ad
Deshabhimani

പണവും സ്വർണവുമടങ്ങിയ ബാഗ് വിമാനത്താവളത്തിൽ നഷ്‌ടപ്പെട്ടു; ഉടമയെ കണ്ടെത്തി തിരിച്ചുനൽകി ദുബായ് പൊലീസ്

dubai police
വെബ് ഡെസ്ക്

Published on Jun 01, 2026, 03:51 PM | 1 min read

ദുബായ് : വിമാനത്താവളത്തിൽ നഷ്‌ടപ്പെട്ട പണവും സ്വർണവുമടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി ദുബായ് പൊലീസ്. സൗദി അറേബ്യയിൽനിന്നുള്ള വനിതാ വിനോദസഞ്ചാരിയുടെ 20,000 യുഎസ് ഡോളർ (ഏകദേശം 73,450 ദിർഹം), 150 ഗ്രാം സ്വർണം, മൊബൈൽ ഫോണുകൾ എന്നിവ ഉൾപ്പെട്ട ബാഗാണ്‌ തിരികെ നൽകിയത്‌. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ ഒന്നിൽ ബോർഡിങ് നടപടികൾക്കിടെയാണ്‌ ബാഗ് നഷ്ടമായത്. വിമാനം നഷ്ടമാകുമെന്ന ആശങ്കയിൽ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് ദുബായ് പൊലീസ് ഉദ്യോഗസ്ഥർ ബാഗ് കണ്ടെത്തി കൈമാറിയത്.


വിമാനത്താവളത്തിലെ തുറസ്സായ ഭാഗത്ത് ജീവനക്കാരൻ കണ്ടെത്തിയ ബാഗിനെക്കുറിച്ചുള്ള വിവരം ലഭിച്ചതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചതെന്ന്‌ ടെർമിനൽ ഒന്ന്‌ സുരക്ഷാ വിഭാഗം ഡയറക്ടർ കേണൽ അബ്ദുള്ള ഫൈസൽ അൽ ദോസരി അറിയിച്ചു. ബാഗ് നഷ്ടപ്പെട്ടതായി ഔദ്യോഗിക പരാതി ലഭിച്ചിരുന്നില്ല. അതിനാൽ ഉടമയെ കണ്ടെത്തുക വെല്ലുവിളിയായി. ബാഗിലുണ്ടായിരുന്ന രേഖകളുടെ സഹായത്തോടെ യാത്രക്കാരിയെ തിരിച്ചറിഞ്ഞു. വിമാനത്താവളത്തിൽ അവരുടെ സഞ്ചാരപാത പിന്തുടർന്ന് കണ്ടെത്തുകയായിരുന്നു.


ആവശ്യമായ നിയമനടപടികളും പരിശോധനകളും പൂർത്തിയാക്കിയാണ് ബാഗ് ഉടമയ്ക്ക് കൈമാറിയതെന്ന് കേണൽ അൽ ദോസരി വ്യക്തമാക്കി. ബാഗിൽ യുഎസ് ഡോളറിന് പുറമെ മറ്റ് വിദേശ കറൻസികളും വിവിധ ബ്രാൻഡുകളിലുള്ള മൊബൈൽ ഫോണുകളും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home