പ്രവാസികൾക്ക് ആശ്വാസം: പാസ്‌പോർട്ട് കാലാവധിയിൽ പുതിയ ഇളവുകളുമായി കുവൈത്ത്

കുവൈത്ത് സിറ്റി: പാസ്‌പോർട്ട് കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ആശ്വാസമായി കുവൈത്ത് താമസകാര്യ വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി. നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച്, പാസ്‌പോർട്ട് പുതുക്കാൻ കഴിയാത്തവർക്ക് എംബസി നൽകുന്ന കാലാവധി ദീർഘിപ്പിക്കൽ രേഖകൾ ഔദ്യോഗികമായി അംഗീകരിക്കണമെന്നാണ് താമസകാര്യ വകുപ്പ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഫരീദ് അൽ-മുതൈരി നിർദേശം നൽകി.
മേഖലയിലെ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്താണ് അപേക്ഷകരുടെ നടപടിക്രമങ്ങൾ ലളിതമാക്കിയത്. പാസ്‌പോർട്ട് പുതുക്കാൻ സാധിക്കാതെ സ്വന്തം എംബസി വഴി കാലാവധി ദീർഘിപ്പിക്കപ്പെട്ട പ്രവാസികളുടെ അപേക്ഷകൾ താമസകാര്യ വകുപ്പിന് കീഴിലെ എല്ലാ വിഭാഗങ്ങളും നിർബന്ധമായും സ്വീകരിക്കണമെന്നാണ് സർക്കുലറിൽ വ്യക്തമാക്കുന്നത്.
എന്നാൽ, പാസ്‌പോർട്ടിന്റെ കാലാവധി ദീർഘിപ്പിച്ചതിന്റെ രേഖ പാസ്‌പോർട്ടിൽ തന്നെ വ്യക്തമായി പതിച്ചിരിക്കണം. ഇതോടൊപ്പം, ബന്ധപ്പെട്ട എംബസി നൽകുന്ന കത്ത് കുവൈത്ത് വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയതായിരിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. പാസ്‌പോർട്ട് കാലാവധി ദീർഘിപ്പിക്കൽ നിയമപരമായി സാധുവാണെന്ന് ഉറപ്പാക്കുന്നതിനായാണ് ഈ വ്യവസ്ഥകൾ ഏർപ്പെടുത്തിയിരിക്കുന്നത്.
സർക്കുലറിലെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ബ്രിഗേഡിയർ ജനറൽ ഫരീദ് അൽ-മുതൈരി നിർദേശം നൽകി.










0 comments