ഓൺലൈൻ വായനയുമായി ചില്ല

റിയാദ്: ഒരു ഇടവേളക്ക് ശേഷം സൂം പ്ലാറ്റ്ഫോമിൽ നടന്ന ചില്ലയുടെ പ്രതിമാസ വായനക്ക് മദ്രാസ് ഐ ഐ ടി വിദ്യാർത്ഥി അഖിൽ ഫൈസൽ ചെന്നൈയിൽ നിന്ന് തുടക്കം കുറിച്ചു. ഷേക്സ്പിയറിന്റെ വിഖ്യാത ക്ലാസിക് ദുരന്തനാടകമായ 'ഒഥല്ലൊ'യുടെ വായനാനുഭവവും ആ നാടകത്തിൽ വിമർശനവിധേയമാകുന്ന വംശീയതയും പകയും വിദ്വേഷവും അവതാരകൻ സദസിന് മുന്നിൽ അവതരിപ്പിച്ചു. അധ്യാപകനും എഴുത്തുകാരനുമായിരുന്ന കെ കെ പ്രകാശം എഴുതി അരനൂറ്റാണ്ടു മുമ്പ് പ്രസിദ്ധീകരിച്ച 'അച്ഛന്റെ മകൾ' എന്ന കൃതിയുടെ വായനാനുഭവം കൊല്ലത്തു നിന്ന് അനിത നസീം സദസുമായി പങ്കുവച്ചു.
ഡി സി ബുക്ക്സ് സുവർണ ജൂബിലി നോവൽ മത്സരത്തിൽ പുരസ്‌കാരം നേടിയ ഷംസുദ്ധീൻ കുട്ടോത്ത് എഴുതിയ ഇരിച്ചാൽ കാപ്പ് എന്ന നോവലിന്റെ വായനാനുഭവം പങ്കിട്ടത് കൊടുങ്ങല്ലൂരിൽ നിന്ന് ടി എ ഇഖ്ബാൽ ആണ്. കഥകളും ഉപകഥകളുമായി വികസിക്കുന്ന നോവലിലെ അലൻ റൂമിയെന്ന നായകന്റെ ജീവിതാന്വേഷണമാണ് നോവൽ. ഇരിച്ചാൽ കാപ്പ് എന്ന ജലരാശിക്ക് ചുറ്റുമുള്ള മനുഷ്യരുടെയും ഇതര ചരാചരങ്ങളുടെയും മനോഹര ആഖ്യാനം ഇക്ബാൽ പങ്കുവച്ചു
വായനക്ക് ശേഷം നടന്ന 'കൺവേഴ്സിങ് ഓൺ ദി എസ്തെറ്റിക്സ് ആൻഡ് എക്സ്പീരിയൻസ് ഓഫ് ഓൺലൈൻ ആൻഡ് ഓഫ്‌ലൈൻ റീഡിങ്' (conversing on the aesthetics and experience of the online and offline reading) എന്ന വിഷയത്തിലെ ചർച്ചക്ക് നൗഷാദ് കോർമത്ത് മഞ്ചേരിയിൽ നിന്ന് തുടക്കം കുറിച്ചു. ജോണി പനംകുളം, ബീന, സുരേഷ് ലാൽ, അഖിൽ ഫൈസൽ തുടങ്ങിവർ ചർച്ചയിൽ പങ്കെടുത്തു. എം ഫൈസൽ ചർച്ചകൾ ഉപസംഹരിച്ചു സംസാരിച്ചു. നൗഷാദ് കോർമത്ത് മോഡറേറ്റർ ആയിരുന്നു.









0 comments