Deshabhimani

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഓച്ചിറ വൃശ്ചികോത്സവത്തിന് നാളെ തുടക്കം

ochira temple
വെബ് ഡെസ്ക്

Published on Nov 16, 2026, 08:26 AM | 1 min read

കരുനാഗപ്പള്ളി : ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പ്രസിദ്ധമായ 12 വിളക്ക് വൃശ്ചികോത്സവത്തിന് ചൊവ്വാഴ്‌ച തുടക്കം. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികൾ അറിയിച്ചു. വൃശ്ചികോത്സവ ചരിത്രത്തില്‍ ആദ്യമായി മൂന്ന് വേദികളിലായാണ് പരിപാടികള്‍ അരങ്ങേറുന്നത്. വേദി -ഒന്ന് സന്നിധി (കിഴക്കും പടിഞ്ഞാറും ക്ഷേത്ര നടകള്‍)വേദി -2 പരബ്രഹ്മ ഓഡിറ്റോറിയം, വേദി -3 നാദബ്രഹ്മം (പ്രത്യേകം തയ്യാറാക്കിയ ഡിജിറ്റല്‍ വേദി)എന്നിവയാണ് വേദികള്‍.

പതിനേഴിന് പകൽ 11ന് കെ സി വേണുഗോപാല്‍ എംപി വൃശ്ചികോത്സവം ഉദ്ഘാടനംചെയ്യും. ചടങ്ങില്‍ പ്രഥമ പരബ്രഹ്മ കീര്‍ത്തി പുരസ്‌കാരം ഗായിക കെ എസ് ചിത്രയ്ക്ക് സമ്മാനിക്കും. ഒരു ലക്ഷം രൂപയും കീർത്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. സി ആര്‍ മഹേഷ് എംഎല്‍എ അധ്യക്ഷനാകും. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രാജീവ് കടകംപള്ളില്‍ തീര്‍ഥാടന സന്ദേശം നല്‍കും. 28ന് പകല്‍ മൂന്നിന് നടക്കുന്ന സമാപന സമ്മേളനം കെ എന്‍ ബാലഗോപാല്‍ എംഎല്‍എ ഉദ്ഘാടനംചെയ്യും. മുന്‍ മന്ത്രി മുല്ലക്കര രത്നാകരന്‍ മുഖ്യപ്രഭാഷണം നടത്തും.


29ന് രാത്രി എട്ടിന് ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങിന്റെ നാടകവും 30ന് രാത്രി ഒമ്പതിന്‌ തിരുവനന്തപുരം സാഹിതി തിയറ്റേഴ്‌സിന്റെ നാടകവും നടക്കും. വൃശ്ചികോത്സവത്തിന്റെ ഭാഗമായി തീർഥാടകർക്ക്‌ ഭജനം പാര്‍ക്കാനും മറ്റുമുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 700 കുടിലിലാണ് ഇക്കുറി പടനിലത്ത് നിര്‍മിച്ചിരിക്കുന്നത്. ഇവയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി വലിപ്പംകൂടിയ കുടിലുകളാണ് നിര്‍മിച്ചിട്ടുള്ള തെന്നും ഭാരവാഹികൾ പറഞ്ഞു. പരബ്രഹ്മ ക്ഷേത്രത്തിനായി രൂപകൽപ്പന ചെയ്ത ലോഗോ സി ആര്‍ മഹേഷ് എംഎല്‍എ പ്രകാശിപ്പിച്ചു. ചിത്രകലാ അധ്യാപകനും അധ്യാപക അവാര്‍ഡ് ജോതാവുമായ സി രാജേന്ദ്രനാണ് ലോഗോ തയ്യാറാക്കിയത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home