ഗള്‍ഫ് മേഖലയില്‍ ആശങ്ക വര്‍ധിപ്പിച്ച് ആക്രമണം

പ്രതീകാത്മകചിത്രം
കുവൈത്ത് സിറ്റി/മനാമ/ദുബായ്/റിയാദ് : ഗള്‍ഫ് മേഖലയില്‍ ആശങ്ക വര്‍ധിപ്പിച്ച് ഞായറാഴ്ചയും ആക്രമണം തുടർന്ന് ഇറാന്‍. കുവൈത്ത്, യുഎഇ, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ ജലശുദ്ധീകരണ–-വൈദ്യുതി നിലയങ്ങള്‍, പ്രധാന കെട്ടിടങ്ങള്‍, ഊര്‍ജനിലയങ്ങള്‍, പെട്രോകെമിക്കല്‍ പ്ലാന്റുകള്‍ തുടങ്ങി പശ്ചാത്തല മേഖലകളെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്. ആളാപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കുവൈത്തില്‍ ജലശുദ്ധീകരണ-, വൈദ്യുതി നിലയങ്ങള്‍, ഷുവൈഖ് ഓയില്‍ കോംപ്ലക്‌സ്, കുവൈത്ത് സിറ്റിയിലെ മിനിസ്ട്രീസ് കോംപ്ലക്‌സ് എന്നിവയെ ലക്ഷ്യമിട്ട് ശനി രാത്രിയും ഞായര്‍ പുലര്‍ച്ചെയുമാണ് ആക്രമണമുണ്ടായത്. രണ്ട് പ്രധാന ജലശുദ്ധീകരണ-, വൈദ്യുതി നിലയങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പവര്‍ ജനറേറ്റിങ് യൂണിറ്റ് പ്രവര്‍ത്തനരഹിതമായെന്ന് വൈദ്യുതി, -ജല മന്ത്രാലയം വക്താവ് ഫാത്തിമ അബ്ബാസ് ജൗഹര്‍ ഹയാത്ത് അറിയിച്ചു. പ്ലാന്റുകള്‍ക്ക് ഗുരുതര ഭൗതിക നാശനഷ്ടം സംഭവിച്ചതായും അവര്‍ വ്യക്തമാക്കി. അടിയന്തര, സാങ്കേതിക സംഘങ്ങളെ ഉടൻ സ്ഥലത്തേക്ക് വിന്യസിച്ചു.
ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് അടിയന്തര പ്രവർത്തന പദ്ധതി നടപ്പാക്കുകയാണ്. വൈദ്യുതി, -ജല സംവിധാനങ്ങളുടെ സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് പ്രധാന മുൻഗണന. അവശ്യ സേവനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കാനും താമസക്കാര്‍ക്കുള്ള തടസ്സങ്ങള്‍ കുറക്കാനും സാങ്കേതിക സംഘങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തെ കുടിവെള്ളത്തിന്റെ 90 ശതമാനവും ഇത്തരം പ്ലാന്റുകളെ ആശ്രയിച്ചാണ്. നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഞായർ പുലര്‍ച്ചെ ഷുവൈഖ് ഓയില്‍ സെക്ടര്‍ സമുച്ചയത്തില്‍ തീപിടിത്തമുണ്ടായി. എണ്ണ മന്ത്രാലയവും കുവൈത്ത് പെട്രോളിയം കോര്‍പറേഷ (കെപിസി)ന്റെ ആസ്ഥാനവും സ്ഥിതി ചെയ്യുന്ന സമുച്ചയം പൂര്‍ണമായും ഒഴിപ്പിച്ചു. തങ്ങളുടെ കീഴിലുള്ള ചില പ്രവര്‍ത്തന യൂണിറ്റുകളില്‍ തീപിടിത്തവും കാര്യമായ നാശനഷ്ടവും ഉണ്ടായതായി കോര്‍പറേഷൻ അറിയിച്ചു. ബന്ധപ്പെട്ട കമ്പനികളുടെ അടിയന്തര സംഘങ്ങളും കുവൈത്ത് അഗ്‌നിശമന സേനയും ചേർന്ന് അതിവേഗം പ്രതികരിച്ചു. തീ നിയന്ത്രണവിധേയമാക്കുകയും അടുത്തുള്ള കേന്ദ്രങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്തു. ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി ആവശ്യമായ എല്ലാ മുൻകരുതലും സ്വീകരിച്ചിരുന്നുവെന്ന് കോർപറേഷൻ അറിയിച്ചു. നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്താനായി ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് പരിശോധന തുടരുകയാണ്.
കുവൈത്ത് സിറ്റിയിലെ സര്‍ക്കാര്‍ ഭരണകേന്ദ്രമായ മിനിസ്ട്രീസ് കോംപ്ലക്‌സ് കെട്ടിടത്തിനുനേരെ ശനിയാഴ്ച രാത്രി ആക്രമണമുണ്ടായി. ആക്രമണത്തില്‍ കെട്ടിടത്തിന് സാരമായ നാശനഷ്ടം സംഭവിച്ചതായി ധനമന്ത്രാലയം സ്ഥിരീകരിച്ചു. തുടര്‍ന്ന് ഞായറാഴ്ച ജീവനക്കാര്‍ക്ക് വിദൂരജോലി പ്രഖ്യാപിച്ചിരുന്നു.
ഞായറാഴ്ച യുഎഇയ്ക്കു നേരെയുണ്ടായ ഇറാന്റെ മിസൈല്‍ ആക്രമണത്തെ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തടഞ്ഞു. രാവിലെ 6.33ന് നാഷണൽ എമർജൻസി ആൻഡ് ക്രൈസിസ് മാനേജ്മെന്റ് അതോറിറ്റി ഔദ്യോഗിക ചാനലിലൂടെ മുന്നറിയിപ്പ് നൽകി. എന്നാല്‍, മിസൈൽ അവശിഷ്ടങ്ങള്‍ അബുദാബി റുവൈസ് ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സിലെ ബൊറൂജ് പെട്രോകെമിക്കല്‍ പ്ലാന്റില്‍ പതിച്ച് ഒന്നിലധികം ഇടങ്ങളില്‍ തീപിടിച്ചു. സ്ഥാപനത്തിലെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. സംഭവത്തെ തുടർന്നുണ്ടായ നാശനഷ്ടം വിലയിരുത്താനാണ് പ്രവർത്തനം നിർത്തിയത്. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ബഹ്‌റൈനിലെ ഗള്‍ഫ് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനി (ജിപിഐസി), പൊതുമേഖല എണ്ണ കമ്പനിയായ ബാപ്‌കോ എനര്‍ജീസ് എന്നിവയുടെ പ്ലാന്റുകള്‍ക്കുനേരെയും ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ജിപിഐസിയുടെ ഓപറേഷണല്‍ യൂണിറ്റുകളിലും സ്റ്റോറേജ് ടാങ്കുകളിലും തീപിടിത്തമുണ്ടായെങ്കിലും സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ തീ നിയന്ത്രണവിധേയമാക്കി. ബാപ്‌കോയുടെ സംഭരണ ശാലയിലുണ്ടായ തീയും അണച്ചു. നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണ്. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും നിലവില്‍ സാഹചര്യം നിയന്ത്രണവിധേയമാണെന്നും അധികൃതർ വ്യക്തമാക്കി.
ഞായറാഴ്ച സൗദി അറേബ്യയെ ലക്ഷ്യമാക്കിയെത്തിയ ക്രൂയിസ് മിസൈൽ തടഞ്ഞ് നശിപ്പിച്ചതായി അധികൃതർ അറിയിച്ചു. മാർച്ച് മൂന്നുമുതൽ രാജ്യത്ത് ഏകദേശം 799 ഡ്രോണും 86 ബാലിസ്റ്റിക് മിസൈലും ഒമ്പത് ക്രൂയിസ് മിസൈലും തകർത്തു. മാർച്ച് 21ന് ആണ് ഏറ്റവും കൂടുതൽ ആക്രമണം ഉണ്ടായത്. 62 ഡ്രോണാണ് അന്നുമാത്രം സൗദിയെ ലക്ഷ്യമാക്കിയെത്തിയത്. റിയാദ്, അൽ -ഖർജ്, കിഴക്കൻ പ്രവിശ്യ, പ്രിൻസ് സുൽത്താൻ വ്യോമതാവളം എന്നിവ ഉൾപ്പെടെയുള്ള നിരവധി പ്രദേശങ്ങളെ ആവർത്തിച്ച് ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും വന്നുകൊണ്ടിരുന്നു. സൗദി വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഭൂരിഭാഗം ഭീഷണികളും ലക്ഷ്യസ്ഥാനത്ത് എത്തുംമുമ്പ് തടഞ്ഞ് നശിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി.
മേഖലയില്‍ ഏറ്റവും കൂടുതല്‍ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടത് കുവൈത്തിലാണ്. ഒപെക്കിലെ അഞ്ചാമത്തെ വലിയ എണ്ണ ഉല്‍പ്പാദകരായ കുവൈത്ത്, ആക്രമണത്തിനുമുമ്പ് ദിവസം 26 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന്, കെപിസി കരാറുകളില്‍ ഫോഴ്‌സ് മെഹ്യൂര്‍ പ്രഖ്യാപിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ എണ്ണ നിലയങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍കൂടി വര്‍ധിച്ചത് ആഗോള വിപണിയെ ബാധിക്കും.
അതേസമയം, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സുഗമമാക്കാനായി ഒമാനും ഇറാനും തമ്മില്‍ ഉപവിദേശ മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തി. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന പാതയിലെ ഗതാഗതം നിരീക്ഷിക്കാനുള്ള പ്രത്യേക പ്രോട്ടോക്കോള്‍ സംബന്ധിച്ചാണ് ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തത്. മേഖലയില്‍ സംഘര്‍ഷം പുകയുന്നതിനിടെ ഒമാന്റെ നീക്കം നയതന്ത്ര തലത്തില്‍ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
സുഡാനിലെ ആശുപത്രി ആക്രമണത്തെ അപലപിച്ച് സൗദി
റിയാദ് : സുഡാൻ വൈറ്റ് നൈൽ സംസ്ഥാനത്തെ അൽ -ജബലൈൻ ആശുപത്രിയെ ലക്ഷ്യമിട്ട് അർധസൈനിക വിഭാഗം നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ. ഇത്തരം ആക്രമണങ്ങൾ ഒരിക്കലും ന്യായീകരിക്കാനാകില്ല. ഇത് അന്താരാഷ്ട്ര നിയമവും മാനവിക നിയമവും ഇസ്‌ലാമിക മൂല്യങ്ങളും ലംഘിക്കുന്നതാണെന്നും സൗദി വിദേശമന്ത്രാലയം പ്രസ്‌താവനയിൽ വ്യക്തമാക്കി. സുഡാനിൽ നടക്കുന്ന ഇത്തരം ലംഘനങ്ങൾ ഉടൻ നിർത്തണം. 2023 മെയ് 11-ന് ഒപ്പുവച്ച ജിദ്ദ പ്രഖ്യാപനം പാലിക്കണമെന്നും സൗദി ആവശ്യപ്പെട്ടു. ആക്രമണത്തിൽ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു.










0 comments