ഓട്ടിസം പരിചരണം: പുതിയ കേന്ദ്രവുമായി ഒമാൻ

മസ്‌കത്ത്: ഓട്ടിസം പരിചരണത്തിന് ദേശീയതലത്തിലുള്ള ഓട്ടിസം പരിചരണ, -പുനരധിവാസ കേന്ദ്രം പ്രഖ്യാപിച്ച് ഒമാൻ. ലോക ഓട്ടിസം അവബോധ ദിനത്തിലാണ് പ്രഖ്യാപനം. ദേശീയ ഓട്ടിസം കേന്ദ്രത്തിന്റെ അധികാര പരിധിയിൽ 70 ലക്ഷം ഒമാനി റിയാൽ നിർദിഷ്ട കേന്ദ്രത്തിന് വകയിരുത്തി ഉത്തരവിറവും ഇറക്കി. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിന് അനുമതി നൽകിയതായി ദേശീയ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
മസ്‌കത്ത് ഗവർണറേറ്റിൽ കേന്ദ്രം സ്ഥാപിക്കാനാണ് ധാരണ. മറ്റു ഗവർണറേറ്റുകളിലും ഇത്തരത്തിൽ ബുദ്ധിമുട്ടുള്ളവരുടെ എണ്ണം കണക്കാക്കി സമാന കേന്ദ്രത്തിനുള്ള സാധ്യത പഠനങ്ങൾ നടത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഓട്ടിസം സ്‌പെക്‌ട്രം പരിധിയിൽ വിവിധ തരത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് കൃത്യമായ ചികിത്സയ്ക്കും ശരിയായ പരിചരണത്തിനും വേണ്ടിയാണ് കേന്ദ്രം സ്ഥാപിക്കുന്നത്. ഇത്തരം കേന്ദ്രങ്ങൾ ആ വിഭാഗത്തിൽപ്പെട്ടവരെ തങ്ങളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സഹായിക്കും.
സീബ് വിലായത്തിലുള്ള ദേശീയ ഓട്ടിസം സെന്ററിനോടു ചേർന്ന് 26,000 ചതുരശ്ര മീറ്ററിൽ നിർമിക്കാൻ പദ്ധതിയിട്ടാണ് പുതിയ കേന്ദ്രത്തിന്റെ രൂപരേഖ തയ്യാറാക്കുന്നത്. പ്രതിദിനം നൂറ്റമ്പതോളം രോഗികളെ കൈകാര്യം ചെയ്യാൻ സാധിക്കും വിധമാണ് രൂപകൽപ്പന. സേവനങ്ങളുടെ വൈവിധ്യം കണക്കിലെടുക്കുമ്പോൾ പശ്ചിമേഷ്യയിലെത്തന്നെ ആദ്യത്തെ കേന്ദ്രമായിരിക്കും ഇത്. ഭിന്നശേഷി വിഭാഗങ്ങൾക്ക് സാമൂഹിക വ്യവഹാരങ്ങളിൽ സജീവ പങ്കാളിത്തം നൽകുകയെന്ന നിലപാട് ഉയർത്തിപ്പിക്കുന്ന ഒമാൻ വിഷൻ 2040' നിർദേശങ്ങൾക്കനുസരിച്ചാണ് കേന്ദ്രം വിഭാവനം ചെയ്യുന്നത്.









0 comments