ad
Deshabhimani

സൗദിയിലും യുഎഇയിലും ആക്രമണം

iran flag
വെബ് ഡെസ്ക്

Published on Apr 08, 2026, 04:00 PM | 2 min read

മനാമ/റിയാദ്‌/ദുബായ്‌: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ആറാം വാരത്തിലും ഗള്‍ഫ് മേഖലയില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍. ചൊവ്വ പുലര്‍ച്ചെ സൗദി അറേബ്യയിലെ കിഴക്കന്‍ നഗരമായ ജുബൈലിലെ ഊര്‍ജനിലയങ്ങളെയും ഷാര്‍ജയിലെ ആശയവിനിമയ കേന്ദ്രത്തെയും ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്.


ചൊവ്വ പുലര്‍ച്ചെ കിഴക്കന്‍ പ്രവിശ്യയിലെ തന്ത്രപ്രധാന ഊര്‍ജനിലയങ്ങളെ ലക്ഷ്യമിട്ട് തൊടുത്തുവിട്ട ഏഴ് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി പ്രതിരോധ സേന തകര്‍ത്തു. മിസൈലുകളുടെ അവശിഷ്ടങ്ങള്‍ എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് സമീപമാണ് പതിച്ചത്. വന്‍ സ്‌ഫോടനശബ്ദം കേട്ടതായി വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക നഗരങ്ങളിലൊന്നായ ജുബൈലിലെ സാബിക് പെട്രോകെമിക്കല്‍ പ്ലാന്റുകളെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്ന് എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന്‌ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇറാന്‍ അയച്ച 18 ഡ്രോണും 11 ദീർഘദൂര മിസൈലും തകര്‍ത്തതായി സൗദി പ്രതിരോധ മന്ത്രാലയം വക്താവ് തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു.


ആക്രമണത്തെ തുടര്‍ന്ന് മേഖലയിലെ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കി. സൗദി–-ബഹ്‌റൈന്‍ അതിര്‍ത്തിയിലെ കിങ് ഫഹദ് കോസ്‌വേ പുലര്‍ച്ചെ താല്‍ക്കാലികമായി അടച്ചു. ചൊവ്വ രാവിലെ 9.45 ഓടെ നിയന്ത്രണം നീക്കുകയും കോസ്‌വേയില്‍ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഏക മാര്‍ഗമാണ് 25 കിലോമീറ്റര്‍ വരുന്ന കടല്‍പ്പാലം. ആക്രമണം ആരംഭിച്ചതുമുതല്‍ സ‍ൗദിക്ക് നേരെയെത്തിയ 903 ഡ്രോണും 83 ബാലിസ്റ്റിക് മിസൈലും ഒമ്പത്‌ ക്രൂയിസ് മിസൈലും തകര്‍ത്തതായും അധികൃതർ അറിയിച്ചു.


ഷാര്‍ജ തുറയ ടെലികമ്യൂണിക്കേഷന്‍ കമ്പനിയുടെ ഭരണവിഭാഗം കെട്ടിടത്തിനുനേരെയുണ്ടായ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ രണ്ട് പാകിസ്ഥാന്‍ സ്വദേശികള്‍ക്ക് പരിക്കേറ്റു. ആക്രമണങ്ങളിൽ ഇതുവരെ 221 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു ബാലിസ്റ്റിക് മിസൈലും 11 ഡ്രോണും തകര്‍ത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 28 മുതല്‍ ആരംഭിച്ച സംഘര്‍ഷങ്ങളില്‍ ഇതുവരെ 520 ബാലിസ്റ്റിക് മിസൈലും 26 ക്രൂയിസ് മിസൈലും 2221 ഡ്രോണും യുഎഇ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞു.


ബഹ്‌റൈന്‍ പ്രതിരോധ സേന കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ഡ്രോൺ വെടിവച്ചിട്ടു. സംഘര്‍ഷം ആരംഭിച്ചതുമുതല്‍ ഇതുവരെ 188 മിസൈലും 468 ഡ്രോണും ബഹ്‌റൈന്‍ തകര്‍ത്തു. ഖത്തറിനുനേരെയും ഡ്രോണ്‍, ക്രൂയിസ് മിസൈല്‍ ആക്രമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഖത്തര്‍ സായുധ സേന ഇവ വിജയകരമായി പ്രതിരോധിച്ചു. മേഖലയിലെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി നീങ്ങുകയാണെന്നും നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള വാതിലുകള്‍ അടയുകയാണെന്നും ഖത്തര്‍ വിദേശമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സിവിലിയന്‍ കേന്ദ്രങ്ങളെയും ഊര്‍ജസ്രോതസ്സുകളെയും ലക്ഷ്യംവയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഖത്തര്‍ വ്യക്തമാക്കി.


അമേരിക്കന്‍ കമ്പനികളായ എക്‌സോണ്‍ മൊബീല്‍, സാഡ്ര തുടങ്ങിയവയുടെ ഗള്‍ഫ് മേഖലയിലെ പ്ലാന്റുകളെ ആക്രമിച്ചതായും തങ്ങളുടെ അസലൂയ പെട്രോകെമിക്കല്‍ കേന്ദ്രത്തിനുനേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിനുള്ള പ്രതികാരമാണിതെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു. ഹോര്‍മുസ് കടലിടുക്ക് തടസവും ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകള്‍ക്കുനേരെയുള്ള ആക്രമണവും ആഗോള വിപണിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഇസ്രയേല്‍–അമേരിക്ക സഖ്യവും ഇറാനും തമ്മിലുള്ള നേരിട്ടുള്ള യുദ്ധം ഗള്‍ഫ് രാജ്യങ്ങളെയും ബാധിക്കുന്നത് ലക്ഷക്കണക്കിന് പ്രവാസികളെയും ആശങ്കയിലാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home