തിരോധാനത്തിന് ശേഷം ആദ്യ പ്രതികരണവുമായി സുബൈദി; ദക്ഷിണ യമനായി പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം

ഐദറൂസ് അല്‍ സുബൈദി
അനസ് യാസിന്‍
Published on Jan 17, 2026, 09:20 PM | 2 min read
മനാമ: നാടകീയമായ സൈനിക നീക്കങ്ങള്‍ക്കൊടുവില്‍ അപ്രത്യക്ഷനായ ദക്ഷിണ യമനിലെ സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ (എസ്ടിസി) നേതാവ് ഐദറൂസ് അല്‍ സുബൈദി ആദ്യമായി പരസ്യ പ്രതികരണവുമായി രംഗത്തെത്തി. തങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്ന ഒരു ഉടമ്പടിക്കും തയ്യാറല്ലെന്നും സ്വതന്ത്ര ദക്ഷിണ യമന്‍ എന്ന ലക്ഷ്യത്തിനായി പോരാട്ടം തുടരുമെന്നും സുബൈദി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. തങ്ങളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രദേശങ്ങള്‍ സൗദി സഖ്യസേന തിരിച്ചുപിടിച്ചതിനും തന്റെ തിരോധാനത്തിനും ശേഷം ഇതാദ്യമായാണ് സുബൈദി അനുയായികളെ അഭിസംബോധന ചെയ്യുന്നത്.
വിഘടനവാദി നേതാവായ സുബൈദി അബുദാബിയിലേക്ക് ഒളിവില്‍ പോയതായി സൗദി സഖ്യസേന ആരോപിക്കുമ്പോഴും അദ്ദേഹം യമനില്‍ തന്നെയുണ്ടെന്നാണ് എസ്ടിസി അനുകൂലികളുടെ വാദം. സുബൈദിക്ക് പിന്തുണ പ്രഖ്യാപിച്ച് വെള്ളിയാഴ്ച ഏദനില്‍ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധ പ്രകടനം നടത്തി. ഡിസംബറില്‍ സുബൈദിയുടെ നേതൃത്വത്തിലുള്ള എസ്ടിസി സൈന്യം ദക്ഷിണ യമനിലെ തന്ത്രപ്രധാനമായ രണ്ട് പ്രവിശ്യകള്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ സൗദിയുടെ വ്യോമാക്രമണത്തെയും കരസേനയുടെ മുന്നേറ്റത്തെയും തുടര്‍ന്ന് ഈ നീക്കം പരാജയപ്പെടുകയായിരുന്നു. ജനുവരി ആദ്യവാരം റിയാദില്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ചകള്‍ക്കായി പോകേണ്ടിയിരുന്ന വിമാനത്തില്‍ കയറാതെ സുബൈദി അപ്രത്യക്ഷനാകുകയായിരുന്നു.
തങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതോ നിലവിലെ യാഥാര്‍ത്ഥ്യങ്ങളെ അടിച്ചേല്‍പ്പിക്കുന്നതോ ആയ ഒരു പരിഹാരവും അംഗീകരിക്കില്ലെന്ന് അനുയായികള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി. 1967 മുതല്‍ 1990 വരെ നിലനിന്നിരുന്ന സ്വതന്ത്ര ദക്ഷിണ യമന്‍ പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനവും അദ്ദേഹം ആവര്‍ത്തിച്ചു.
അതേസമയം, വിഘടനവാദി ഗ്രൂപ്പിനെ അടിച്ചമര്‍ത്തിയതിന് പിന്നാലെ യമന്‍ ഭരണകൂടത്തില്‍ (പിഎല്‍സി) സൗദി നിര്‍ണ്ണായക അഴിച്ചുപണികള്‍ നടത്തി. പ്രധാനമന്ത്രി സേലം ബിന്‍ ബ്രൈക്കിന്റെ രാജിയെത്തുടര്‍ന്ന് വിദേശകാര്യ മന്ത്രി ഷായ മോഹ്സിന്‍ അല്‍ സിന്ദാനിയെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. ഇതിനുപുറമെ, എസ്ടിസി നേതാക്കളായ ഐദറൂസ് അല്‍ സുബൈദിയെയും ഫറജ് സല്‍മീന്‍ അല്‍ ബഹ്സാനിയെയും പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സിലില്‍ നിന്ന് പുറത്താക്കി. ഇവര്‍ക്ക് പകരം സൗദി അനുകൂലികളായ ലെഫ്റ്റനന്റ് ജനറല്‍ മഹ്‌മൂദ് അല്‍ സുബൈഹി, സലിം അല്‍ ഖാന്‍ബാഷി എന്നിവരെ നിയമിച്ചതോടെ ഭരണകൂടത്തിന് മേല്‍ സൗദി പൂര്‍ണ്ണ നിയന്ത്രണം ഉറപ്പാക്കി.
അതിനിടെ, ദക്ഷിണ യമനിലെ സൈനിക വിഭാഗങ്ങളെ ഏകോപിപ്പിക്കാനായി സുപ്രീം മിലിട്ടറി കമ്മിറ്റി (എസ്എംസി) രൂപീകരിച്ചു. ചിതറിക്കിടക്കുന്ന വിവിധ സായുധ ഗ്രൂപ്പുകളെ ഔദ്യോഗിക സൈന്യത്തിന്റെ കീഴില്‍ കൊണ്ടുവരികയാണ് ഇതിന്റെ ലക്ഷ്യം. ആഭ്യന്തര ഭീഷണികള്‍ ഒഴിഞ്ഞതോടെ, വടക്കന്‍ മേഖല കൈയടക്കി വെച്ചിരിക്കുന്ന ഹൂതി വിമതരെ നേരിടാന്‍ സൈന്യം ഒരുങ്ങുന്നതായാണ് സൂചന. നിലവില്‍ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ വടക്കന്‍ യമനില്‍ ശക്തമായി തുടരുകയാണ്. ഗാസയിലെ പലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാല്‍ ദക്ഷിണ യമനിലെ പുതിയ സൈനിക ഐക്യം തങ്ങളെ ബാധിക്കില്ലെന്നും ഇത് സൗദിയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമുള്ള നീക്കമാണെന്നുമാണ് ഹൂതികളുടെ നിലപാട്.










0 comments