Deshabhimani

രേഖാമൂലം

കമ്യൂണിസവുമായി അമേരിക്കയ്‌ക്കു പോയ ‘കീർത്തി’

പടം
avatar
ശ്രീകുമാർ ശേഖർ

Published on Nov 28, 2026, 01:21 PM | 2 min read

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അട്ടിമറിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് 32 കമ്യൂണിസ്‌റ്റ്‌ നേതാക്കളെ പ്രതികളാക്കി മീറത്ത്‌ ഗൂഢാലോചന കേസ്‌ ജന്മമെടുക്കുന്നത്‌ 1929 മാർച്ചിലാണ്‌. 1933 വരെ നീണ്ട കേസിലെ പ്രതികളിൽ ഒരാളായിരുന്നു പഞ്ചാബിൽനിന്നുള്ള കമ്യൂണിസ്‌റ്റ്‌ നേതാവ്‌ സോഹൻ സിങ് ജോഷ്‌. വിചാരണവേളയിൽ ജോഷ്‌ നേരിടേണ്ടിവന്ന ചോദ്യങ്ങൾ ഏറെയും ‘കീർത്തി’ എന്ന ഗുരുമുഖി (പഞ്ചാബി) ലിപിയിൽ പ്രസിദ്ധീകരിച്ചിരുന്ന പത്രത്തെപ്പറ്റിയായിരുന്നു. മീറത്ത്‌ ഗൂഢാലോചന കേസിലെ മുഖ്യ പ്രേരകശക്തിയായി ബ്രിട്ടീഷ്‌ സർക്കാർ കണ്ട പ്രസിദ്ധീകരണങ്ങളിൽ ഒന്ന്‌ ഈ പത്രമായിരുന്നു. അറസ്‌റ്റിലാകുമ്പോൾ അതിന്റെ പത്രാധിപരായിരുന്നു ജോഷ്‌ എന്നായിരുന്നു കേസ്‌. എന്നാൽ താൻ പത്രാധിപരായിരുന്നില്ലെന്നും ജോയിന്റ് മാനേജിങ്‌ ഡയറക്ടറായിരുന്നുവെന്നും ജോഷ്‌ വ്യക്തമാക്കി.

മാർക്‌സിന്റെയും ലെനിന്റെയും മുഖചിത്രവുമായി ഇറങ്ങിയ കീർത്തി ലഹറിന്റെ 1938 നവംബർ 6 ലക്കംമാർക്‌സിന്റെയും ലെനിന്റെയും മുഖചിത്രവുമായി ഇറങ്ങിയ കീർത്തി ലഹറിന്റെ 1938 നവംബർ 6 ലക്കം

‘കീർത്തി’യിലെ ലേഖനങ്ങളെപ്പറ്റിയും പത്രനടത്തിപ്പിനുള്ള പണം വരുന്ന വഴിയെപ്പറ്റിയുമുള്ള തുടർച്ചയായ ചോദ്യങ്ങൾക്ക്‌ ജോഷ്‌ നൽകിയ മറുപടികൾ കേസ്‌ രേഖകളിൽ കാണാം. മാർക്‌സിയൻ കാഴ്‌ചപ്പാടിൽ നിന്നുകൊണ്ട്‌ എന്ത് എഴുതാനും എഡിറ്റർക്ക് പൂർണ സ്വാതന്ത്ര്യമുണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നുണ്ട്‌. പത്രത്തിന്‌ റഷ്യയിൽനിന്നു പണം കിട്ടിയിരുന്നു എന്നത്‌ നുണയാണ്‌. വരിക്കാരും അഭ്യുദയകാംക്ഷികളും നൽകിയ സംഭാവനയിലാണ്‌ പത്രം പ്രവർത്തിച്ചത്‌. ലഭിച്ച പണത്തിന്റെ കണക്ക്‌ ഓരോ ലക്കത്തിലും പ്രസിദ്ധീകരിച്ചിരുന്നു ‐ കോടതിയിൽ ഹാജരാക്കിയ പത്രത്തിന്റെ പകർപ്പുകൾ ഉദ്ധരിച്ച്‌ ജോഷ്‌ ചൂണ്ടിക്കാട്ടി. കമ്യൂണിസ്‌റ്റ്‌ പ്രവർത്തനങ്ങൾ നടത്തി എന്ന ആരോപണം ജോഷടക്കം പ്രതികളാരും നിഷേധിച്ചില്ല. ‘കീർത്തി’യിൽ വന്ന ലേഖനങ്ങളെ ഒന്നും ജോഷ്‌ തള്ളിപ്പറഞ്ഞതുമില്ല. പാർടിയിലെ പിളർപ്പിനുശേഷം സിപിഐയിൽ പ്രവർത്തിച്ച ജോഷ്‌ 1982-ൽ എൺപത്തിമൂന്നാം വയസ്സിലാണ്‌ അന്തരിച്ചത്‌. ഗദർ പാർടി തുടങ്ങിയ ‘ഗദർ’ ആയിരുന്നു പഞ്ചാബിലെ ആദ്യ വിപ്ലവപത്രം. പിന്നീടാണ്‌ ഗദർ പാർടി നേതാവ്‌ സന്തോഖ്‌ സിങ് പഞ്ചാബി പത്രം ‘കീർത്തി’ (തൊഴിലാളി) തുടങ്ങിയത്. ഗദർ പാർടിയുടെ സ്ഥാപക നേതാക്കളിലൊരാളായിരുന്ന സന്തോഖ്‌ സിങ് അപ്പോഴേക്കും കമ്യൂണിസ്‌റ്റ്‌ ആയിരുന്നു. റഷ്യ സന്ദർശിക്കുകയും ചെയ്‌തു.

സോഹൻ സിങ് ജോഷ്‌സോഹൻ സിങ് ജോഷ്‌

1925 ഡിസംബറിൽ കാൺപൂരിൽ കമ്യൂണിസ്‌റ്റ്‌ പാർടി രൂപീകരിക്കാനുള്ള യോഗത്തിൽ പങ്കെടുത്തിരുന്നു. പിന്നാലെയാണ്‌ 1925 ഡിസംബറിൽ ‘കീർത്തി’ തുടങ്ങിയത്‌. 1927 മെയ് 19-ന് സന്തോഖ്‌ സിങ് അന്തരിച്ചു. അതിനുമുമ്പ്‌ ജനുവരിയിൽ തന്നെ ജോഷിനായി പത്രത്തിന്റെ ചുമതല. പുറംതാളിൽ തന്നെ വിപ്ലവമുദ്രാവാക്യങ്ങളും മാർക്‌സിന്റെയും ലെനിന്റെയും ചിത്രങ്ങളും ഉൾപ്പെടുത്തി ഇറങ്ങിയ ‘കീർത്തി’ ആവേശമായി. ധീര വിപ്ലവകാരി ഭഗത്‌ സിങ്ങും ‘കീർത്തി’യിൽ എഴുതിയിരുന്നു. 1934 വരെ അമൃത്‌സറിൽനിന്ന്‌ ‘കീർത്തി’ ഇറങ്ങി. പിന്നീട്‌ മീറത്തിൽനിന്ന്‌ ‘കീർത്തി ലഹർ’ എന്ന പേരിൽ പഞ്ചാബിയിലും ഉറുദുവിലും പത്രം 1939 വരെ പ്രസിദ്ധീകരിച്ചു. ഈ പത്രത്തെ ബ്രിട്ടൻ വല്ലാതെ ഭയന്നതിന്‌ ഒരു കാരണം ഇന്ത്യയ്‌ക്കു പുറത്തും അതിനുണ്ടായിരുന്ന പ്രചാരവും സ്വാധീനവുമാണ്‌.

ഹർകിഷൻ സിങ് സുർജിത്‌ ഹർകിഷൻ സിങ് സുർജിത്‌

അമേരിക്കയിലും ബ്രിട്ടനിലും കാനഡയിലുമുണ്ടായിരുന്ന പഞ്ചാബികൾക്കിടയിൽ പത്രം പ്രചരിക്കുന്നതു തടയാൻ അധികൃതർ നടത്തിയ എഴുത്തുകുത്തുകൾ പലതും നാഷണൽ ആർക്കൈവ്‌സിൽ കാണാം. സാൻ ഫ്രാൻസിസ്‌കോയിലെ ബ്രിട്ടീഷ് കോൺസൽ ജനറൽ 1939 ഡിസംബർ 12-ന്‌ ബ്രിട്ടനിലെ ഫോറിൻ ഓഫീസി (വിദേശകാര്യ ഓഫീസ്)ലേക്കയച്ച കത്തിൽ ഇങ്ങനെ കാണാം: ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഇമിഗ്രേഷൻ അധികാരികളിൽനിന്ന് ലഭിച്ച വിവരമനുസരിച്ച്, സാൻ ഫ്രാൻസിസ്‌കോയിലെ 5, വുഡ് സ്ട്രീറ്റിലുള്ള ഗദർ പാർടിയുടെ ആസ്ഥാനം, അമൃത്‌സറിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ‘കീർത്തി’ എന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പത്രം കാലിഫോർണിയയിലേക്ക് രഹസ്യമായി എത്തിക്കുന്നത് അടുത്തിടെ പുനരാരംഭിച്ചതായി അറിയിക്കുന്നു.

"കീർത്തി'യുടെ 1928 ആഗസ്‌ത്‌ ലക്കം"കീർത്തി'യുടെ 1928 ആഗസ്‌ത്‌ ലക്കം

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഈ പത്രം ഇവിടെ രഹസ്യമായി പ്രചരിച്ചിരുന്നുവെങ്കിലും ഇമിഗ്രേഷൻ അധികാരികൾ അത് തടയുകയായിരുന്നു.’ കാലിഫോർണിയ സർവകലാശാലയിലെ മുൻ വിദ്യാർഥിയായിരുന്ന ഗദർ പാർടിയുടെ ലോക്കൽ സെക്രട്ടറി മുകുന്ദ് സിങ് ആണ് പത്രം കൈപ്പറ്റുകയും ഇന്ത്യക്കാർക്കിടയിൽ വിൽക്കുകയും ചെയ്യുന്നതെന്നും കത്തിലുണ്ട്‌. ഇക്കാര്യത്തിൽ അടിയന്തര നടപടികൾക്കും പത്രത്തിന്റെ വിതരണം തടയുന്നതിനുമുള്ള നിർദേശം ഫയലിൽ കാണാം. എന്നാൽ എല്ലാ വിലക്കുകളും മറികടന്ന്‌ ‘കീർത്തി’ ലോകമാകെ പ്രചരിച്ചുകൊണ്ടിരുന്നു. പതിനഞ്ചാം വയസ്സിൽ അച്ഛൻ വരുത്തിയിരുന്ന ‘കീർത്തി’ വായിച്ച്‌ രാഷ്‌ട്രീയ താൽപ്പര്യം വളർന്നതിനെപ്പറ്റി അന്തരിച്ച കമ്യൂണിസ്‌റ്റ്‌ നേതാവ്‌ ഹർകിഷൻ സിങ് സുർജിത്‌ അഭിമുഖങ്ങളിൽ പറയാറുണ്ടായിരുന്നു. പഞ്ചാബിലും പുറത്തും കമ്യൂണിസ്‌റ്റ്‌ പാർടിയുടെ സ്വാധീനം വളർത്താൻ ‘കീർത്തി’ വഴികാട്ടി . ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home