Deshabhimani

കോൺഗ്രസ് ഗ്രൂപ്പ് പോര് മുറുകുന്നു: സതീശനും വേണുഗോപാലുമായും അഭിപ്രായ വ്യത്യാസമുണ്ടെന്ന് ചെന്നിത്തല

Ramesh Chennithala
വെബ് ഡെസ്ക്

Published on Nov 28, 2026, 01:11 PM | 1 min read

തിരുവനന്തപുരം: കോൺഗ്രസിൽ നേതാക്കളുടെ ചേരിതിരിഞ്ഞുള്ള വാക്‌പോരും ഗ്രൂപ്പ് യുദ്ധവും മുറുകുമ്പോൾ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി വി ഡി സതീശനും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലുമായും തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് ചെന്നിത്തല തുറന്ന് പറഞ്ഞു.


'വി ഡി സതീശനും കെ സി വേണുഗോപാലുമായും അഭിപ്രായവ്യത്യാസമുണ്ട്. ഗ്രൂപ്പുകൾ വേണ്ടാ എന്നാണ് ഹൈക്കമാൻഡ് പറഞ്ഞിരിക്കുന്നത്. ഗ്രൂപ്പുണ്ടാക്കാൻ ശ്രമിക്കുന്നവരെല്ലാം അതോർക്കണം. ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു'- എന്നുമാണ് ചെന്നിത്തല പറഞ്ഞത്. അഞ്ചുവർഷവും ആഭ്യന്തരമന്ത്രിയായി തന്നെ തുടരുമോ എന്ന ചോദ്യത്തിന്, പാർടി ആവശ്യപ്പെട്ടാൽ ആ നിമിഷം രാജിവെക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.


അതേസമയം കെപിസിസി വിലക്കിയിട്ടും പരസ്യ പ്രസ്താവനയും സൈബർ – ഫ്ലക്സ് യുദ്ധവും കനക്കുമ്പോൾ നിർണായക വിഷയങ്ങളിൽ വിട്ടുവീഴ്‌ച വേണ്ടെന്ന നിലപാടിലാണ് ഗ്രൂപ്പുകൾ. പാർടിയിലും ഭരണതലത്തിലും പ്രശ്നം പിടിവിട്ടതോടെ പ്രശ്നപരിഹാരത്തിന്‌ എഐസിസി വക്താക്കൾ തിരക്കിട്ട നീക്കമാണ്‌ നടത്തുന്നത്‌. കെ സി വേണുഗോപാൽ, എ വിഭാഗങ്ങൾ മുന്നോട്ടുവയ്ക്കുന്ന പരിഹാര ഫോർമുല അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ്‌ മുഖ്യമന്ത്രി വി ഡി സതീശനോടൊപ്പമുള്ളവർ. മന്ത്രിസഭയിൽ സീനീയർമാരായ എല്ലാ നേതാക്കളുമുള്ളപ്പോൾ പ്രത്യേക ഏകോപനസമിതി ആവശ്യമില്ല. കെപിസിസി പ്രസിഡന്റിനെ മാറ്റുകയാണെങ്കിൽ മുഖ്യമന്ത്രിക്ക്‌ സമ്മതനായ ആളുവേണമെന്നും ഇവർ ആവശ്യപ്പെടുന്നു. എഐസിസി ചുമതലക്കാരി ദീപദാസ്‌മുൻഷി കൂടി ഉൾപ്പെടുന്ന ഏകോപനസമിതിയാണ്‌ വേണുഗോപാൽ ലക്ഷ്യമിടുന്നത്‌.


കേരളത്തിലെ സ്ഥിതിഗതികൾ ഉടൻ പരിഹരിക്കണമെന്നും മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലി മാറ്റണമെന്നും മുതിർന്ന നേതാക്കളും ആവശ്യപ്പെട്ടിരുന്നു. വൈദ്യുതി, പിഎസ്‌സി നിയമന വിഷയങ്ങളിൽ തന്നോട്‌ കൂടിയാലോചിക്കാത്തതിൽ കടുത്ത അമർഷത്തിലാണ്‌ സണ്ണി ജോസഫ്‌.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home