ഗതാഗത നിയമത്തെക്കുറിച്ച് ബോധവൽക്കരണ മത്സരം

ദുബായ് : ഗതാഗത നിയമങ്ങളെക്കുറിച്ച് അവബോധം വളർത്താൻ അഞ്ചാഴ്ച നീളുന്ന ബോധവൽക്കരണ മത്സരവുമായി ദുബായ് പൊലീസ്. മത്സരത്തിൽ വിജയിക്കുന്ന അഞ്ചുപേർക്ക് വിവിധ മേഖലകളിൽ ആനുകൂല്യങ്ങളും ഇളവുകളും ലഭിക്കുന്ന ഈസാദ് കാർഡ് സമ്മാനമായി നൽകും. ഗതാഗത അപകടങ്ങൾക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങളെക്കുറിച്ചുള്ള പത്ത് ചോദ്യങ്ങൾക്കാണ് മത്സരാർഥികൾ ഉത്തരം നൽകേണ്ടത്. അമിതവേഗം, റോഡിൽ സുരക്ഷിതമല്ലാത്ത രീതിയിൽ വാഹനം നിർത്തിയിടൽ തുടങ്ങിയ അപകടകാരണങ്ങൾ സംബന്ധിച്ച ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗതാഗത പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യങ്ങൾ തയ്യാറാക്കിയത്.
ഡിസംബർ 13 വരെ നീളുന്ന മത്സരത്തിലെ വിജയികളെ ഡിസംബർ 31ന് പ്രഖ്യാപിക്കും. ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുക. ഈസാദ് കാർഡ് സെന്റർ ഡയറക്ടർ ബ്രിഗേഡിയർ സലാഹ് മുഹമ്മദ് അൽ മർസൂഖി, ഗതാഗത ബോധവൽക്കരണ വിഭാഗം ഡയറക്ടർ കേണൽ തലാൽ അബ്ദുള്ള അൽ മൻസൂരി എന്നിവർ മത്സരത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ പൊതുജനങ്ങളെ സജീവ പങ്കാളികളാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. എല്ലാ പ്രായക്കാർക്കും മത്സരത്തിൽ പങ്കെടുക്കാമെന്ന് ഗതാഗത ബോധവൽക്കരണ വിഭാഗം മേധാവി ഫസ്റ്റ് ലെഫ്റ്റനന്റ് സൽമ അൽ മർറി അറിയിച്ചു.








0 comments