ad
Deshabhimani

മഞ്ഞുവീഴ്ചയ്ക്കും പൊടിക്കാറ്റിനും സാധ്യത: കുവൈത്ത്‌ കടുത്ത തണുപ്പിലേക്ക്‌

kuwait fog
വെബ് ഡെസ്ക്

Published on Jan 15, 2026, 01:26 PM | 1 min read

കുവൈത്ത് സിറ്റി: വരും ദിവസങ്ങളിൽ കുവൈത്തിലെ കാലാവസ്ഥയിൽ ഗണ്യമായ മാറ്റം സംഭവിക്കുമെന്നും രാജ്യത്ത് കടുത്ത തണുപ്പനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ കുറഞ്ഞ താപനില മൂന്ന്‌ ഡിഗ്രി സെൽഷ്യസിനും താഴേക്ക് ഇടിയാൻ സാധ്യതയുണ്ട്‌. ഇതിന്റെ ഭാഗമായി മഞ്ഞ് ഉറഞ്ഞുകൂടുന്ന അവസ്ഥയും ശക്തമായ പൊടിക്കാറ്റും ഉണ്ടാകാമെന്നും അധികൃതർ മുന്നറയിപ്പ്‌ നൽകി.


യൂറോപ്പിൽനിന്നുള്ള അത്യന്തം തണുത്ത വായുമണ്ഡലവും വടക്കുപടിഞ്ഞാറൻ ദിശയിൽനിന്നുള്ള ശക്തമായ കാറ്റും രാജ്യത്തേക്ക് വ്യാപിക്കുന്നതാണ് കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ മാറ്റത്തിന് കാരണം. ഇതിന്റെ സ്വാധീനഫലമായി, പ്രത്യേകിച്ച് മരുഭൂമി പ്രദേശങ്ങളിലും തുറസ്സായ മേഖലകളിലും തണുപ്പിന്റെ കാഠിന്യം ഏറെ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. രാത്രികാലത്തും പുലർച്ചെയും ചില പ്രദേശങ്ങളിൽ താപനില പൂജ്യം ഡിഗ്രിവരെ താഴാൻ സാധ്യതയുണ്ട്‌. കൃഷിയിടങ്ങളിലും തുറസ്സായ സ്ഥലങ്ങളിലുമുള്ള സസ്യങ്ങളിൽ മഞ്ഞ് വീഴ്ച ഉണ്ടാകാൻ ഇടയുണ്ട്‌. ഇതുമൂലം കൃഷിത്തോട്ടങ്ങൾക്കും വിളകൾക്കും നാശം സംഭവിക്കാനുള്ള സാധ്യത നിലനിൽക്കുന്നുവെന്നും മുന്നറിയിപ്പിലുണ്ട്.


ശക്തമായ കാറ്റ് വീശുന്നതോടെ അന്തരീക്ഷത്തിൽ പൊടി ഉയർന്ന് കാഴ്ചപരിധി ഗണ്യമായി കുറയാൻ സാധ്യതയുണ്ട്‌. ഹൈവേകളിലടക്കം വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണം. ദൂരക്കാഴ്ച കുറയുന്ന സാഹചര്യത്തിൽ വേഗത നിയന്ത്രിക്കണമെന്നും നിർദേശമുണ്ട്. പൊടിക്കാറ്റും ഉയർന്ന ഈർപ്പനിലയും കാരണം ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരും ആസ്‌ത്‌മ, അലർജി രോഗികളും അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം. പുറത്ത് പോകേണ്ടിവന്നാൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.


കമ്പിളി വസ്ത്രങ്ങൾ ഉപയോഗിക്കുകയും കുട്ടികൾ, വയോധികർ, തുറസ്സായ പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ എന്നിവർക്ക് പ്രത്യേക പരിഗണന നൽകണമെന്നും അധികൃതർ അറിയിച്ചു. കാലാവസ്ഥയിലെ തുടർവികാസങ്ങളെക്കുറിച്ചുള്ള പുതുക്കിയ വിവരങ്ങൾ ഔദ്യോഗിക അറിയിപ്പുകളിലൂടെ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home