ad
Deshabhimani

പാർക്കിങ്‌ കേന്ദ്രത്തിൽ 44.5 ലക്ഷം ദിർഹം കവർച്ച: 2 പേർ വിചാരണ നേരിടും

Dubai
വെബ് ഡെസ്ക്

Published on Jan 18, 2026, 01:30 PM | 2 min read

ദുബായ്: ദുബായിലെ പാർക്കിങ്‌ കെട്ടിടത്തിൽ നടന്ന 44.5 ലക്ഷം ദിർഹത്തിന്റെ കവർച്ചാക്കേസിൽ രണ്ടുപേർ വിചാരണ നേരിടണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ. ബനിയാസ്– അൽ റിഗ മേഖലയിലെ പാർക്കിങ്‌ കെട്ടിടത്തിൽ നടന്ന സംഭവത്തിലാണ്‌ നടപടി. കവർന്ന മുഴുവൻ തുകയും പൊലീസ് നേരത്തേ വീണ്ടെടുത്തിരുന്നു.


പരിചയക്കാരന്റെ നിർദേശത്തെ തുടർന്ന്‌ വാണിജ്യ സ്വർണ ഇടപാടുമായി ബന്ധപ്പെട്ട് ഒരു ഓഫീസിൽനിന്ന് 42.5 ലക്ഷം ദിർഹം ശേഖരിച്ചശേഷമാണ്‌ ഇര ഇവിടെയെത്തിയത്‌. ടവർ കെട്ടിടത്തിലെ ഓഫീസിലെത്തി പണം കൈപ്പറ്റി. തുടർന്ന് രണ്ടു ലക്ഷം ദിർഹംകൂടി ചേർത്ത് മൊത്തം 44.5 ലക്ഷം ദിർഹവുമായി അൽ റിഗയിലെ പാർക്കിങ്‌ കേന്ദ്രത്തിലേക്ക് പോയി. വാഹനത്തിൽ തുക സൂക്ഷിച്ചശേഷം പാർക്കിങ്ങിൽ നിർത്തിയിരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്‌. വാഹനത്തിൽ അപ്രതീക്ഷിതമായി കയറിയ മൂന്നു പേർ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ഒരാൾ ഡ്രൈവർ സീറ്റിന് സമീപവും മറ്റ് രണ്ടുപേർ പിന്നിലെ സീറ്റിലും കയറി. കുറച്ചുസമയത്തിനുള്ളിൽ ഇരയെ വാഹനത്തിൽനിന്ന് ഇറങ്ങാൻ അനുവദിക്കാതെ പണമടങ്ങിയ ബാഗ്‌ കൈക്കലാക്കി കടന്നുകളയുകയായിരുന്നു.
വാഹനത്തിൽ നിന്ന് രക്ഷാപ്പെട്ട ഉടൻ ഇര കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരെ വിവരമറിയിച്ചു. അവർ പൊലീസിനെ വിളിക്കുകയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകൾ ശേഖരിക്കുകയും ചെയ്തു.


പണം വാഹനത്തിൽ വച്ചതിന്‌ പിന്നാലെയായിരുന്നു ആക്രമണമെന്ന്‌ ഇര പൊലീസിനോട് വ്യക്തമാക്കി. സിസിടിവി പരിശോധനയിൽ സംഭവത്തിൽ ഉപയോഗിച്ചതെന്ന് കരുതുന്ന ദുബായ് രജിസ്ട്രേഷനുള്ള വെളുത്ത ലക്‌സസ് കാർ പൊലീസ് തിരിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരാളെ അറസ്റ്റു ചെയ്തു. തുടർന്നുള്ള അന്വേഷണത്തിൽ അടുത്ത എമിറേറ്റിൽ താമസിക്കുന്ന രണ്ടാമത്തെ പ്രതിയെയും തിരിച്ചറിഞ്ഞു.


നിയമാനുമതി നേടിയശേഷം നടത്തിയ പരിശോധനയിൽ, ഇയാളുടെ വീട്ടിലെ ഫാൾസ് സീലിങ്ങിനുള്ളിൽ ഒളിപ്പിച്ചിരുന്ന മുഴുവൻ 44.5 ലക്ഷം ദിർഹവും കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ, ഇരയുടെ നീക്കങ്ങൾ മുൻകൂട്ടി നിരീക്ഷിച്ചാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് ഇരുവരും സമ്മതിച്ചു. പണം തുല്യമായി പങ്കിടാനായിരുന്നു പദ്ധതി. എന്നാൽ, അതിനുമുമ്പ്‌ അറസ്റ്റ് നടന്നു. കവർച്ച, തടഞ്ഞുവയ്ക്കൽ, വ്യാജവേഷധാരണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പ്രതികളെ യോഗ്യമായ കോടതിയിൽ ഹാജരാക്കിയതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ നിയമപ്രകാരം കർശനമായി കൈകാര്യം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. വൻതുക കൈകാര്യം ചെയ്യുമ്പോൾ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണം. ഇത്തരം സംഭവങ്ങൾ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home