ഒമാനിലെ ആദ്യ ഡി എം ഇ കെ കോർണിയൽ ട്രാൻസ്പ്ലാന്റ് അൽ നഹ്ദ ആശുപത്രിയിൽ

മസ്‌കത്ത്: ഒമാനിലെ ആദ്യത്തെ ഡി എം ഇ കെ (ഡെസിമെറ്റ് മെംബ്രേയ്‌ൻ എൻഡോത്തീലിയൽ കെരാറ്റോപ്ലാസ്റ്റി) കോർണിയൽ ട്രാൻസ്പ്ലാന്റ്നടത്തി അൽ നഹ്ദ ആശുപത്രി. എൻഡോത്തീലിയൽ ഡിസ്ട്രോഫിയും കോർണിയൽ എഡിമയും ഉൾപ്പെടെയുള്ള എൻഡോത്തീലിയൽ കോശ രോഗങ്ങൾ ചികിത്സിക്കാൻ ആഗോളതലത്തിൽ ഉപയോഗിക്കുന്ന ഏറ്റവും പുതിയതും കൃത്യവുമായ കോർണിയൽ ട്രാൻസ്പ്ലാന്റ് സാങ്കേതികവിദ്യയാണിത്. ശസ്ത്രക്രിയയ്ക്ക് ഏകദേശം ഒന്നര മണിക്കൂർ വേണ്ടിവന്നുവെന്നും പൂർണ്ണമായ കോർണിയൽ ട്രാൻസ്പ്ലാന്റ് ഇല്ലാതെ തന്നെ, കോർണിയയുടെ ആന്തരിക പാളി മാത്രം മാറ്റിസ്ഥാപിക്കുന്നതാണ് ഈ ശസ്ത്രക്രിയയെന്നും അൽ നഹ്ദ ആശുപത്രിയിലെ തിമിര ശസ്ത്രക്രിയ സീനിയർ കൺസൾട്ടന്റ് ഡോ. ഹൈതം ബിൻ ഹിലാൽ അൽ മഹ്‌റൂഖി പറഞ്ഞു.
ദാതാവിൽ നിന്നുള്ള സമാനമായ ടിഷ്യു ഉപയോഗിച്ചാണ് ഇതിനെ പകരം വയ്ക്കുന്നതെന്നും രോഗിക്ക് വേഗത്തിലും കാര്യക്ഷമമായും കാഴ്ച തിരിച്ചുവരാനുള്ള അവസരം ഈ രീതി പ്രദാനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ രീതിയിലുള്ള ശസ്ത്രക്രിയയുടെ വിജയശതമാനം വളരെക്കൂടുതലാണെന്നും രോഗികൾക്ക് ഏതാനും ആഴ്ചകൾക്കുള്ളിൽ ദൈനംദിന പ്രവർത്തനങ്ങളിലേക്ക് മടങ്ങാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2023 സെപ്റ്റംബറിൽ കോർണിയൽ ട്രാൻസ്പ്ലാന്റ് പ്രോഗ്രാം ആരംഭിച്ചതിനുശേഷം, നാഷണൽ ഓർഗൻ ട്രാൻസ്പ്ലാന്റ് പ്രോഗ്രാമുമായി സഹകരിച്ച് 180-ലധികം കോർണിയൽ ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയകൾ ആശുപത്രിയിൽ നടത്തിയിട്ടുണ്ടെന്ന് മഹ്‌റൂഖി ചൂണ്ടിക്കാട്ടി.









0 comments