മുഖ്യമന്ത്രിയെ വരവേറ്റ് പതിനായിരങ്ങൾ

ദുബായ് : ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വരവേറ്റ് പതിനായിരങ്ങൾ. തിങ്കൾ വൈകിട്ട് അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ ‘കേരളോത്സവം' പരിപാടിയിൽ 40,000ൽ അധികം പ്രവാസി മലയാളികൾ പങ്കെടുത്തു. ക്ഷേമപദ്ധതികളാൽ പ്രവാസികളെ ചേർത്തുപിടിച്ച ജനനായകനെ കാണാൻ ഷാർജയടക്കമുള്ള എമിറേറ്റുകളിൽനിന്ന് പ്രവാസികൾ ഒഴുകിയെത്തി. യുഎഇയിലെ മലയാളികളുടെ ഏറ്റവും വലിയ ഒത്തുചേരലായി പരിപാടി മാറി.
പര്യടനത്തിന്റെ ഭാഗമായി വിവിധ ഗൾഫ് രാജ്യങ്ങളിൽ നടത്തിയ സന്ദര്‍ശനവും പ്രവാസി മലയാളികള്‍ നല്‍കിയ സ്വീകരങ്ങളും വിശദീകരിച്ച് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചു. കേരളത്തിന്റെ വളർച്ചയിലും വികസനത്തിലും പ്രവാസികൾ നൽകിയ സംഭാവനകൾ അദ്ദേഹം എടുത്തുപടഞ്ഞു. അഞ്ച് ജിസിസി രാജ്യങ്ങളിലെ മന്ത്രിമാരും ഭരണനേതൃത്വവുമായി കൂടിക്കാഴ്‌ചകൾ നടത്തി. കേരളത്തിന്റെ വിവിധ മേഖലകളിൽ നിക്ഷേപം നടത്താനുള്ള ചർച്ചകൾ നടന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ഒന്‍പതര വര്‍ഷത്തിൽ വിവിധ മേഖലകളിൽ കേരളം കൈവരിച്ച വികസന നേട്ടങ്ങൾ മുഖ്യമന്ത്രി പരാമര്‍ശിച്ചു. കിഫ്ബി വഴി സംസ്ഥാനത്തുണ്ടായ വികസനക്കുതിപ്പും വിശദീകരിച്ചു. നാടിന്റെ പശ്ചാത്തല സൗകര്യ വികസനത്തിന് സാമ്പത്തിക സ്രോതസ് കണ്ടെത്താനായാണ് കിഫ്ബി രൂപീകരിച്ചത്. 96,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അതുവഴി നടന്നു. ആ വികസനത്തിന്റെ തെളിവുകൾ കേരളത്തിൽ എല്ലായിടത്തും കാണാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോ. കെ പി ഹുസൈൻ അധ്യക്ഷനായി. കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി എ ജയതിലക്, എം എ യൂസഫലി, എൻ കെ കുഞ്ഞമ്മദ്, ഷിജു ബഷീർ എന്നിവർ സംസാരിച്ചു.
മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്‌ച ദുബായിലെത്തിയ മുഖ്യമന്ത്രി യുഎഇ മന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തി. ക്യാബിനറ്റ് മന്ത്രി മുഹമ്മദ് അബ്‌ദുള്ള അൽ ഖർഖാവി, സാമ്പത്തിക ടൂറിസം മന്ത്രി അബ്‌ദുള്ള ബിൻ തൗഖ് അൽ മർവി, വിദേശ വ്യാപാര മന്ത്രി ഡോ. ഥാനി ബിൻ അഹമ്മദ് അൽ സിയൂദി എന്നിവരുമായാണ് കൂടിക്കാഴ്‌ച നടത്തിയത്. അബുദാബി നിക്ഷേപ ഓഫീസ് ഡയറക്‌ടർ ജനറൽ ബദർ അൽ ഉലമ, വിദേശ വ്യപാര വകുപ്പ് അണ്ടർ സെക്രട്ടറി ഫഹദ് അൽ ഖർ ഖാവി, ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി എ ജയതിലക്, ബുർജീൽ ഹോൾഡിങ് ചെയർമാൻ ഷംഷീർ വയലിൽ, ലുലു എക്‌സ്‌ചേഞ്ച് സിഇഒ അബ്‌ദ് അഹമ്മദ്, ഷാരോൺ ഷംസുദ്ധീൻ എന്നിവരും പങ്കെടുത്തു.









0 comments