‘മാൽ കാർഡ്' പുറത്തിറക്കൽ: തട്ടിപ്പ് മുന്നറിയിപ്പുമായി ഒമാൻ സെൻട്രൽ ബാങ്ക്

മസ്‌കത്ത്: മാൽ കാർഡുമായി ബന്ധപ്പെട്ട് തട്ടിപ്പുശ്രമങ്ങൾ തടയാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഒമാൻ സെൻട്രൽ ബാങ്ക്. ഒമാൻ പുറത്തിറക്കിയ പുതിയ മാൽ കാർഡിന്റെ സോഫ്റ്റ് ലോഞ്ചിനെ തുടർന്നാണ് മുന്നറിയിപ്പ്. ഒമാനിൽ പ്രവർത്തിക്കുന്ന ലൈസൻസുള്ള ബാങ്കുകൾ ഫോണിലൂടെയോ അനൗദ്യോഗിക മാർഗങ്ങളിലൂടെയോ ബാങ്കിങ്, വ്യക്തിഗത വിവരങ്ങൾ അഭ്യർഥിക്കില്ലെന്നും സെൻട്രൽ ബാങ്ക് ഓർമിപ്പിച്ചു.
ഒരു സാഹചര്യത്തിലും ബാങ്കിങ്, വ്യക്തിഗത വിവരങ്ങൾ പങ്കിടാൻ പാടില്ല. പിൻ, വൺ-ടൈം പാസ്‌വേഡ്, കാർഡിന്റെ സുരക്ഷാ കോഡ്, മൊബൈൽ ബാങ്കിങ് ലോഗിൻ ക്രഡൻഷ്യലുകൾ എന്നിവ പങ്കുവയ്ക്കരുത്. ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം പ്രഖ്യാപിക്കുന്ന ഔപചാരിക ബാങ്കിങ് നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ മാൽ കാർഡ് നൽകൂ. സംശയാസ്‌പദമായ ഫോൺ ലഭിക്കുകയോ തട്ടിപ്പുശ്രമം നടന്നതായി സംശയിക്കുകയോ ചെയ്താൽ 80077744 എന്ന നമ്പറിൽ പൊലീസിനെ ബന്ധപ്പെടണമെന്നും അധികൃതർ വ്യക്തമാക്കി.









0 comments