താജ്മഹലിന്റെ ചിത്രം പകർത്തി മലയാളി നേടി 23 ലക്ഷം രൂപ സമ്മാനം

ദുബായ്: താജ്‌മഹലിന്റെ ചിത്രം പകർ ത്തിയ മലയാളി ഫോട്ടോഗ്രാഫർക്ക് ഒരുലക്ഷം ദിർഹം (ഏകദേശം 23.5 ലക്ഷം രൂപ) സമ്മാനം. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ടി എ അൻവർ സാദത്താണ് കഴിഞ്ഞ വർഷം അബുദാബിയിൽ നടന്ന സ്പേസസ് ഓഫ് ലൈറ്റ് ഫോട്ടോഗ്രാഫി മത്സരത്തിൽ സമ്മാനം നേടിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ മാറ്റുരച്ച മത്സരത്തിലെ പ്രധാന വിഭാഗമായ മോസ്‌കസ് ആൻഡ് മസ്‌ജിദിലാണ് അൻവറിന്റെ നേട്ടം.
കഴിഞ്ഞ ദിവസം അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മസ്‌ജിദിൽ നടന്ന ചടങ്ങിൽ യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രിയും ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്റർ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ അൻവർ സാദത്ത് ബിൻ മുഹമ്മദ് അൽ ഒവൈസിൽനിന്ന് അൻവർ സാദത്ത് പുരസ്‌കാരം ഏറ്റുവാങ്ങി. ലോകമെമ്പാടുമുള്ള സംസ്കാരങ്ങളിലും സമൂഹങ്ങളിലും ആഴത്തിൽ പ്രതിഫലിക്കാൻ കഴിയുന്ന സാർവത്രിക ഭാഷയാണ് ഫോട്ടോഗ്രഫിയെന്ന സന്ദേശം നൽകിയാണ് മത്സരം നടത്തുന്നത്. സമാധാനം എന്നപ്രമേയത്തിലാണ് പുരസ്കാരത്തിന്റെ എട്ടാം പതിപ്പ് നടന്നത്. നാല് വിഭാഗങ്ങളിലായി ആകെ 8,50,000 ദിർഹം സമ്മാനത്തുക നൽകി. ടെക്സിനിക്കൽ ആൻഡ് ജനറൽ ഫോട്ടോഗ്രഫി, ഡിജിറ്റൽ ആർട്ട്, ലൈഫ് അറ്റ് ദ മോസ്ക് എന്നിവയാണ് മറ്റ് മത്സര വിഭാഗങ്ങൾ. ലൈഫ് അറ്റ് ദ മോസ്കിൽ മൂന്ന് ഉപവിഭാഗത്തിലും സമ്മാനമുണ്ട്. ഒന്നാം സമ്മാനം 70,000 ദിർഹവും രണ്ടാം സമ്മാനം 50,000 ദിർഹവും മൂന്നാം സമ്മാനം 30,000 ദിർഹവുമാണ്.
യുഎഇ, ഈജിപ്ത്, പലസ്തീൻ, സുഡാൻ, സ്ലോവേനിയ, മോൾഡോവ, കെനിയ, ഫിലിപ്പീൻസ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അവസാന റൗണ്ടിലെത്തിയത്. 60 രാജ്യങ്ങളിൽ നിന്നായി 2000 പേരുടെ 3070 ഓളം ചിത്രങ്ങൾ മത്സരത്തിൽ മാറ്റുരച്ചു. ഈജിപ്‌തിലെ വേൽ അൻസിയാണ് രണ്ടാംസ്ഥാനം കരസ്ഥമാക്കിയത്. ലൈഫ് അറ്റ് ദ മോസ്‌ക് വിഭാഗത്തിലെ നരേറ്റീവ് തീമിൽ മലയാളിയായ അരുൺ തരകൻ രണ്ടാം സ്ഥാനത്തെത്തി. വീഡിയോ ഫിലിംസ് വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള സലാവുദ്ദീൻ അയ്യൂബ് മൂന്നാം സ്ഥാനം നേടി.










0 comments