എയർ ഇന്ത്യ അവഗണന തുടരുന്നു, സലാലയിലെ യാത്രക്കാർക്ക് ദുരിതം

കെ എ റഹീം
Published on Mar 09, 2026, 12:42 PM | 1 min read
സലാല: സലാല അന്താരാഷ്ട്ര വിമാനത്താവളത്തോടുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ തുടർച്ചയായ അവഗണന ദോഫാർ മേഖലയിലെ ആയിരക്കണക്കിന് പ്രവാസി മലയാളികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. മസ്‌കറ്റ് ഉൾപ്പെടെയുള്ള മറ്റ് സെക്ടറുകളിലേക്ക് കൂടുതൽ വിമാന സർവീസുകളും സൗകര്യങ്ങളും ഏർപ്പെടുത്തുമ്പോൾ സലാലയെ മനഃപൂർവം തഴയുകയാണ് എയർലൈൻ അധികൃതർ.
കേരളത്തിലെ പ്രമുഖ നഗരങ്ങളായ കോഴിക്കോട്, കൊച്ചി, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകൾ കുറവായതിനാൽ പ്രവാസികൾക്ക് നാട്ടിലേക്കുള്ള യാത്ര വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ലഭ്യമായ പരിമിതമായ സർവീസുകളിൽ പോലും സാധാരണക്കാർക്ക് താങ്ങാനാവാത്ത വിധം ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് പ്രവാസികളുടെ കുടുംബ ബജറ്റുകളെ തകിടം മറിക്കുന്നു.
സ്കൂൾ അവധിക്കാലത്തും ആഘോഷവേളകളിലും നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവഗണന വലിയ തിരിച്ചടിയാണ് നൽകുന്നത്.
മാർച്ചിൽ ഏയർ ഇന്ത്യ എക്സ്പ്രസ് സലാലയിൽനിന്ന് നേരിട്ടുള്ള വിമാനങ്ങൾ ആരംഭിക്കുമെന്ന വാഗ്‌ദാനം ഇതുവരെ പാലിച്ചില്ല. തുടങ്ങിയിട്ടില്ല, അതിനാൽ പലരും റോഡ് മാർഗം ആയിരകണക്കിന് കിലോമീറ്റർ സഞ്ചരിച്ച് മസ്‌കറ്റിലെത്തി അവിടെനിന്നാണ് നാട്ടിലേക്ക് തിരിക്കുന്നത്. ഇത് യാത്രക്കാരുടെ സമയവും പണവും വലിയ തോതിൽ നഷ്ടപ്പെടുത്തുന്നു.
സലാലയിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടും പുതിയ സർവീസുകൾ ആരംഭിക്കാനോ നിലവിലുള്ളവ സ്ഥിരപ്പെടുത്താനോ അധികൃതർ തയ്യാറാകാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ-വ്യോമയാന മന്ത്രാലയങ്ങൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും പ്രവാസികളുടെ യാത്രാക്ലേശം പരിഹരിക്കാൻ സലാലയിൽ നിന്ന് കൂടുതൽ സർവീസുകൾ അനുവദിക്കണമെന്നുമാണ് വിവിധ പ്രവാസി സംഘടനകളുടെയും യാത്രക്കാരുടെയും ആവശ്യം.










0 comments