റംസാനിൽ യാചന: ഒരു ലക്ഷംവരെ പിഴയും തടവും ശിക്ഷ

ഷാർജ: റംസാൻ മാസത്തിൽ യാചന നടത്തുന്നവർക്ക് കടുത്ത മുന്നറിയിപ്പുമായി യുഎഇ അധികൃതർ. ഇത്തരക്കാർക്ക് മൂന്നുമാസംവരെ തടവും 5000 ദിർഹം പിഴയും ലഭിക്കുമെന്നും അധികൃതർ ഓർമിപ്പിച്ചു. ആരോഗ്യവാനായ ഒരാൾ യാചനയിൽ ഏർപ്പെടുകയോ ഭിന്നശേഷി അഭിനയിച്ച് മറ്റുള്ളവരുടെ സഹതാപം പിടിച്ചു പറ്റാൻ ശ്രമിക്കുകയോ ചെയ്യുന്നത് വഞ്ചനയായി കണക്കാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
റംസാൻ മാസത്തിൽ സംഘടിതമായി യാചന നടത്തുകയും ഇതിനായി ആളുകളെ രാജ്യത്തേക്ക് എത്തിക്കുകയും ചെയ്യുന്ന സാഹചര്യം വ്യാപകമായുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ആറുമാസത്തിൽ കുറയാത്ത തടവും ഒരു ലക്ഷത്തിൽ കുറയാത്ത തുക പിഴയും ശിക്ഷയായി ലഭിക്കും. സമൂഹമാധ്യമങ്ങൾ വഴിയുള്ള ഇലക്‌ട്രോണിക് യാചനയ്ക്കും കടുത്ത നിയന്ത്രണമുണ്ട്.
സാങ്കേതികവിദ്യ ഉപയോഗിച്ച് സഹായം അഭ്യർഥിക്കുന്നവർക്ക് 10,000 ദിർഹംവരെ പിഴ ചുമത്തും. കുട്ടികളെയോ, ഭിന്നശേഷിക്കാരെയോ യാചനയ്ക്കായി ഉപയോഗിച്ചാൽ ശിക്ഷാകാലാവധി വർധിക്കും. റംസാനിൽ ദാനധർമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനും സമൂഹത്തെ ചൂഷണത്തിൽനിന്ന് സംരക്ഷിക്കാനുമാണ് നിയമം കർശനമാക്കുന്നത്. അംഗീകൃത ജീവകാരുണ്യ സംഘടനകൾ വഴി മാത്രം സഹായങ്ങൾ കൈമാറണമെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.











0 comments