാലങ്ങളിൽ സംസ്ഥാനങ്ങളുടെ സ്വയംഭരണത്തെക്കുറിച്ച് ചിന്തിച്ചിരുന്നു. പിന്നെ മത്തായി മാഞ്ഞൂരാന്റെ തിസീസ് ഉണ്ട്. നമ്മളിതിനെ മാർക്സിസം ലെനിനിസത്തിന്റെ വെളിച്ചത്തിൽ പരിശോധിച്ച് ജനങ്ങൾക്ക് മുമ്പാകെ അവതരിപ്പിക്കും.” താൻ കേരളത്തിലെ സിപിഐ എംഎൽ ഘടകം പുനഃസംഘടിപ്പിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുകയാണെന്ന് ഹൈദർ അന്ന് കരുതിയിരുന്നു. അതിനു വേണ്ടിയാണ് നിരന്തരമായ സഞ്ചാരം. പോലീസ് പിടികൂടാതിരിക്കാൻ ഊടുവഴികളിലൂടെയാണ് യാത്ര. ചിലപ്പോൾ കാട്ടിലേക്ക് കടക്കും. കഴിഞ്ഞ തവണ വന്നപ്പോൾ അവൻ പറഞ്ഞു: “പാർടി പുനഃസംഘടന വേഗത്തിലാക്കണമെന്ന് ടി എൻ ജോയി പറഞ്ഞിട്ടുണ്ട്.” “ടി എൻ ജോയിയോ? ജോയിച്ചേട്ടൻ മരിച്ചുപോയില്ലേ ഹൈദരേ?” ഹൈദർ ഒരു നിമിഷം കബീറിനെ തറച്ചുനോക്കി. എന്നിട്ടു പറഞ്ഞു: “വിപ്ലവകാരിക്ക് മരണം എന്ന സംഗതിയില്ല.” മരണത്തിന് തൊട്ടുമുമ്പുള്ള വർഷങ്ങളിൽ അടിയന്തരാവസ്ഥാ തടവുകാരുടെ സംഘടനയുണ്ടാക്കാൻ ടി എൻ ജോയി നടന്നത് കബീർ ഓർത്തു. അതിന്റെ ഭാഗമായി ചില സഖാക്കളുമൊന്നിച്ച് അദ്ദേഹം കബീറിനെ വന്നു കണ്ടു. പക്ഷേ കബീർ വഴങ്ങിയില്ല. “ജോയിച്ചേട്ടൻ ക്ഷമിക്കണം. അന്ന് രണ്ടേ രണ്ടു ദിവസം മാത്രമാണ് ഞാൻ തടവിൽ കിടന്നത്. അതും ലോക്കപ്പിൽ. അപ്പോഴേക്കും ബാപ്പ വന്ന് പുറത്തിറക്കി. വലിയ കുറ്റബോധത്തോടെയാണ് ഇന്ന് ഞാനതൊക്കെ ഓർമിക്കുന്നത്.” “എങ്കിൽ നീ ഹൈദരിനെ കണ്ടുപിടിച്ചു തരണം.
ചിത്രീകരണം: സുനിൽ അശോകപുരം
അവനേപ്പോലെ അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്ന് അടികൊണ്ട മറ്റൊരാൾ നമ്മടെ കൊടുങ്ങല്ലൂരിൽ വേറെയില്ല.” “ഹൈദർ എവിടെയെന്ന് വെച്ചിട്ടാണ്? വല്ലകാലത്തും ഇവിടെ കയറിവരും. അപ്പോൾ പറഞ്ഞു നോക്കാം. അവനിങ്ങനെ പാഞ്ഞു നടക്കുന്നുണ്ടെങ്കിലും ഈ ലോകത്തൊന്നുമല്ല ജോയിച്ചേട്ടാ. തികഞ്ഞ ഉന്മാദത്തിലാണ്.” അന്നത്തെ കൂടിക്കാഴ്ച കഴിഞ്ഞ് ഒരു വർഷത്തിനകം ടി എൻ ജോയി മരിച്ചു. കബീറും ഹൈദരലിയും ഒന്നിച്ചാണ് അടിയന്തരാവസ്ഥക്കാലത്ത് പോലീസ് പിടിയിലായത്. ഇരുവരും ചേർന്ന് കൊടുങ്ങല്ലൂരിലെ തെക്കേനടയിൽ ഫിനിക്സ് അക്കാദമി എന്ന പേരിൽ ഒരു ട്യൂഷൻ സെന്റർ നടത്തിയിരുന്നു. അത് പത്താംക്ലാസിൽ കുട്ടികൾ കൂട്ടത്തോടെ തോൽക്കുന്ന കാലമാണ്. തോറ്റവരിൽ ഭൂരിപക്ഷവും ആയുധം വെച്ച് കീഴടങ്ങി പിന്മാറും. കുറേപേർ സെപ്തംബർ, മാർച്ച് പരീക്ഷകൾ എഴുതും. അവർക്കു വേണ്ടി എല്ലാ കവലകളിലും ട്യൂട്ടോറിയലുകൾ ആരംഭിച്ചിരുന്നു. ഒരുവക ക്രാഷ് കോഴ്സുകളാണ്. ഒഴിഞ്ഞ പീടികമുറികളും കെട്ടിടങ്ങളും മീൻഷെഡ്ഡുകളുമെല്ലാം അതിനായി ഉപയോഗിക്കപ്പെട്ടു. കോളേജുകളിൽനിന്ന് പഠിച്ചിറങ്ങിയവർക്ക് അതൊരു ഉപജീവനമാർഗമായിരുന്നു. ട്യൂട്ടോറിയലുകൾ തമ്മിൽ കടുത്ത മത്സരം ഉണ്ടായിരുന്നു അക്കാലത്ത്. ഓക്സ്ഫോർഡ്, കേംബ്രിഡ്ജ്, നളന്ദ, തക്ഷശില, പാദുവ, നേപ്പിൾസ് എന്നൊക്കെയായിരുന്നു ഓരോന്നിന്റേയും പേരുകൾ. അരിസ്റ്റോട്ടിൽസ് ലെയ്സിയം എന്നൊരു സ്ഥാപനവും ഉണ്ടായിരുന്നു. ഫിനിക്സ് അക്കാദമിയിൽ മലയാളവും സോഷ്യൽ സ്‌റ്റഡീസും കബീർ പഠിപ്പിച്ചു. മാത്‌സ്, സയൻസ് വിഷയങ്ങൾ ഹൈദരലിയും. ഹൈദരലിയായിരുന്നു അവിടത്തെ ഹീറോ. ‘കണക്കുപുലി’ എന്നാണ് അവൻ അറിയപ്പെട്ടിരുന്നത്. കണക്കായിരുന്നു അന്ന് കുട്ടികളെ കൂടുതൽ കുഴക്കിയിരുന്നത്. ഹിന്ദി പഠിപ്പിക്കാൻ റിട്ടയർ ചെയ്ത ഒരു ടീച്ചറെ നിയോഗിച്ചിരുന്നു. ഇംഗ്ലീഷിന് കൊയിലാണ്ടിക്കാരൻ കവി ഒരു മോഹൻരാജ് വന്നു. അദ്ദേഹം വടക്കേനടയിൽ ഒരു ആർട്ട് സ്റ്റുഡിയോയിൽ തന്റെ സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. എലിയട്ട് മോഹൻരാജ് എന്ന് അദ്ദേഹത്തെ ഫിനിക്സിന്റെ നോട്ടീസിൽ വിശേഷിപ്പിച്ചു: “കേരളത്തിന്റെ എലിയട്ട് എന്നറിയപ്പെടുന്ന യുവകവി മോഹൻരാജ് ചെമ്മന്തിട്ട ഇംഗ്ലീഷ് ഭാഷാവിഭാഗത്തിന് നേതൃത്വം നൽകുന്നു.” മോഹൻരാജ് മാഷുടെ സാന്നിധ്യമാണ് പിന്നീടുണ്ടായ പ്രശ്നങ്ങൾക്ക് കാരണമായത്. അദ്ദേഹത്തിന് തീവ്രവാദ രാഷ്ട്രീയവുമായി ചില ബന്ധങ്ങൾ ഉണ്ടായിരുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് മുമ്പെ ആൾ ഫിനിക്സ് വിട്ടുപോയി. പക്ഷേ അദ്ദേഹത്തിനുള്ള ചില മാസികകളും പുസ്തകങ്ങളും ട്യൂട്ടോറിയൽ വിലാസത്തിൽ വന്നുകൊണ്ടിരുന്നു. റാപ്പർ പൊട്ടിക്കാതെ അനാഥമായിക്കിടന്നിരുന്ന മാസികകളിൽ ചിലത് കുട്ടികൾ വീട്ടിലേക്ക് എടുത്തു കൊണ്ടുപോകുക പതിവുണ്ട്. നട്ടെല്ലിൽ മിന്നലുണ്ടാക്കുന്ന ചില ഓർമകളുണ്ട്, കബീർ മറക്കാൻ ശ്രമിക്കുന്നത്. പക്ഷേ അനുവാദമില്ലാതെ തന്നെ ആ ഓർമകൾ കടന്നുവരും. ഹൈദരലിയുടെ രൂപവും ഭാവവുമാണ് ഓർമകൾക്ക്. ലോവർ ഡിവിഷൻ ക്ലർക്കുമാർക്കുള്ള പിഎസ് സി ടെസ്റ്റ് നടന്ന ദിവസമാണ് കബീറിനേയും ഹൈദരിനേയും പോലീസ് അറസ്റ്റ് ചെയ്തത്. ഹൈദർ നിർബന്ധിച്ചിട്ടാണ് കബീർ ആ ടെസ്റ്റിന് അപേക്ഷിച്ചത്. ടെസ്റ്റ് പ്രമാണിച്ച് അന്ന് സെന്ററിന് അവധി നൽകിയിരുന്നു. എടവിലങ്ങ് ഹൈസ്കൂളിൽ നിന്ന് ടെസ്റ്റ് കഴിഞ്ഞെത്തിയപ്പോൾ കബീറിനേയും ഹൈദരിനേയും കാത്ത് ഒരപരിചിതൻ സെന്ററിനു മുന്നിൽ നിൽപ്പുണ്ട്. അയാൾ ചോദിച്ചു: “കബീർസാറും ഹൈദർമാഷും? “ഞാൻ പോലീസ് സ്റ്റേഷനിൽ നിന്നാണ്. ഇവിടെ പഠിക്കുന്ന ഒരു കുട്ടി, കാവിൽക്കടവിലെ ഒരു മോഹൻദാസ്. അയാളെക്കുറിച്ച് കുറച്ച് ഡീറ്റയിൽസ് അറിയണമെന്നുണ്ട്. എന്തോ കുടുംബപ്രശ്നമാണ്. നിങ്ങൾക്ക് സ്റ്റേഷനിലേക്ക് വരാൻ സൗകര്യമുണ്ടാവുമോ എന്ന് എസ്ഐ ചോദിച്ചു.'' സ്റ്റേഷനിൽ കാവിൽക്കടവിലെ മോഹൻദാസ് നിൽപ്പുണ്ടായിരുന്നു. മുറിയിൽനിന്ന് എസ്ഐ ഇറങ്ങിവന്നു. മനു കെ നായർ എന്ന നെയിം ബോർഡ് കബീർ ഓർത്തു. “ഇവരാണോടാ നിന്റെ ഗുരുക്കന്മാർ?” മോഹൻദാസ് തലതാഴ്ത്തി നിന്നു. “ബഹുമാനപ്പെട്ട ഗുരുനാഥന്മാരെ, വിപ്ലവം നടത്താനാണോടാ മയിരുകളെ നിങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നത്?” “എന്താണ് സാർ?” ഹൈദർ ചോദിച്ചു. എസ്ഐ ഹൈദരിന്റെ മുഖത്ത് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ അവൻ മലർന്നടിച്ചു വീണു. മൂക്കിൽനിന്ന് ചോര ഒഴുകാൻ തുടങ്ങി. “ഇതെന്താണ്?” എസ്ഐ ഒരു മാസിക ഉയർത്തിക്കാണിച്ചു. ‘റെഡ് ഫൈറ്റർ’ എന്നു പേരുള്ള മാസിക. ന്യൂസ് പ്രിന്റിൽ അച്ചടിച്ച അതിന്റെ കവറിൽ ഒരു തീപ്പന്തത്തിന്റെ ചിത്രമുണ്ടായിരുന്നു. ലോക്കപ്പിലെ രണ്ടാംദിവസം ഹൈദരിന് കടുത്ത പനിപിടിച്ചു. കുടഞ്ഞ് വിറയ്ക്കാൻ തുടങ്ങി. “ഹൈദർ.” ഉൽക്കണ്ഠയോടെ കബീർ വിളിച്ചു. “എന്നെയല്ല; പൈത്തഗോറസിനെ വിളിക്കൂ.” അവൻ സംസാരിച്ചുകൊണ്ടിരുന്നു: “പൈത്തഗോറസല്ല യൂക്ലിഡാണ് എലമെന്റ്സ് എന്ന പുസ്തകം എഴുതിയത്. തെറ്റരുത്. അദ്ദേഹം അലക്സാണ്ട്രിയയിൽ ജീവിച്ചു. പോസ്റ്റുലേറ്റ്സ്. ആക്സിയംസ്. ലോജിക്കൽ പ്രൂഫ് മെതേഡ്. ഏതായിരുന്നു നെപ്പോളിയൻ ബോണാപാർട്ടിന്റെ അവസാനത്തെ യുദ്ധം? വാട്ടർലൂ. വർഷം? 1815. തീയതി: ജൂൺ 18. എവറസ്റ്റിന്റെ ഉയരം: എണ്ണായിരത്തി എണ്ണൂറ്റിനാൽപ്പത്തി ഒമ്പത് മീറ്റർ. ഏതു രാജ്യങ്ങളുടെ അതിർത്തിയിലാണ് എവറസ്റ്റ് സ്ഥിതിചെയ്യുന്നത്? ചൈന, നേപ്പാൾ. ഏറ്റവും വലിയ സമുദ്രം: പസഫിക്. പസഫിക്കിലെ ആഴം കൂടിയ സ്ഥലം: മരിയാന ട്രെഞ്ച്. തിയറി ഓഫ് റിലേറ്റീവിറ്റി? ഇ ഇസിക്കൽടു എം സി സ്ക്വയേർഡ് ഇക്വേഷൻ ഇൻ ജർമൻ ബോൺ ഫിസിസ്റ്റ് ആൽബർട്ട് ഐൻസ്റ്റൈയിൻസ് തിയറി ഓഫ് സ്പെഷൽ റിലേറ്റിവിറ്റി ദാറ്റ് എക്സ്പ്രസെസ് ദ ഫാക്ട് ദാറ്റ് മാസ് ആൻഡ് എനർജി ആർ ദ സെയിം ഫിസിക്കൽ എന്റിറ്റി ആൻഡ കാൻ ബി ചേഞ്ച്ഡ് ഇൻടു ഈച്ച് അദർ…” പറഞ്ഞു പറഞ്ഞ് പിന്നെ ഹൈദർ നിശ്ശബ്ദനായി. അനക്കമറ്റു. കുലുക്കി വിളിച്ചിട്ടും ഉണർന്നില്ല. കബീർ അഴികളിലൂടെ ഉറക്കെ വിളിച്ചു പറഞ്ഞു: “സർ, ഹൈദരിന് സുഖമില്ല. അവനെ ആശുപത്രിയിൽ കൊണ്ടുപോകണം.” ശബ്ദം കേട്ട് ഒരു പോലീസുകാരൻ അടുത്തെത്തി. അയാൾ ലോക്കപ്പ് തുറന്നു. “നീ വാ.” പോലീസുകാരൻ കബീറിനെ എസ്ഐയുടെ മുറിയിലേക്ക് കൊണ്ടുപോയി. “താൻ പടിക്കൽ മഠത്തിൽ ഹൈദ്രോസ് ഹാജിയുടെ മകൻ മുഹമ്മദ് കബീർ, അല്ലേ?” “അതെ.” “ഇനി കുഴപ്പങ്ങളൊന്നും ഉണ്ടാക്കരുത്. നിനക്ക് പോകാം.” “അപ്പോൾ ഹൈദർ? അവന് തീരെ വയ്യ. ബോധം നഷ്ടപ്പെട്ടിരിക്കുന്നു.” “ഇവിടെയുള്ള മറ്റ് പ്രതികളുടെ കാര്യം നീ അന്വേഷിക്കണ്ട. നിന്റെ ബാപ്പ പടിക്കൽ മഠത്തിൽ ഹൈദ്രോസ് ഹാജി എന്ന നായിന്റെ മോനും അന്വേഷിക്കണ്ട. മുസ്ലീമുകളെ പിടിച്ചാൽ അപ്പൊ വരും മോളീന്ന് വിളി. ഇനി ട്യൂഷനും വേണ്ട. ട്യൂട്ടോറിയലും വേണ്ട. അതൊക്കെ നിന്റെ ബാപ്പ സമ്മതിച്ചിട്ടുണ്ട്. അല്ല, വെള്ളക്കടലാസിൽ എഴുതിത്തന്നിട്ടുണ്ട്. മര്യാദയ്ക്ക് നടക്കണം. അല്ലെങ്കിൽ കൊണ്ടുവന്ന് ഇഞ്ച ചതയ്ക്കും പോലെ ചതയക്കും. ചോദിക്കാൻ ഒരു നായയും വരില്ല.
ചിത്രീകരണം: സുനിൽ അശോകപുരം
അടിയന്തരാവസ്ഥയാണ്.” അടിയന്തരാവസ്ഥ കഴിഞ്ഞിട്ടാണ് പിന്നീട് ഹൈദരലി പുറത്തുവന്നത്. അതിനകം പല ക്യാമ്പുകളിലും ജയിലുകളിലും അവൻ കഴിഞ്ഞു. തിരിച്ചുവന്നശേഷം കുറച്ചുകാലം എംഎൽ രാഷ്ട്രീയപ്രവർത്തനവുമായി നടന്നു. പിന്നീട് കെ വേണു പാർടി പിരിച്ചുവിട്ടതോടെ ഉന്മാദിയായി. കളപ്പുരമുറിയിലേക്ക് കടന്നുചെന്ന് മേഴ്സി ഹൈദരിനെ തട്ടിവിളിച്ചു: “ഹൈദർ സഖാവെ, ചോറും കറികളും തയ്യാറായിട്ടുണ്ട്. എഴുന്നേൽക്ക്. കുളിച്ചു വന്നാൽ ഭക്ഷണം കഴിക്കാം.” ഉണർന്ന് ഒന്നും മനസ്സിലാവാതെ ഹൈദർ പകച്ചുനോക്കി. മേഴ്സി ഉച്ചത്തിൽ ആവർത്തിച്ചു: “ചോറ്. പിന്നെ കറികളും. അതിനെക്കുറിച്ച് മറന്നുപോയോ? അതിനുവേണ്ടിയല്ലേ സഖാവെ നമ്മൾ വിപ്ലവം നടത്തുന്നത്? സോപ്പും തോർത്തും വസ്ത്രങ്ങളും തിണ്ണയിൽ വെച്ചിട്ടുണ്ട്. പോയി കുളിച്ചുവരൂ.” മനസ്സില്ലാതെ അയാൾ തോർത്തും സോപ്പുമെടുത്ത് ചിറയിലേക്ക് നടന്നു. കബീർ അനുഗമിച്ചു. ഹൈദർ പറഞ്ഞു: “നിങ്ങളുടെ ഈ മേഴ്‌സിടീച്ചർ ഇന്ദിരാഗാന്ധിയേക്കാൾ വലിയ ഫാസിസ്റ്റാണ്.” “തീർച്ചയായും.” കബീർ പറഞ്ഞു. “ഞാനാണ് അവരുടെ പ്രധാന ഇര, ഹൈദരേ.” ജനുവരി ആയതുകൊണ്ട് ഉച്ചയായിട്ടും പാടത്ത് നേരിയ തണുപ്പ് തങ്ങിനിന്നിരുന്നു. നട്ട് പച്ചപിടിച്ച ഞാറുകളെ ഉലച്ചുകൊണ്ട് ചെറിയ കാറ്റ് വീശി.
ചിത്രീകരണം: സുനിൽ അശോകപുരം
പുഞ്ചകൃഷിക്കുവേണ്ടി ബണ്ട് കെട്ടിയതുകൊണ്ട് ചിറയിൽ നിറയെ വെള്ളമുണ്ട്. ഹൈദർ ഏറെ സമയം വെള്ളത്തിൽ കിടന്നു. “പാർടിയും സംഘടനയും എങ്ങനെയുണ്ട് ഹൈദരേ?” കബീർ ചോദിച്ചു. ഏറെ കഴിഞ്ഞാണ് ഹൈദർ മറുപടി പറഞ്ഞത്. “ക്രിസ്തുവും നബിയും ബുദ്ധനും മാർക്സും അംബേദ്ക്കറും ഗാന്ധിയും ചേർന്നാണ് ഇനി വിപ്ലവപ്രസ്ഥാനത്തെ നയിക്കുക. ഒളിപ്പോരിന് ഏറ്റവും പറ്റിയ ആൾ ഗാന്ധിയാണ്. ഏതു ജനസമൂഹത്തിലും ലയിച്ചുചേരും.” “അപ്പോൾ മാവോ വേണ്ടേ?” “മാവോ രക്തസാക്ഷിയായില്ലേ?” ഹൈദർ പറഞ്ഞു: “കെ വേണു അദ്ദേഹത്തെ ഒറ്റുകൊടുത്തു.” കരയിലിരുന്ന് കബീർ ഹൈദരിനെക്കുറിച്ച് ആലോചിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പോലീസ് പിടിച്ച് ജയിലിലാക്കുന്നതുവരെ മാത്തമാറ്റിക്സ് മാത്രമായിരുന്നു അവന്റെ വിചാരലോകം. കുട്ടികൾ ‘കണക്കുപുലി' എന്നും മുതിർന്ന സഹപ്രവർത്തകർ ലാൻസെലോട്ട് ഹോഗ്ബെൻ എന്നും അവനെ വിളിച്ചു. ‘ഗണിതശാസ്ത്രം നാഗരികതയുടെ കണ്ണാടിയാണ്' എന്ന ഹോഗ്ബെ പ്രസ്താവന ഹൈദർ കൂടെക്കൂടെ ഉദ്ധരിക്കുമായിരുന്നു. കണക്ക് വിഷയത്തിൽ പിന്നിലായതു കൊണ്ട് മാത്രം പത്താംക്ലാസ് കടക്കാതിരുന്ന പല കുട്ടികളേയും അവൻ കരകയറ്റിയിട്ടുണ്ട്. കബീറും ഹൈദരും ഒന്നിച്ച് മാല്യങ്കര കോളേജിലാണ് പഠിച്ചത്. അവിടത്തെ മാഗസിനിൽ സംഗ്രാമ മാധവനെക്കുറിച്ച് ഹൈദർ ഒരു ലേഖനം എഴുതിയിരുന്നു. പേര്: മാധവൻ ഗോളവാദം. ജയിലിൽ സഹതടവുകാരുടെ സ്വാധീനംകൊണ്ട് രാഷ്ട്രീയം അവന്റെ ലോകമായി. രാഷ്ട്രീയപ്രവർത്തനം അവസാനിച്ചപ്പോൾ നിശ്ശബ്ദനായി. ഏകാന്തതയിലേക്ക് പിൻമാറി. ഒരിക്കൽ എറിയാട്ടു തുരുത്തിലെ വീട്ടിൽ ചെന്നുകണ്ടപ്പോൾ അവൻ കിടക്കുകയാണ്. ചെറിയൊരു കുടിലാണത്. പിന്നാമ്പുറത്തെ ചായ്പിൽ ഒരു ആട്ടിൻകൂടിനടുത്തെ കയറ്റുകട്ടിലിലാണ് അവൻ കിടന്നിരുന്നത്. കൂട്ടിലെ ആടുകൾ സദാ അവനെ നോക്കുന്നുണ്ടായിരുന്നു. മടിയോടെ എണീറ്റിരുന്നശേഷം അവൻ പറഞ്ഞു: “എനിക്കിപ്പൊ ആരെയും കാണണമെന്ന് തോന്നുന്നില്ല. ഈ ഏകാന്തതയുമായി പൊരുത്തപ്പെട്ടു.” “നിനക്ക് പഴയപോലെ കണക്കു പഠിപ്പിച്ചൂടേ, ഹൈദരേ? ഇപ്പോഴും ഇവിടെ ഇൻസ്റ്റിറ്റ്യൂട്ടുകളുണ്ട്. അവിടെയൊക്കെ മാത്ത്സിന്റെ ആൾക്കാരെ ആവശ്യണ്ട്.” “കണക്കോ? ഞാൻ അതൊക്കെ എന്നേ മറന്നു. ഇപ്പോൾ നാലും മൂന്നും കൂട്ടാൻ തന്നെ ഒരുപാടു നേരം ആലോചിക്കണം.” വൃദ്ധയായ ഉമ്മ മാത്രമാണ് അവനൊപ്പം ഉണ്ടായിരുന്നത്. അവർ സങ്കടത്തോടെ പറഞ്ഞു: “എല്ലാ നേരോം ഈ കൂട്ടിലിങ്ങനെ അടച്ചിരിക്കും. പൊറത്തിക്ക് എറങ്ങില്ല. വെളിച്ചം കാണുമ്പൊ പേട്യാവ്വാന്നാ പറയണ്. എന്താ ചെയ്യാ കബീറേ? ആൾക്കാർ വരണതും കാണണതും ഒന്നും ഇഷ്ടല്ല. ഇപ്പൊ നിയ്യ് വന്നോണ്ടാ എണീറ്റിരുന്നത്. ചോറുതിന്നാനും മടീണ്ട്. വല്ലപ്പഴും കുളിക്കും. ഇന്റെ കാലം കഴിഞ്ഞാൽ ഇവനെ ആരു നോക്കും? ഓന്റെ ബാപ്പ അങ്ങനെ നടന്നേർന്നെങ്കിലും ആൾടെ മനസ്സിൽ കുടുമ്മത്തിന്റെ ഒരു വിചാരണ്ടാർന്നു. ഇവന് അതില്ല.” അവർ കരഞ്ഞു. ഉമ്മ മരിച്ചശേഷമാണ് ഹൈദർ തന്റെ നീണ്ടയാത്രകൾ ആരംഭിച്ചത് . (തുടരും)








0 comments