ജഡ്‌ജിയെന്ന വ്യാജേന ഭീഷണിപ്പെടുത്തി 31.5 ലക്ഷം ദിർഹം തട്ടൽ; ആഫ്രിക്കൻ പൗരന് അഞ്ചുവർഷം തടവുശിക്ഷ

ദുബായ് : ജഡ്‌ജിയെന്ന വ്യാജേന വാട്‌സാപ് വഴി ഭീഷണിപ്പെടുത്തി 31.5 ലക്ഷം ദിർഹം തട്ടിയെടുത്ത കേസിൽ ആഫ്രിക്കൻ പൗരന് അഞ്ചുവർഷം തടവുശിക്ഷ. ശിക്ഷാകാലാവധി പൂർത്തിയാക്കിയശേഷം പ്രതിയെ നാടുകടത്താനും ദുബായ് ക്രിമിനൽ കോടതി ഉത്തരവിട്ടു. ജയിൽ ശിക്ഷയ്ക്കുപുറമെ, തട്ടിയെടുത്ത 31,54,731 ദിർഹം തിരികെ നൽകാനും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇലക്‌ട്രോണിക് ഉപകരണം പിടിച്ചെടുക്കാനും അതുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റൽ വിവരങ്ങളും മായ്ച്ചുകളയാനും കോടതി നിർദേശിച്ചു.
കോടതി രേഖകൾ പ്രകാരം, വിവാഹ നിർദേശങ്ങൾ പ്രസിദ്ധീകരിക്കുന്ന സമൂഹമാധ്യമ പ്ലാറ്റ്‌ഫോം വഴിയാണ് പ്രതി ഇരയുമായി ബന്ധപ്പെടുന്നത്. വ്യാജനാമവും തെറ്റായ വ്യക്തിവിവരങ്ങളും ഉപയോഗിച്ച ഇയാൾ, താൻ യുഎഇ പൗരനും ഓഫ്‌ഷോർ മേഖലയിൽ ജോലി ചെയ്യുന്നയാളുമാണെന്ന് അവകാശപ്പെട്ടു. വിവാഹവാഗ്‌ദാനം നൽകി വിശ്വാസം നേടിയ ശേഷമാണ് തട്ടിപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നത്.
തുടർന്ന് വാട്‌സാപ്പിലൂടെ ആശയവിനിമയം നടത്തിയ പ്രതി, ജഡ്ജിയാണെന്ന് അവകാശപ്പെട്ടു. പണം കൈമാറിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും നിയമനടപടികൾ നേരിടേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തിയ സന്ദേശങ്ങളാണ് അയച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഭീഷണിയിൽപ്പെട്ട സ്ത്രീ പ്രതി നിർദേശിച്ച ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറുകയായിരുന്നു. ഇത്തരത്തിൽ വിവിധ ഘട്ടങ്ങളിലായി വൻതുക കൈമാറി. വാട്‌സാപ്പ് സന്ദേശങ്ങൾ, ബാങ്ക് ട്രാൻസ്ഫർ രേഖകൾ എന്നിവ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പ്രതി തുടർച്ചയായി ഇതേ തട്ടിപ്പ് രീതി ഉപയോഗിച്ചതായി തെളിയിക്കുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
സർക്കാർ ഉദ്യോഗസ്ഥനായി നടിക്കൽ, ഭീഷണിപ്പെടുത്തൽ, ഓൺലൈൻ തട്ടിപ്പ് എന്നീ കുറ്റങ്ങൾ ഒരേ ലക്ഷ്യത്തോടെ നടത്തിയതാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇത് അംഗീകരിച്ച കോടതി, യുഎഇ നിയമപ്രകാരം ഏറ്റവും ഗുരുതരമായ കുറ്റം പരിഗണിച്ചാണ് ശിക്ഷ വിധിച്ചത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്ത് തട്ടിപ്പും ഉദ്യോഗസ്ഥരായി നടിക്കലും നടത്തുന്നവർ കടുത്തശിക്ഷ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പാണ് വിധിയെന്ന് അധികൃതർ പറഞ്ഞു. മെസേജിങ് ആപ്പുകളിലൂടെ വരുന്ന ഭീഷണികൾക്ക് വഴങ്ങരുത്. ഔദ്യോഗിക അധികാരം അവകാശപ്പെടുന്നവരുടെ തിരിച്ചറിയൽ നിർബന്ധമായും സ്ഥിരീകരിക്കണമെന്നും അധികൃതർ ആഹ്വാനം ചെയ്തു.











0 comments