ജുബൈലിൽ നിന്ന് കാണാതായ ഉത്തർപ്രദേശ് സ്വദേശി നവോദയയുടെ ഇടപെടലിൽ നാടണഞ്ഞു

ജുബൈൽ: കഴിഞ്ഞ ഏപ്രിൽ 15 മുതൽ ജുബൈലിൽ നിന്നും കാണാതായ ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് സൈഫ് ഇബ്രാഹിം (30) നവോദയ സാംസ്കാരിക വേദിയുടെ ഇടപെടലിലൂടെ സുരക്ഷിതമായി നാട്ടിലെത്തി. സൈഫിനെ കാണാതായ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞ നവോദയ സാമൂഹിക ക്ഷേമ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് സൈഫിനെ കണ്ടെത്തിയത്. ജുബൈൽ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ, മാനസിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ച യുവാവിനെ പോലീസ് ദമ്മാം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായി വിവരം ലഭിക്കുകയായിരുന്നു.
തുടർന്ന് നവോദയ റീജിയണൽ ജീവകാരുണ്യ വിഭാഗം ചെയർമാൻ ഷാജിദ്ദീൻ നിലമേൽ വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയും ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് സൈഫിന് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്തു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ശേഷം യുവാവിനെ ജുബൈലിലുള്ള സഹോദരന്റെ അടുത്ത് എത്തിച്ചു. നാട്ടിലേക്ക് മടങ്ങുന്നതിനാവശ്യമായ രേഖകൾ വേഗത്തിൽ ശരിയാക്കിയതിനെ തുടർന്ന് ഏപ്രിൽ 21-ന് രാത്രി 11.30-നുള്ള ഫ്ലൈനാസ് വിമാനത്തിൽ മുഹമ്മദ് സൈഫിനെ ഡൽഹിയിലേക്ക് അയച്ചു.
നവോദയ കുടുംബവേദി സെക്രട്ടറി ബൈജു വിവേകാനന്ദനാണ് സൈഫ് ഇബ്രാഹിമിന്റെ അവസ്ഥ ഷാജിദ്ദീൻ നിലമേലിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. സൈഫിന്റെ സുരക്ഷിതമായ മടക്കയാത്ര ഉറപ്പാക്കിയ നവോദയയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നാട്ടിലുള്ള അദ്ദേഹത്തിന്റെ ബന്ധുക്കൾ നന്ദി അറിയിച്ചു.










0 comments