മദ്യപിച്ച് അയൽക്കാരുമായുള്ള തര്‍ക്കത്തിനിടെ മൂന്നാം നിലയിൽ നിന്ന് ഗ്യാസ് സിലിണ്ടര്‍ വലിച്ചെറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

ന്യൂഡൽഹി:മദ്യപിച്ച് ലക്കുകെട്ട് അയൽക്കാരുമായി തല്ലുകൂടിയ യുവാവ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ഗ്യാസ് സിലിണ്ടര്‍ താഴേക്ക് വലിച്ചെറിഞ്ഞു. പാചക വാതകം നിറച്ച സിലിണ്ടര്‍ പതിച്ച് താഴെ നിൽക്കുകയായിരുന്ന 28 കാരൻ ശിരസ് പിളര്‍ന്ന് മരിച്ചു. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബിന്ദാപൂരിലാണ് ദാരുണ സംഭവം.
ബിന്ദാപൂർ എക്സ്റ്റൻഷനിലെ രാധിക അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന 28-കാരനായ സാഹിൽ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇതേ കെട്ടിടത്തിലെ താമസക്കാരനായ ശിവം ശർമ്മ എന്ന ശിവിനെ (24) പൊലീസ് അറസ്റ്റു ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ തലാബ് വാല പാർക്കിന് സമീപമുള്ള രാധിക അപ്പാർട്ട്‌മെന്റിലായിരുന്നു സംഭവം. പ്രതിയായ ശിവം ശർമ്മ രാവിലെ മുതൽ മദ്യപിച്ചിരുന്നതായും ജോലിക്ക് പോയിരുന്നില്ലെന്നും പോലീസ് പറഞ്ഞു. ബിന്ദാപൂരിലെ ഒരു ഫാക്ടറിയിൽ തയ്യൽക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. വൈകുന്നരേത്തോടെ ഇയാളുടെ ബോധനില വഷളായി. കെട്ടിടത്തിലെ മറ്റ് താമസക്കാരുമായി വാക്കുതർക്കത്തിലേർപ്പെട്ടു. ഏഴ് മണിയോടെ തർക്കം രൂക്ഷമായി. കടുത്ത ദേഷ്യത്തിൽ മൂന്നാം നിലയിലെ തന്റെ താമസസ്ഥലത്തേക്ക് ഓടിക്കയറി. കയ്യിൽ കിട്ടിയ സിലിണ്ടര്‍ എടുത്ത് താഴേക്ക് എറിയുകയായിരുന്നു.
ഈ സമയം കെട്ടിടത്തിന് താഴെ നിൽക്കുകയായിരുന്ന സാഹിലിന്റെ തലയിലേക്കാണ് സിലിണ്ടർ വന്നുപതിച്ചത്. ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാഹിലിനെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ട സാഹിൽ ഇതേ കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു താമസം. ഭാര്യയും ഒന്നര വയസ്സുള്ള മകനുമടങ്ങുന്നതാണ് സാഹിലിന്റെ കുടുംബം.








0 comments