ബോൾട്ട് ആപ്പുമായി സഹകരണം: 700 വിമാനത്താവള ടാക്സി കൂടി അവതരിപ്പിക്കാൻ ഡിടിസി

ദുബായ് : ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം, അൽ മക്തൂം അന്താരാഷ്‌ട്ര വിമാനത്താവളം എന്നിവിടങ്ങളിലെ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ ഗതാഗത സേവനം ഉറപ്പാക്കാൻ ദുബായ് ടാക്സി കമ്പനി (ഡിടിസി). ആഗോള പ്ലാറ്റ്ഫോം ആയ ബോൾട്ടുമായി സഹകരിച്ചാണ് പുതിയ പദ്ധതി. 700 വിമാനത്താവള ടാക്സികൾകൂടി യാത്രക്കാർക്കായി അവതരിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ദുബായുടെ സ്‌മാർട്ട് സിറ്റി ആശയത്തെയും ആർടിഎയുടെ 80 ശതമാനം ടാക്സി യാത്രകൾ ഓൺലൈൻ ബുക്കിങ്ങിലേയ്ക്ക് മാറ്റാനുള്ള ലക്ഷ്യത്തെയും സംരംഭം സഹായിക്കും.
യാത്രക്കാർക്ക് ബോൾട്ട് ആപ് വഴി ടാക്സി മുൻകൂർ ബുക്ക് ചെയ്തും നിരക്ക് മുൻകൂർ അറിഞ്ഞും പ്രത്യേക ഡിടിസി വാഹനങ്ങൾ ഉപയോഗിക്കാൻ സാധിക്കുമെന്ന് ദുബായ് ടാക്സി കമ്പനി സിഇഒ മൻസൂർ റഹ്മ അൽ ഫലാസി പറഞ്ഞു. ഈ പദ്ധതി ഡിജിറ്റൽ ഗതാഗത സേവനങ്ങളുടെ വികസനത്തിലേയ്ക്കുള്ള വലിയ മുന്നേറ്റമാണ്. ഇത് ദുബായുടെ ഗതാഗത സംവിധാനത്തെ കൂടുതൽ സുഗമവും ഫലപ്രദവുമാക്കുമെന്ന് ബോൾട്ട് വൈസ് പ്രസിഡന്റ് ജെ ജെ കിസ്റ്റമാക്കർ പറഞ്ഞു. യാത്രക്കാർക്ക് ഐഒഎസ്, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ ബോൾട്ട് ആപ് ഉപയോഗിച്ച് വിമാനത്താവള യാത്രകൾ എളുപ്പത്തിൽ ബുക്ക് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.










0 comments