ചില്ല റിയാദ് പ്രതിമാസ വായനചർച്ചാവേദി നടത്തി

റിയാദ് : കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങളെ നിരാകരിച്ചുകൊണ്ട് ജാതിമേന്മയിലും കുലമഹിമയിലും അധിഷ്ഠിതമായ പൊതുബോധം ശക്തിപ്പെടുകയാണെന്ന് ചില്ലയുടെ പ്രതിമാസ വായനചർച്ചാവേദി അഭിപ്രായപ്പെട്ടു. ജാതി, കുലം, പൊതുബോധം എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ മലയാളിയുടെ ജനപ്രിയ മേഖലകളിൽ വരെ ഈ പൊതുബോധം ആധിപത്യം പുലർത്തുന്നതായി ചൂണ്ടിക്കാട്ടി. സുരേഷ് ഗോപി അടക്കമുള്ളവർ ഒട്ടും ചരിത്ര-സാമൂഹ്യബോധമില്ലാതെ തട്ടിവിടുന്ന ജാതി-കുലമേന്മാ വാദങ്ങൾ സാധാരണക്കാരിലേക്ക് എളുപ്പം എത്തുന്നുണ്ടെന്ന വിലയിരുത്തലുണ്ടായി.
സംവാദത്തിന് മുന്നോടിയായി മൂന്ന് പുസ്തകാവതരണങ്ങൾ നടന്നു. പ്രശസ്ത ദളിത് എഴുത്തുകാരനും ചിന്തകനുമായ കാഞ്ച ഇളയ്യ രചിച്ച 'ഗോഡ് ആസ് പൊളിറ്റിക്കൽ ഫിലോസഫർ: ബുദ്ധാസ് ചലഞ്ച് ടു ബ്രാഹ്മണിസം' എന്ന കൃതിയുടെ സവിശേഷമായ ചിന്തകൾ പങ്കുവച്ചുകൊണ്ട് ജോണി പനംകുളം വായനാവതരണങ്ങൾക്ക് തുടക്കം കുറിച്ചു.
ഇന്ത്യയിലെ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും സമാധാന-നീതി പ്രവർത്തകനുമായ ഹർഷ് മന്ദർ എഴുതിയ 'ഫാറ്റൽ ആക്‌സിഡന്റ്സ് ഓഫ് ബെർത്ത്' എന്ന കൃതിയുടെ വൈകാരികമായ തലങ്ങൾ എം. ഫൈസൽ സദസ്സിൽ അവതരിപ്പിച്ചു. ജോമോൻ സ്റ്റീഫൻ വായനകളുടെ അവലോകനം നടത്തി. ചർച്ചയിൽ വിപിൻ കുമാർ, സരസൻ ബദിയ, റസൂൽ സലാം, സബീന എം. സാലി, റഫീഖ് പന്നിയങ്കര, ഷഹീബ വി.കെ, നജീം കൊച്ചുകലുങ്ക്, അനിത്ര ജ്യോമി എന്നിവർ പങ്കെടുത്തു. നാസർ കാരക്കുന്ന് സംവാദം മോഡറേറ്റ് ചെയ്തു. റഫീഖ് പന്നിയങ്കരയുടെ 'പ്രിയപ്പെട്ടൊരാൾ' എന്ന നോവൽ ഷഹീബക്ക് നൽകിക്കൊണ്ട് സബീന എം സാലി പരിപാടിയിൽ പ്രകാശനം ചെയ്തു.









0 comments