ad
Deshabhimani

ബഹ്‌റൈൻ കിരീടാവകാശി അംഗീകാരം നല്‍കി: കോര്‍പറേറ്റ് നികുതി കരട് നിയമം പാര്‍ലമെന്റിന്‌ സമര്‍പ്പിച്ചു

bahrain
avatar
അനസ് യാസിന്‍

Published on Jan 07, 2026, 10:07 AM | 2 min read

മനാമ: സാമ്പത്തിക സ്രോതസ്സുകള്‍ വൈവിധ്യവൽക്കരിക്കുന്നതിന്റെ ഭാഗമായി കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ണായക കരട് നിയമം ബഹ്‌റൈൻ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരൻ അംഗീകാരം നല്‍കിയതോടെയാണ്‌ പാര്‍ലമെന്റിലേക്ക് അയച്ചത്. വര്‍ഷത്തിൽ രണ്ടുലക്ഷം ബഹ്‌റൈന്‍ ദിനാറില്‍ കൂടുതല്‍ ലാഭമുള്ള കമ്പനികള്‍ക്ക് 10 ശതമാനം നികുതി ചുമത്താന്‍ കരടിൽ ശുപാര്‍ശ ചെയ്യുന്നു.


2027 ജനുവരിമുതല്‍ നിയമം പ്രാബല്യത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് നാഷണല്‍ ബ്യൂറോ ഫോര്‍ റവന്യൂ ചീഫ് എക്‌സിക്യൂട്ടീവ് റാണ ഫഖിഹി അറിയിച്ചു. പുതിയ നിയമപ്രകാരം, വാര്‍ഷിക വരുമാനം 10 ലക്ഷം ദിനാറിന് മുകളിലോ അറ്റാദായം രണ്ടുലക്ഷം ദിനാറിന് മുകളിലോ ഉള്ള പ്രാദേശിക കമ്പനികള്‍ നികുതി നല്‍കാന്‍ ബാധ്യസ്ഥരായിരിക്കും. എന്നാല്‍, രണ്ടുലക്ഷം ദിനാര്‍വരെയുള്ള ലാഭത്തെ നികുതിയില്‍നിന്ന് ഒഴിവാക്കും. നിലവില്‍ അന്താരാഷ്ട്ര തലത്തില്‍ 75 കോടി യൂറോയില്‍ കൂടുതല്‍ വിറ്റുവരവുള്ളതും 15 ശതമാനം മിനിമം ടാക്‌സ് (ഡിഎംടിടി) നല്‍കുന്നതുമായ വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് പുതിയ 10 ശതമാനം നികുതി അധികമായി നല്‍കേണ്ടി വരില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.


സ്വദേശി ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളവും ആനുകൂല്യങ്ങളും നികുതി വിധേയമായ വരുമാനത്തില്‍നിന്ന് ഒഴിവാക്കും. സ്വകാര്യ മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് കമ്പനികളെ പ്രോത്സാഹിപ്പിക്കാനാണ് ഇളവ് നല്‍കുന്നത്. അതേസമയം, സാധാരണക്കാരായ പ്രവാസികളെയും സ്വദേശികളെയും ബാധിക്കുന്ന തരത്തിലുള്ള വ്യക്തിഗത വരുമാന നികുതിയോ ശമ്പള നികുതിയോ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വ്യക്തികളുടെ ശമ്പള വരുമാനം, റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളില്‍നിന്നുള്ള ലാഭം എന്നിവയെ നികുതിയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. എണ്ണ,- ഗ്യാസ് മേഖലയിലെ കമ്പനികള്‍ക്ക് നിലവിലുള്ള 46 ശതമാനം നികുതിയില്‍ മാറ്റമുണ്ടാകില്ല.


പാര്‍ലമെന്റിന്റെ ഇരുസഭകളും ചര്‍ച്ച ചെയ്ത് അംഗീകാരം നല്‍കുന്നതോടെ നിയമം ഔദ്യോഗികമായി നടപ്പാക്കും. കഴിഞ്ഞ ഡിസംബര്‍ 29ന് മന്ത്രിസഭ അംഗീകാരം നല്‍കിയ കരട് നിയമം ബഹ്‌റൈന്റെ ആധുനിക സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും പ്രധാന പരിഷ്‌കരണത്തിലൊന്നായാണ് വിലയിരുത്തുന്നത്. 61 ആര്‍ട്ടിക്കിള്‍ ഉള്‍ക്കൊള്ളുന്ന സമഗ്രമായ നിയമമാണിത്. കോര്‍പറേറ്റ് വരുമാനത്തിനും അനുബന്ധ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കും നികുതി ചുമത്താനുള്ള കൃത്യമായ ചട്ടക്കൂട് ബില്ലില്‍ വിഭാവനം ചെയ്യുന്നു. രാജ്യത്തിന്റെ വരുമാന സ്രോതസ്സുകള്‍ വൈവിധ്യവൽക്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നികുതി ഘടന കൊണ്ടുവരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home